പ്രകൃതി സൗഹൃദമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യവും പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളും മാനവരാശിയെ ബോധ്യപ്പെടുത്തുക എന്നതാണ് ജൂണ്‍ 5 ന് ആഗോള പരിസ്ഥിതി ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. 1972 ല്‍ സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ കൂടിയ ഐക്യരാഷ്‌ട്ര സഭയുടെ യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് 1973 മുതല്‍ ജൂണ്‍ 5 അന്തര്‍ദ്ദേശീയ പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്.
ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ത്വരയും വികസനത്തിന്റെയും വ്യവസായവത്കരണത്തിന്റെയും വിവിധ യുദ്ധങ്ങളുടേയും സംഘര്‍ഷങ്ങളുടേയും ഫലമായി പ്രകൃതിക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി വൈകി വന്ന ബോധവുമാണ് പാശ്ചാത്യ നാടുകളെ ഇത്തരം ഒരു ദിനാചരണത്തില്‍ എത്തിച്ചത്. 1970 കള്‍ക്ക് ശേഷമാണ് പാശ്ചാത്യ പരിസ്ഥിതി ശാസ്ത്രം വികസിച്ചു വന്നത് എന്നു പറയാം.
ഭാരതത്തെ സംബന്ധിച്ചിടത്തോളം, ഇവിടെ ജനജീവിതം വികസിച്ചു വന്ന കാലം മുതല്‍ തന്നെ നാം പ്രകൃതിയോട് ഇണങ്ങിയും പ്രകൃതിയെ സംരക്ഷിച്ചും പോഷിപ്പിച്ചും ആരാധിച്ചും ജീവിച്ചു വന്നവരാണ്. മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഒരേ ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണെന്നതാണ് ഭാരതീയ ദര്‍ശനത്തിന്റെ കാതല്‍. മനുഷ്യന്‍ ഇന്നനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളും ഭൗതിക നേട്ടങ്ങളും ഈ ഭൂമിയുടെ വരദാനമാണ് എന്നാണ് നമ്മുടെ വിശ്വാസം. സനാതന സംസ്‌കൃതി വളര്‍ന്നതും വികസിച്ചതും ആരണ്യകങ്ങളിലായിരുന്നു. പഞ്ചഭൂതാത്മകമായ ഈ പ്രകൃതിയെ ഭാരതീയര്‍ ആദരിച്ചു. ആരാധിച്ചു. ഭൂമാതാവ്, ഭാരത മാതാവ് എന്നതൊക്കെ അതിന്റെ വികസിത കാഴ്ചപ്പാടുകളാണ്.
ഈ ഭൂമിയും ഇവിടുത്തെ വിഭവങ്ങളും ജീവജാലങ്ങളുമെല്ലാം മനുഷ്യനു വേണ്ടി സൃഷ്ടിച്ചതാണെന്ന് സെമറ്റിക് മതങ്ങളും പാശ്ചാത്യ ഇസങ്ങളും വിശ്വസിക്കുന്നു. അതനുസരിച്ചാണ് അവരുടെ പ്രകൃതിയോടുള്ള സമീപനം വളര്‍ന്നുവന്നത്. ഇത്തരം പാശ്ചാത്യ സമീപനവും കാഴ്ചപ്പാടുമാണ് ഇന്നു നാം അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക അസന്തുലിതാവസ്ഥ, പ്രകൃതി വിഭവങ്ങളുടെ ശോഷണം, ജൈവ വൈവിധ്യത്തിന്റെ നാശം തുടങ്ങി പ്രകൃതി നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണം.
പ്രകൃതിയെ കീഴടക്കി ഇവിടുത്തെ വിഭവങ്ങള്‍ എങ്ങനെ കൂടുതല്‍ ചൂഷണം ചെയ്യാമെന്നും കൂടുതല്‍ സുഖസൗകര്യങ്ങള്‍ ഏതെല്ലാം വിധം ഉണ്ടാക്കാമെന്നുമാണ് പാശ്ചാത്യലോകം എക്കാലത്തും ചിന്തിച്ചത്. പ്രകൃതി വിഭവങ്ങള്‍ പരമാവധി കവര്‍ന്നെടുത്തും കൂടുതല്‍ സുഖസൗകര്യങ്ങള്‍ എങ്ങിനെ ഉണ്ടാക്കാമെന്നും അതിനായി വന്‍കിട നിര്‍മ്മിതികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെയാണ് അവര്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാല്‍, ഭാരതീയ പ്രകൃതിദര്‍ശനം നമ്മെ പഠിപ്പിക്കുന്നത് പ്രകൃതി സംരക്ഷണം എന്നത് ഒരു പരിപാടിയല്ല ജീവിത ശൈലിയാണ് എന്നാണ്. ഈ കാഴ്ചപ്പാടിനുതകുന്ന ശൈലി ജനങ്ങളില്‍ വളര്‍ത്തുവാനുള്ള ആചരണങ്ങള്‍ക്കാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്.
ഐക്യരാഷ്‌ട്ര സഭയുടെ സന്ദേശം
ഐക്യരാഷ്‌ട്ര സഭയുടെ തന്നെ ഭാഗമായ United Nations Enviornment Programme (UNEP) ആണ് അന്തര്‍ദ്ദേശീയ തലത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 1973 മുതല്‍ വിവിധ രാജ്യങ്ങള്‍ ആതിഥ്യം വഹിക്കുകയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പ്രമേയമാക്കിയുമാണ് ഈ ദിനാചരണം നടത്തിവരുന്നത്. ഈ വര്‍ഷത്തെ ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത് അസര്‍ബൈജാനിലെ ബാക്കുവിലാണ്.
കാലാവസ്ഥാ പരിപാലനം എന്നതാണ് ഈ വര്‍ഷം യുഎന്‍ഇപി മുന്നോട്ടു വച്ചിരിക്കുന്ന പ്രമേയം. ആഗോളതാപനം നിലവിലുള്ളതിനേക്കാള്‍ 1.5ത്ഥഇ കൂടാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലും പരിശ്രമവും എല്ലാ രാജ്യങ്ങളുടേയും ഭാഗത്ത് നിന്നുണ്ടാകണമെന്നതാണ് ഇതിന്റെ താല്‍പ്പര്യം.
സുസ്ഥിര വികസനം എന്നതാണ് മുന്നോട്ടു വയ്‌ക്കുന്ന മറ്റൊരു ആശയം. പ്രകൃതി വിഭവങ്ങളായ ജലം,വനങ്ങള്‍, ധാതുക്കള്‍, ഊര്‍ജ്ജം എന്നിവയുടെ ശ്രദ്ധാപൂര്‍വ്വവും ഉത്തരവാദിത്വപരവുമായ ഉപയോഗം ഉറപ്പാക്കണം. ഭാവി തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകും വിധം വര്‍ത്തമാന കാല ആവശ്യങ്ങള്‍ പരിമിതപ്പെടുത്തി ഉപയോഗിക്കുന്ന വികസന നയമാണ് സുസ്ഥിര വികസനം എന്നത്.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നീ പദങ്ങള്‍ ഇന്ന് സുപരിചിതമാണ്. കനത്ത ചൂട്, അതിതീവ്ര മഴ, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍, വരള്‍ച്ച, കാട്ടുതീ, ഉരുകുന്ന ഹിമാനികള്‍, പ്രളയം തുടങ്ങി കാലാവസ്ഥയിലെ മാറ്റങ്ങള്‍ പ്രകൃതിയുടെ താളത്തെ തകിടം മറിക്കുകയാണ്. തന്മൂലം മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും കൃഷിക്കും പ്രകൃതി വിഭവങ്ങള്‍ക്കും കനത്ത നാശനഷ്ടവും സംഭവിക്കുന്നു.
ഇത് പ്രധാനമായും സംഭവിക്കുന്നത്, മനുഷ്യനിര്‍മ്മിത ഹരിതഗൃഹ വാതകങ്ങളുടെ (കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍) അമിതമായ പുറന്തള്ളലും തത്ഫലമായുള്ള അന്തരീക്ഷ മലിനീകരണവും, സമുദ്രത്തിലെ പ്ലാസ്റ്റിക് രാസ മാലിന്യങ്ങളുടെ ആധിക്യവും, വ്യാവസായിക മലിനീകരണവും, വന നശീകരണവും, കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള രാസ വസ്തുക്കളുടെ അമിത ഉപയോഗവും മൂലമാണ്. ഇതെല്ലാം തന്നെ പ്രകൃതിക്ക് മനുഷ്യന്‍ വരുത്തിവയ്‌ക്കുന്ന വിനാശവുമാണ്.
ജൈവ വൈവിധ്യങ്ങളുടെ നാശം
മനുഷ്യന്റെ സ്വാര്‍ത്ഥ പ്രവൃത്തികള്‍ മൂലം ജീവജാലങ്ങളുടെ ഭയാനകമായ വംശനാശം, വനം, തണ്ണീര്‍ത്തടങ്ങള്‍, ജലസ്രോതസ്സുകള്‍ ഇവയുടെ മലിനീകരണവും നാശവും തുടങ്ങി ജൈവ വൈവിദ്ധ്യങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യന്‍ ശാസ്ത്രീയവും സാങ്കേതികവുമായി ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും മനുഷ്യ ജീവിതത്തിനാവശ്യമായ ഭക്ഷണം, ജലം, വസ്ത്രങ്ങള്‍, ഔഷധങ്ങള്‍, പാര്‍പ്പിടം, ഊര്‍ജ്ജം എന്നിവയ്‌ക്കെല്ലാമായി നമ്മള്‍ പ്രകൃതിയെത്തന്നെയാണ് ആശ്രയിക്കേണ്ടി വരിക. അതിനാല്‍ മുകളില്‍പ്പറഞ്ഞ ജൈവ വൈവിധ്യങ്ങളെ അതീവ പ്രാധാന്യത്തോടെ നാം സംരക്ഷിച്ചേ തീരൂ.
പാശ്ചാത്യ വികസന മാതൃകയുടെ ഭ്രമത്താല്‍, പ്രകൃതി സൗഹൃദമല്ലാത്തതും പ്രകൃതിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ വികസന പദ്ധതികളാണ് എല്ലാവരും നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യങ്ങളുടെ നാശവുമെല്ലാം മനുഷ്യന്റെ ഉപഭോഗ തൃഷ്ണയുടേയും അതിരുവിട്ട വികസന മോഹങ്ങളുടേയും സന്തതികളാണ്.
പരിഹാരമെന്ത്?
ഇന്നു നാം നേരിടുന്ന ആഗോള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇവിടുത്തെ മുഴുവന്‍ രാജ്യങ്ങളും മനുഷ്യരാശിയും സൃഷ്ടിച്ചതാണ്. അവര്‍ തന്നെയാണ് ഇതിനു പരിഹാരവും കണ്ടെത്തേണ്ടത്. ലോകരാജ്യങ്ങളും ജനങ്ങളും ഈ യജ്ഞത്തിന് സന്നദ്ധരാകുമ്പോള്‍, യുഎന്‍ഇപി പോലുള്ള അന്തര്‍ദ്ദേശീയ സംഘടനകള്‍ക്കും വിവിധ രാജ്യങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും അവര്‍ക്കാവശ്യമായ കാഴ്ചപ്പാടും സഹകരണവും ലഭ്യമാക്കാന്‍ സാധിക്കും. ഓരോ വ്യക്തിയും കുടുംബവും മാറ്റത്തിന്റെ പതാക വാഹകരായി സ്വയം മുന്നോട്ടു വരണം.
പ്രകൃതി സംരക്ഷണം എന്ന നിലയ്‌ക്ക് ആഗോള തലത്തില്‍ വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ കരാറുകളാണ് പാരീസ് ഉടമ്പടി, മോണ്‍ട്രിയല്‍ പെരുമാറ്റച്ചട്ടം, ക്യോട്ടോ പെരുമാറ്റച്ചട്ടം, ജൈവ വൈവിധ്യ യോഗം തുടങ്ങിയവ. എന്നാല്‍, ‘വേലി തന്നെ വിളവു തിന്നുന്നു’ എന്നു പറയുമ്പോലെ ഇതെല്ലാം നടപ്പാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ തന്നെ ഉടമ്പടികള്‍ ലംഘിക്കുകയും അതില്‍ നിന്നും പിന്മാറുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം.
ഭൂമി നിലനില്ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് യുഎന്‍ഇപി 17 ഇന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അതില്‍ ആറെണ്ണം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. (1) ശുദ്ധജലവും ശുചിത്വവും (2) ചെലവു കുറഞ്ഞ ശുദ്ധമായ ഊര്‍ജ്ജം (3) സമുദ്രവും സമുദ്ര ജീവികളും(4) അമിതമല്ലാത്ത ഉല്പാദനവും ഉപഭോഗവും(5) വനവും ജൈവ വൈവിധ്യവും (6) കാലാവസ്ഥാ പരിപാലനം. ഈ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോവുക എന്നതാണ് പ്രകൃതിയുടെ സന്തുലനത്തിന് അത്യാവശ്യം.
പ്രകൃതിയുടെ കാവലാള്‍
ആഗോള താപനത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും എല്ലാവരും വ്യാകുലരാണ്. അത് പരിഹരിക്കാന്‍ എനിക്ക് എന്തു ചെയ്യാനാകും എന്ന് ആരും ചിന്തിക്കുന്നുമില്ല. ഓരോ വ്യക്തിയും വര്‍ഷം തോറും ഒരു വൃക്ഷത്തൈ എങ്കിലും നട്ട് പരിപാലിക്കാറുണ്ടോ?
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന നിലയ്‌ക്ക് മാലിന്യം തരം തിരിച്ച് നാം കൈകാര്യം ചെയ്യാറുണ്ടോ? ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറയ്‌ക്കാനും പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങള്‍ വാങ്ങുന്ന ശീലവും നാം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ? മനുഷ്യന്റെ ഉപഭോഗതൃഷ്ണയാണ് ഹരിതഗൃഹ വാതകങ്ങളുടെ വര്‍ദ്ധനക്ക് മുഖ്യ കാരണം. കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്‌ക്കാന്‍ ഞാന്‍ എന്തു ചെയ്യണം എന്ന് നമ്മളോരോരുത്തരും ചിന്തിച്ചു തുടങ്ങിയോ? നമ്മള്‍ വാങ്ങിക്കൂട്ടുന്ന വസ്തുക്കളുടെ നിര്‍മ്മാണം മുതല്‍ അതു നമ്മുടെ കയ്യിലെത്തുന്ന വരെയുള്ള പ്രക്രിയകള്‍ ഓരോന്നും കാര്‍ബണ്‍ ഫുട്പ്രിന്റ് വര്‍ദ്ധിപ്പിക്കുന്നതാണ് എന്നു നാം തിരിച്ചറിയുന്നുണ്ടോ ? വസ്ത്രം, സൗന്ദര്യ വസ്തുക്കള്‍, ആഢംബര ഉല്പന്നങ്ങള്‍, വ്യത്യസ്ത ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ചെരുപ്പ് ബാഗ്, കുട തുടങ്ങി നമ്മള്‍ വാങ്ങിക്കുട്ടുന്നതെല്ലാം ഉല്പന്നമെന്ന നിലയ്‌ക്കും പിന്നീട് പാഴ്വസ്തുക്കളായും പ്രകൃതിക്ക് ദോഷം വരുത്തുന്നതാണ്. മനുഷ്യന്റെ ഉപഭോഗ ശീലം കുറയ്‌ക്കലാണ് ഇതിനു പരിഹാരം.
യുവശക്തിയുടെ പങ്ക്
ഭാരത ജനസംഖ്യയുടെ 65 ശതമാനവും(97 കോടി) യുവതീയുവാക്കളാണ്. ഈ മണ്ണില്‍ ഇനിയും നാല്‍പ്പതോ അന്‍പതോ വര്‍ഷമോ അതിലധികമോ ജീവിക്കേണ്ടവരാണ് ഇന്നത്തെ യുവജനത. ‘ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാദ്ധ്യമോ?’ എന്ന കവിയുടെ ചോദ്യത്തിനുള്ള ഉത്തരം തേടേണ്ടത് മുഖ്യമായും യുവാക്കളാണ്. ഈ പ്രകൃതി ഇന്നത്തെപ്പോലെയെങ്കിലും നിലനിന്നു കാണണമെങ്കില്‍ അതിനായി അത്യദ്ധ്വാനം ചെയ്യേണ്ടി വരും എന്നു സാരം.
ജന്‍ സിയുടെയും ജന്‍ ആല്‍ഫയുടേയും പേരിലുള്ള കോലാഹലങ്ങള്‍ക്കും ഇല്ലാത്ത കോക്രോച്ച് പാര്‍ട്ടിയുടേയും ലഹരി ഉല്പന്നങ്ങളുടേയും പുറകെ പോകാതെ സുന്ദരവും സുരക്ഷിതവുമായ പ്രകൃതിക്കായിട്ടാണ് യുവതയുടെ കര്‍മ്മശക്തി വിനിയോഗിക്കേണ്ടത്. പ്രകൃതി സംരക്ഷണത്തിനായിട്ടുള്ള യുവജന മുന്നേറ്റമാണ് ഉണ്ടാകേണ്ടത്. വന നശീകരണത്തിനെതിരായും ജലസ്രോതസ്സുകളെ സംരക്ഷിക്കുവാനായും മലിനീകരണ ശക്തികള്‍ക്കെതിരായുമാണ് യുവതീയുവാക്കളുടെ ധാര്‍മ്മിക രോഷം ഉണരേണ്ടത്. ഈ ഉദ്ദേശ്യത്തോടെ ഗ്രാമ നഗരവ്യത്യാസമില്ലാതെ പ്രകൃതിയുടെ കാവലാളായി മുന്നിട്ടിറങ്ങുവാന്‍ യുവജനതക്കാകണം.
പ്രധാനമന്ത്രിയുടെ ആഹ്വാനം
അമേരിക്കയും ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ കടുത്ത അശാന്തിയും ലോകമാകെ ഊര്‍ജ്ജ പ്രതിസന്ധിയും നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. യുദ്ധം ഇന്ധന നീക്കത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. ഇതിനെത്തുടര്‍ന്നുള്ള ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്യുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വസ്തുക്കളുടെ ഉപഭോഗം നിയന്ത്രിക്കുവാനും സ്വദേശി ശീലമാക്കുവാനുമായി ഭാരതീയരോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.
വര്‍ത്തമാന പ്രതിസന്ധിയില്‍ നിന്നും നമ്മുടെ രാഷ്‌ട്രത്തെ കരകയറ്റാന്‍ ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ ചില നിയന്ത്രണങ്ങളും ശീലങ്ങളും കൊണ്ടു വരണമെന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ ഏഴു നിര്‍ദ്ദേശങ്ങളും പ്രകൃതി സൗഹൃദങ്ങളുമാണ്
വര്‍ക്ക് ഫ്രം ഹോമും പൊതുഗതാഗതം ശീലമാക്കുക എന്നതും ഇന്ധന ലാഭം ഉണ്ടാക്കുന്നതാണ്. അന്തരീക്ഷ മലിനീകരണം കുറക്കുകയും ചെയ്യും. സാമ്പത്തിക ലാഭത്തിനും
കാരണമാകും
പാചക എണ്ണയുടെ ഉപയോഗം കുറക്കുന്നതിലൂടെ എണ്ണയുടെ ഇറക്കുമതി കുറയ്‌ക്കാം.
സ്വദേശി ഉല്പ്പന്നങ്ങള്‍ ശീലമാക്കുകയും വിദേശ യാത്രകള്‍ കുറക്കുകയും ചെയ്യുന്നതിലൂടെ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്‌ക്കാനും സാമ്പത്തിക സ്വാശ്രയത്വത്തിനും സഹായകമാകും.
രാസവസ്തുക്കള്‍ കുറച്ച് ജൈവ കൃഷി ശീലിക്കുന്നതിലൂടെ മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താനും മലിനീകരണത്തില്‍ നിന്നുള്ള മോചനവും സാധ്യമാകുന്നു.
പ്രധാനമന്ത്രിയുടെ മേല്‍പ്പറഞ്ഞ ആഹ്വാനങ്ങള്‍ ബഹുമുഖ പ്രയോജനമുള്ളതാണ്. അത് പ്രകൃതി സൗഹൃദമാണ്. കാര്‍ബണ്‍ ഫുട്പ്രിന്റ് കുറക്കുന്നതുമാണ്. സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുന്നതുമാണ്.
ഈ ആഹ്വാനങ്ങള്‍ ഓരോ പൗരനും ഏറ്റെടുത്തു നടപ്പാക്കുക എന്നതുതന്നെയാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തെ സാര്‍ത്ഥകമാക്കുവാനുള്ള കര്‍മ്മ പദ്ധതി.
















