തിരുവനന്തപുരം: കേരളം ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നു. ദൽഹി മെട്രോ കോർപ്പറേഷൻ എന്ന ഡിഎംആർസി തയാറാക്കിയ റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.
ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. ജി.ഒ (ആർടി)നമ്പർ 198-2026-ട്രാൻസ് എന്ന നമ്പരിൽ ഇന്നലെയാണ് ഉത്തരവ് ഇറങ്ങിയത്.
വിദഗ്‌ദ്ധ സമിതിയിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് (റെയിൽവേസ്) സെക്രട്ടറി കൺവീനറാകും. റെയിൽവേ വിദഗ്‌ദ്ധൻ ജെ. വിനയൻ അംഗമാണ്. സി. വീരമണിയാണ് സാമ്പത്തിക കാര്യപഠനത്തിനുള്ള വിദഗ്‌ദ്ധാംഗം. പരിസ്ഥിതി പഠനത്തിന് ശ്രീധർ രാധാകൃഷ്ണനാണ് സമിതിയിൽ. പുറമേ, മുഖ്യമന്ത്രിയുടെ ഒഎസ്ഡി എൻ.എസ്.കെ. ഉമേഷ് ട്രാൻസ്‌പോർട്ട് സെക്രട്ടറിയെ സഹായിക്കാനുണ്ടാകും.
















