ചില സംഭവങ്ങള്‍ നമ്മെ ഞെട്ടിക്കുന്നത് അവയുടെ ഭീകരത കൊണ്ടു മാത്രമല്ല; നമ്മെക്കുറിച്ച്തന്നെ ചില അസുഖകരമായ ചോദ്യങ്ങളുന്നയിക്കാന്‍ അവ പ്രേരകമാകുന്നുവെന്നതിനാലാണ്. കഴിഞ്ഞയാഴ്ചയില്‍, കൃത്യമായി പറഞ്ഞാല്‍, 2026 മെയ് 26 നാണ് അര്‍ഷദ് എന്ന ഒന്നരവയസ്സുള്ള കുഞ്ഞ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്ന കുഞ്ഞ് പെട്ടെന്നുണര്‍ന്ന് ഛര്‍ദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്‌തെന്നായിരുന്നു അവന്റെ അമ്മയോടൊപ്പം ജീവിക്കുന്ന അഷ്‌കര്‍ പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാകട്ടെ ദേഹോപദ്രവത്തിന്റെ ഫലമായി ഏതാണ്ട് 91 മുറിവുകളാണ് ആ കുഞ്ഞു ശരീരത്തിലുണ്ടായിരുന്നതെന്നും ആന്തരിക രക്തസ്രാവം രൂക്ഷമായിരുന്നുവെന്നുമാണ്.
അഷ്‌കറിന്റെ മുന്‍കാലചെയ്തികളില്‍ നിന്ന് വ്യക്തമാവുന്നത്, നിഷ്ഠൂരമായി ആരേയും ഉപദ്രവിക്കാന്‍ മടിയില്ലാത്ത ഒരുവനാണ് അയാളെന്നാണ്. കുട്ടിയുടെ അമ്മയും രണ്ടാം പ്രതിയുമായ അഖിലയ്‌ക്ക് കൃത്യമായി അറിയാമായിരുന്നു കുഞ്ഞിന് ഏല്‍ക്കേണ്ടി വന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് എന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
കുടുംബ ബന്ധങ്ങളുടെ പവിത്രത, മാനവികമൂല്യങ്ങള്‍, ദയ, സഹാനുഭൂതി, മാനവികത തുടങ്ങിയവയെക്കുറിച്ചൊക്കെ അഭിമാനം കൊള്ളുന്ന പരിഷ്‌കൃത സമൂഹത്തിലാണ് ഇത്തരത്തിലൊരു സംഭവം. തീര്‍ച്ചയായും നാം ഭയപ്പെടേണ്ടതുണ്ട്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകയാണോ? നാമാര്‍ജ്ജിച്ചുവെന്ന് ഊറ്റം കൊള്ളുന്ന സംസ്‌കാരവും ധാര്‍മികതയുമൊക്കെ സാങ്കല്‍പികം മാത്രമാണോ? കേവലം പതിനെട്ടു മാസമായ ഒരു കുഞ്ഞിനു നേര്‍ക്കു നടന്ന ഈ പൈശാചികത മുഴുവന്‍ മലയാളികളുടെയും സ്വാസ്ഥ്യം കെടുത്തുന്നു.
‘നാസ്തി മാതൃസമം ത്രാണം’ എന്നാണ് ഭാരതീയ ദാര്‍ശനം. അമ്മയ്‌ക്ക് തുല്യമായി സംരക്ഷണം നല്‍കാന്‍ മറ്റാരുമില്ലെന്ന് അര്‍ത്ഥം! ഇവിടെ സ്വന്തം കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ഒരുവനൊപ്പമാണ്, കുഞ്ഞിന്റെ അമ്മയുടെ സഹവാസം. പിതാവ് മരണപ്പെട്ടതിനാല്‍ താനാണ് അവന്റെ രക്ഷകര്‍ത്തൃത്വം നിര്‍വ്വഹിക്കേണ്ടതെന്ന തോന്നല്‍ അവര്‍ക്കുണ്ടായില്ല. പേടി, കുറ്റവാസനയുള്ള പങ്കാളിയെ പിണക്കാന്‍ പാടില്ലെന്ന മുന്‍കരുതല്‍, അയാളോടുള്ള ആസക്തി തുടങ്ങി കാരണങ്ങളെന്തായാലും, മാതൃത്വത്തിനും മനുഷ്യത്വത്തിനും അപമാനകരമായ നിലപാടാണ് അവരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
ഓരോ കുഞ്ഞും ഭൂമിയിലേക്കെത്തുന്നത് നിസ്സഹായനായാണ്. സംരക്ഷണത്തിനും പോഷണത്തിനും പരിപാലനത്തിനുമെല്ലാം മുതിര്‍ന്നവരെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥയാണ് മനുഷ്യശിശുക്കളുടേത്. (അതേസമയം, പിറന്നുവീണ് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഇതര സസ്തനി വര്‍ഗങ്ങളിലെ ശിശുക്കള്‍ നിലനില്‍പ്പിന്നാധാരമായ അടിസ്ഥാനധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാകുന്നത് കാണാം). ഇത്തരത്തിലുള്ള സമ്പൂര്‍ണ്ണ പരാശ്രയത്വം മനുഷ്യശിശുക്കളെ കൂടുതല്‍ നിസ്സഹായരാക്കുമ്പോള്‍ത്തന്നെ, ഗാഢമായ സാമൂഹ്യബന്ധങ്ങളും സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകളും മനസ്സിലാക്കാനും സഹായിക്കുന്നുണ്ട്. തന്നോടൊപ്പമുള്ളവരെ വിശ്വസിക്കാമെന്നും, സുരക്ഷിതമായൊരിടമാണ് തന്റെ വീടെന്നും കുട്ടി തിരിച്ചറിയുന്നത് ശൈശവാനുഭവങ്ങളിലൂടെയാണ്. ആ വിശ്വാസം തകര്‍ക്കപ്പെടുമ്പോള്‍, യഥാര്‍ത്ഥത്തില്‍ തകരുന്നത് സമൂഹത്തിന്റെ ധാര്‍മ്മികാടിത്തറയാണ്. അഷ്‌കര്‍- അഖിലമാര്‍ ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്നു പരിശോധിയ്‌ക്കുകയും, ഇത്തരം ആസുരിക മനസുള്ളവര്‍ക്ക് ചികിത്സയോ താക്കീതോ നിയന്ത്രണമോ വഴി തടയിടുകയും ചെയ്യേണ്ടതിന്റെ അടിയന്തരസ്വഭാവം ഇവിടെ വ്യക്തമാണ്.
നവാഗതശിശുക്കളെ മാതാപിതാക്കളുടെ മാത്രം സ്വകാര്യസ്വത്തായി കരുതരുത്. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, ആശാപ്രവര്‍ത്തകര്‍, സമൂഹം, പൊതുപ്രവര്‍ത്തകര്‍, ശിശുക്ഷേമ സംവിധാനങ്ങള്‍, നിയമപാലകര്‍ തുടങ്ങി വിപുലമായ ഒരു സംരക്ഷണവലയമാണ് ഓരോ കുട്ടിയ്‌ക്കും ചുറ്റുമുണ്ടാകേണ്ടത്.
എന്തുകൊണ്ടാണ് ഈ സംഭവത്തില്‍ കൊടുംക്രിമിനലായ ഒന്നാംപ്രതിയുടെ ചെയ്തികളെക്കുറിച്ച് മനസ്സിലാക്കാനോ കുഞ്ഞിനെ രക്ഷിക്കാനോ മേല്പറഞ്ഞ സംവിധാനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ കഴിയാതെ പോയത്? പ്രതിയുടെ മുന്‍കാലചരിത്രം, കുട്ടിയുടെ ശാരീരികസ്ഥിതി തുടങ്ങിയവയൊന്നും എന്തേ ശ്രദ്ധിക്കപ്പെട്ടില്ല? നിശ്ശബ്ദമായി കണ്ടു നില്‍ക്കുകയെന്ന ഭീകരവ്യാധി നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുണ്ടോ? സഹജീവികളോടുള്ള ക്രൂരതയ്‌ക്കു മുന്‍പില്‍ മൗനം പാലിക്കുന്നതിനെക്കാള്‍ അപകടകരമായ പ്രവണത മറ്റൊന്നില്ല. അഷ്‌കര്‍ വികല മാനസികനിലയുള്ളവനായിരിക്കാം. മയക്കുമരുന്നുപയോഗിക്കുന്നവനാകാം. ശാരീരിക-മാനസിക പീഡനമേല്‍പ്പിച്ചു മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ രസിക്കുന്നവനുമാകാം. പക്ഷേ അത്തരത്തിലൊരു കൊടുംകുറ്റവാളിയെ തിരിച്ചറിയാന്‍ നമ്മുടെ സമൂഹത്തിനു കഴിയാതെ പോയതെന്തുകൊണ്ടാണ്? അല്ലെങ്കില്‍, തിരിച്ചറിഞ്ഞിട്ടും ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നോ ഉത്തരവാദിത്തപ്പെട്ടവര്‍?
കഴിഞ്ഞ ദിവസമാണ്, അവിവാഹിതയായ പത്തൊന്‍പതുകാരി നവജാതശിശുവിനെ ജനാലയിലൂടെ പുറത്തേയ്‌ക്ക് വലിച്ചെറിഞ്ഞത്. ഏതാണ്ട് രണ്ടുവര്‍ഷം മുന്‍പും കൊച്ചി നഗരത്തില്‍ സമാന സംഭവമുണ്ടായി. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചോ പത്തുമാസം അന്നവും പ്രാണവായുവും മാത്രമല്ല തന്റെ സ്‌നേഹവാത്സല്യങ്ങളുടെ മധുരവും കൂടി പകര്‍ന്നു ലാളിച്ചു വളര്‍ത്തുകയും ചെയ്യുന്നതിനെക്കുറിച്ചോ ഒന്നും അക്കൂട്ടരോടു പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ മറ്റുചിലത് അവരോടും സമൂഹത്തോടും പറയേണ്ടതുണ്ടു താനും.
സ്ത്രീപുരുഷബന്ധം, വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍, അടിസ്ഥാന ലൈംഗികപാഠങ്ങള്‍, ഗര്‍ഭനിരോധനം, കുട്ടികളുടെ സംരക്ഷണം, മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍, രാജ്യത്തെ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ നിര്‍ബന്ധമായും വിദ്യാലയങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടേയും എല്ലാവരിലുമെത്തിക്കാനുള്ള വ്യവസ്ഥയുണ്ടാകണം.
വൈകാരികക്കൊടുങ്കാറ്റുകള്‍ നിയന്ത്രിക്കാനും മാനസിക വൈകല്യങ്ങളെ ചികില്‍സിക്കാനുമുള്ള ശാസ്ത്രീയബോധം എല്ലാവരിലും സൃഷ്ടിക്കണം. ഗര്‍ഭിണികള്‍, പുതിയ അമ്മമാര്‍ തുടങ്ങിയവര്‍ക്കു ചുറ്റും- ആനക്കൂട്ടത്തിലെപ്പോലെ സാമൂഹ്യ സംരക്ഷണവലയമുണ്ടാകണം.
പരീക്ഷകളില്‍ ജയിച്ച് ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലി നേടുന്നതിന് മാത്രമാണ് നാം കുട്ടികളെ പരിശീലിപ്പിക്കുന്നതെന്ന ആശങ്ക തോന്നാറുണ്ട്.
നമുക്കു കുട്ടികളോട് നന്മയെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും പറയാം. നൈതികതയെക്കാള്‍ വലിയ സമ്പത്തില്ലെന്ന് ഓര്‍മ്മിപ്പിക്കാം. നൈമിഷികസുഖങ്ങളുടെ പിന്നാലെ പായുന്നത്, തീയിലേയ്‌ക്കുള്ള ഈയാംപാറ്റപ്പാച്ചിലാണെന്ന് ബോധ്യപ്പെടുത്താം. ‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’ യെന്നത് വെറും വാക്കല്ല, കാലദേശാതീത സത്യമാണെന്ന് പരിശീലിപ്പിച്ചുകൊണ്ട് പഠിപ്പിക്കാം. ഇനിയൊരു കുഞ്ഞിനും ഈ ദുര്‍ഗതിയുണ്ടാകാതിരിക്കട്ടെയെന്ന് നെഞ്ചില്‍ കൈവെച്ചു പ്രാര്‍ത്ഥിക്കാം.
ഞാനോര്‍ക്കുന്നു: എന്റെ മുത്തശ്ശി, അയല്‍പക്കത്തൊരു പശു പ്രസവിച്ചാല്‍ ദിവസേന അമ്മയുടേയും കുഞ്ഞിന്റേയും ക്ഷേമമന്വേഷിക്കാന്‍ പോകുമായിരുന്നു. ‘കുട്ടി പാലു കുടിക്കുന്നുണ്ടോ, അമ്മപ്പശു കിടാവിനെ നക്കിത്തോര്‍ത്തുന്നുണ്ടോയെന്നൊക്കെ നോക്കിവരാം’ എന്നു പറഞ്ഞായിരുന്നു ആ പോക്ക്
എപ്പോഴാണ് അയല്‍പക്കത്തുള്ള മനുഷ്യശിശുക്കളെക്കുറിച്ച് പോലും നമുക്ക് കരുതലില്ലാതെയായത്? പണ്ഡിറ്റ് ദീനദയാല്‍ജിയുടെ വാക്കുകളോര്‍മ്മിക്കാം:’മനുഷ്യന്‍ ഒറ്റയ്‌ക്കൊരു വ്യക്തിയെന്ന നിലയ്‌ക്കല്ല നിലനില്‍ക്കുന്നത്… ‘നമ്മള്‍’ എന്ന ബഹുവചനത്തില്‍ നിന്ന് അഭേദ്യനാണ് മനുഷ്യന്‍’
















