
ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം വിറ്റെന്ന ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു.
ഭാരതത്തിന്റെ സ്വര്‍ണശേഖരം സുരക്ഷിതമാണെന്നും മുന്‍ മാസത്തേക്കാള്‍ കരുതല്‍ ശേഖരം വര്‍ദ്ധിക്കുകയാണ് ഉണ്ടായതെന്നും പിഐബി വ്യക്തമാക്കി. ആര്‍ബിഐ സ്വര്‍ണം വിറ്റുവെന്ന പ്രചാരണം തെറ്റാണ്. ആര്‍ബിഐയുടെ കണക്കനുസരിച്ച്, ഭാരതത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ വിഹിതം 2026 മെയ് 22 വരെ 16.85 ശതമാനമായി ഉയര്‍ന്നു. 2025 സപ്തംബര്‍ അവസാനം 13.92 ശതമാനമായിരുന്നു ഇത്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പൂര്‍ണമായും തള്ളി. 880.52 ടണ്‍ സ്വര്‍ണത്തിന്റെ ശേഖരം ഇപ്പോഴും റിസര്‍വ് ബാങ്കിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കാന്‍ ആര്‍ബിഐ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2026 മാര്‍ച്ച് 27ന് 880.34 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഭാരതത്തിന് ഉണ്ടായിരുന്നത്. 2026 ജൂണ്‍ 3ന് ഇത് 880.57 മെട്രിക് ടണ്ണായി ഉയര്‍ന്നിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.
മെയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്‌ക്കിടെ ആര്‍ബിഐ ഏകദേശം 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണ ശേഖരം വിറ്റഴിച്ചെന്നാണ് ബ്ലൂംബെര്‍ഗ് അവകാശപ്പെട്ടിരുന്നത്. രൂപയെ ശക്തിപ്പെടുത്താനായാണ് സ്വര്‍ണം വിറ്റതെന്നും ഇത് ഏഷ്യന്‍ കറന്‍സികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ രൂപയെ സഹായിച്ചു എന്നുമാണ് ബ്ലൂംബെര്‍ഗ് പടച്ചുവിട്ടത്.