Kerala

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി: സ്വയംതൊഴിൽ പദ്ധതിക്ക് വായ്‌പ അനുവദിക്കാത്ത ബാങ്ക് അധികൃതരുടെ നടപടിയെക്കുറിച്ച് സങ്കടം പറഞ്ഞ വീട്ടമ്മയ്‌ക്ക് തണലായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബൈസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശിനാണ് സുരേഷ് ഗോപി സ്വന്തം ചെലവിൽ പുതിയ ഓട്ടോറിക്ഷ വാങ്ങി നൽകിയത്. രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം പുലർത്തുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശ് ജീവിതശൈലീ രോഗങ്ങൾ മൂലം 13 വർഷമായി ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായതോടെ ഗംഗയുടെ തോളിലായിരുന്നു കുടുംബത്തിന്റെ മുഴുവൻ ഭാരവും.

സ്വയംതൊഴിലിലൂടെ കുടുംബം മുന്നോട്ട് കൊണ്ടുപോകണമെന്ന ആഗ്രഹത്തോടെ 7 വർഷം മുൻപാണ് ഗംഗ ഒരു ബാങ്കിൽ മുദ്ര ലോണിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ അങ്ങനെയൊരു പദ്ധതി നിലവിലില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതർ ഇവരെ മടക്കി അയക്കുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 30-ന് മൂലമറ്റത്ത് നടന്ന ‘കലുങ്ക് സൗഹൃദ സംഗമത്തിൽ’ പങ്കെടുത്തപ്പോഴാണ് ഗംഗയ്‌ക്ക് സുരേഷ് ഗോപിയുമായി നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചത്. ഇതിനായി ഇടുക്കിയിലെ വീട്ടിൽ നിന്നും 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഇവർ മൂലമറ്റത്ത് എത്തിയത്. കുടുംബ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപിയോട് മുദ്ര ലോൺ നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് ഗംഗ തുറaന്നുപറഞ്ഞു. ഇതുകേട്ടയുടൻ തന്നെ, എന്നാൽ പിന്നെ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി ഗംഗയ്‌ക്ക് ഉറപ്പുനൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പി.എ ഗംഗയെ ഫോണിൽ വിളിച്ച് കമ്പനിയിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ ചെന്ന് വണ്ടി കൈപ്പറ്റാമെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് അടിമാലിയിൽ നിന്നും പുതിയ ഓട്ടോറിക്ഷ ഗംഗയുടെ വീട്ടിലെത്തിച്ചു. നിലവിൽ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് ഇരട്ടി മധുരമായി സുരേഷ് ഗോപിയുടെ സമ്മാനം വീട്ടുമുറ്റത്തെത്തിയത്.

വാഹനം ലഭിച്ചയുടൻ തന്നെ ഗംഗ സുരേഷ് ഗോപിയെ വീഡിയോ കോളിൽ വിളിച്ച് നന്ദിയും കടപ്പാടും അറിയിച്ചു.

സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ തവണ മൂലമറ്റത്ത് നടന്ന കലുങ്ക് സദസ്സിലാണ് ബൈസൺവാലി മുട്ടുകാട് സ്വദേശിനി ഗംഗയെ ഞാൻ കാണുന്നത്. ഒരു ഓട്ടോറിക്ഷ സ്വന്തമാക്കി അന്തസ്സായി ജീവിക്കണം എന്നതായിരുന്നു ആ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം. 130-ഓളം കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ ഒറ്റയ്‌ക്ക് സഞ്ചരിച്ചാണ് അന്ന് ഗംഗ ആ വേദിയിലേക്ക് എത്തിയത്. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ, അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് അന്ന് ഞാൻ കൊടുത്ത വാക്കാണ്.
ഇന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരിയും ഇടുക്കി ജില്ലാ പ്രസിഡൻ്റ് അഡ്വ. ശ്രീവിദ്യയും ചേർന്ന് ഗംഗയ്‌ക്ക് ആ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി. താക്കോൽദാനത്തിന് തൊട്ടുമുമ്പ് വീഡിയോ കോളിൽ വന്ന് സന്തോഷം പങ്കുവെച്ചപ്പോൾ ഗംഗയുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
​സ്വന്തം അധ്വാനത്തിൽ നിന്നും ഒരു ചെറിയ പങ്ക് മാറ്റിവെച്ച്, പ്രതിസന്ധികളോട് പൊരുതുന്ന ഒരു സഹോദരിയുടെ ജീവിതത്തിന് കരുത്താകാൻ കഴിഞ്ഞതിൽ ഈശ്വരനോട് നന്ദി പറയുന്നു.
​ഇനിയുള്ള ദൂരം ഗംഗയ്‌ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാം… ജീവിതത്തിന്റെ ട്രാക്കിൽ സധൈര്യം!

Recent Posts