
തിരുവനന്തപുരം: ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെ മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറുമായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടകവീട്ടില്‍ ഇ ഡി സംഘം റെയ്ഡിനെത്തിയ വാര്‍ത്ത സിപിഎം കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വീട്ടില്‍ നിന്ന് ആരെയും പുറത്തേക്കും അകത്തേക്കും കടത്തിവിടാതെ ഗേറ്റ് അടച്ചിട്ടായിരുന്നു പരിശോധന. റെയ്ഡ് തുടങ്ങിയതിനുശേഷമാണ് സംസ്ഥാന സര്‍ക്കാരും രഹസ്യാന്വേഷണവിഭാഗവും പോലീസും സംഭവം അറിഞ്ഞത്.
അമ്പരന്നുപോയ സിപിഎം നേതൃത്വം എട്ട് മണിയോടെ മുന്‍ എംഎല്‍എ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ഏതാനും പ്രവര്‍ത്തകരെ പിണറായി വിജയന്റെ വീടിന് മുന്നിലേക്ക് അയച്ചു. തുടര്‍ന്ന് അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് ഇ ഡി സംഘത്തെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം. കൂടുതല്‍ പ്രവര്‍ത്തകര്‍ തയാറെടുപ്പുകളോടെ എത്തണമെന്നും നിര്‍ദേശമുണ്ടായി. സെക്രട്ടറിയറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്തകാര്യം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സെക്രട്ടറിേയറ്റ് യോഗത്തിലെ തീരുമാനമനുസരിച്ച് കൂടുതല്‍ നേതാക്കള്‍ സ്ഥലത്തേക്ക് എത്തിത്തുടങ്ങി. പത്തരയോടെ വി. ജോയ് എംഎല്‍എയും മുന്‍മന്ത്രി വി. ശിവന്‍കുട്ടിയും എംഎല്‍എയുടെ കാറില്‍ വന്നിറങ്ങി. 10.40ന് മുന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും എത്തി. തുടര്‍ന്ന് റെയ്ഡ് നടക്കുന്ന വീടിന് മുന്നില്‍ റോഡുപരോധിച്ച് നേതാക്കളും പ്രവര്‍ത്തകരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ സമാധാനപരമായ സമരമെന്ന് പോലീസിനെ ധരിപ്പിക്കുകയും അക്രമ സജ്ജരായ കൂടുതല്‍ പേരെ സ്ഥലത്തേക്ക് എത്തിക്കുകയുമായിരുന്നു. അക്രമികളെ ഏകോപിപ്പിച്ചുകൊണ്ട് ബിനീഷ് കോടിയേരിയും സ്ഥലത്തുണ്ടായിരുന്നു.
11 മണിക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പിണറായി വിജയന് പിന്തുണ അറിയിക്കുകയും പ്രതിഷേധത്തിന് ആഹ്വാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് മുന്നിലെത്തി പ്രതിഷേധക്കാരുടെ നേതൃത്വം ഏറ്റെടുത്തു. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥലത്തെത്തിയിരുന്നു. 12 മണിയോടെ പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലും വടികളുമായി തയാറെടുപ്പ് നടത്തിയിട്ടും പോലീസിന് അപകടം മനസിലാക്കാനായില്ല.
ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്
ഉച്ചയ്‌ക്ക് രണ്ടരയോടെ ഇ ഡി ഉദ്യോഗസ്ഥര്‍ 8.30 മണിക്കൂര്‍ റെയ്ഡ് പൂര്‍ത്തിയാക്കി പിടിച്ചെടുത്ത രേഖകള്‍ സഹിതം പുറത്തേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലുള്ള അക്രമിസംഘം കൂക്കിവിളിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്കിറങ്ങാന്‍ വഴിയൊരുക്കുന്നതിനുപോലും കേരളാപോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുമുണ്ടായില്ല. റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേര്‍ക്ക് പാഞ്ഞടുത്ത സിപിഎം അക്രമികള്‍ വാഹനം തല്ലിത്തകര്‍ക്കുകയും ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ചിലര്‍ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതും കേള്‍ക്കാമായിരുന്നു.
ഉദ്യോഗസ്ഥരെ ആക്രമിച്ച് കേന്ദ്രസേനയെ പ്രകോപിപ്പിക്കാനും വെടിവയ്‌പ്പിലൂടെ ചിലരെ രക്തസാക്ഷികളാക്കി പ്രതിഷേധം കനപ്പിച്ച് വിഷയം വഴിതെറ്റിക്കാനുമായിരുന്നു നീക്കമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ പോയതിന് പിന്നാലെ നേതാക്കളുടെ അകമ്പടിയോടെ അക്രമികളെ സിപിഎം പാളയം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ആനയിച്ചു.
സിപിഎം നേതൃത്വത്തോട് യാചിച്ച് പോലീസ്
പാളയം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒളിപ്പിച്ച അക്രമികളെ വിട്ടുകിട്ടണമെന്ന് യാചിച്ച് പൊതുനിരത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാത്തുനിന്നത് നാല് മണിക്കൂര്‍. അക്രമികളെക്കാള്‍ പോലീസ് സ്ഥലത്തെത്തിയിട്ടും ഓഫീസിനുള്ളില്‍ കയറാന്‍ പറ്റില്ലെന്ന വി. ജോയിയുടെ കല്പനയ്‌ക്ക് മുന്നില്‍ പോലീസ് പകച്ച് നില്‍ക്കുന്ന കാഴ്ചയായിരുന്നു.
ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ പോലീസ് കയറാതെ പ്രതികളെ സംരക്ഷിക്കാന്‍ കാവല്‍ നിന്നത് ജോണ്‍ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. സംഭവം വിവാദമായതോടെ പ്രതികളെ പിടികൂടാതെ തിരികെപ്പോകുന്നത് നാണക്കേടാകുമെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നിര്‍ദേശം നല്‍കി. പോലീസ് പിന്മാറാതെ നിലയുറപ്പിച്ചതോടെ മുന്‍മന്ത്രി വി. ശിവന്‍കുട്ടി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി റോഡിലേക്ക് വന്നു. ഈ സമയം രഹസ്യധാരണ പുറത്തറിയാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭാഷണം റെക്കോര്‍ഡ് ചെയ്യാന്‍ പറ്റാത്തവിധം അകറ്റിനിര്‍ത്തി ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താന്‍ അനുവദിച്ചു.
നാലര മണിക്കൂര്‍ പോലീസ് കാത്തുനിന്നതോടെ ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ നിന്ന് അക്രമികളില്‍ ചിലരെ ഓരോരുത്തരെയായി മാധ്യമശ്രദ്ധയില്‍ പെടാതെ പുറത്തേക്കിറക്കി. ഇങ്ങനെ പുറത്തിറക്കിയ അഞ്ച് പേരെ വൈകിട്ട് ആറരയയോടെ പോലീസ് അറസ്റ്റുചെയ്ത് രഹസ്യധാരണ പ്രകാരമുള്ള നാടകത്തിന് തിരശ്ശീല വീണു.
നേതാക്കളെ ഒഴിവാക്കി
പോലീസുമായുണ്ടായ ധാരണപ്രകാരം വാഹനം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പതിഞ്ഞ ഏഴുപേരെയാണ് പാര്‍ട്ടി ഓഫീസില്‍ നിന്ന് പോലീസിന് വിട്ടുകൊടുത്തത്. അക്രമത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ ഒഴിവാക്കിയ പോലീസ് 12 പേരെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഞ്ച് പേര്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരായതിനാല്‍ പിന്നീട് ഹാജരാക്കാമെന്ന നിര്‍ദേശം പോലീസ് സ്വീകരിച്ചതായാണ് സൂചന. പോലീസ് പുറത്ത് കാവല്‍ നില്‍ക്കുമ്പോള്‍ ഇവര്‍ പാര്‍ട്ടി ഓഫീസില്‍ സുരക്ഷിതരായി ഇരിക്കുകയായിരുന്നു. പകരക്കാരെ പ്രതിയായി നല്‍കി ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.