തൃശൂര്‍: സാമൂഹ്യ നവോത്ഥാനത്തിനു വേണ്ടി ഹിന്ദു സമൂഹത്തെ പ്രാപ്തമാക്കിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണന്‍.ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരമായിരുന്നില്ല ഗുരുദേവന്റെ മാര്‍ഗം. സാമ്പത്തിക സ്വാശ്രയത്തിലൂടെ മാത്രമേ ഒരു സമൂഹത്തിനു മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പഠിപ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മകമായ ജീവിതം ഇന്ന് കേരളത്തിലെ ഹിന്ദു സമൂഹത്തിനു വഴികാട്ടിയാണ്. ദേവസ്വം ക്ഷേത്രങ്ങളിലെ ക്ഷേത്ര ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ വേണമെന്ന നിയമം നീതി നിഷേധമാണ്, അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിമാരായ എം.സി. സാബുശാന്തി, സി. എന്‍. ജിനു, പി.എന്‍. ശ്രീരാമന്‍ സംസ്ഥാന ഉപാധ്യക്ഷന്മാരായ പ്രൊഫ. ഗോപിനാഥ്, സംസ്ഥാന സഹസംഘടന സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. ഷൈനു സ്വാഗതവും പി. സുധാകരന്‍ നന്ദിയും പറഞ്ഞു.ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ രണ്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ശബരിമല സ്വര്‍ണകൊള്ള സിബിഐ അന്വേഷിക്കുക, ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത് ശബരിമലയുടെ സുരക്ഷയെ ബാധിക്കുന്നതാണ്. പതിനെട്ടാംപടിയില്‍ യുട്യൂബര്‍ ചിത്രീകരണം നടത്തിയത് സുരക്ഷാ വീഴ്ചയാണ്. നട അടച്ചിരിക്കുന്ന സമയത്ത് ശബരിമലയുടെ സുരക്ഷ സായുധസേനയെ ഏല്‍പ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ഹിന്ദു സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നു. വിഷു ആശംസകളുടെ മറവില്‍ ഭാഗവാന്‍കൃഷ്ണനെ അപമാനിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നു. കുമാരനാശാന്റെ ജന്മഗ്രഹം മത്സ്യ വില്‍പ്പന കേന്ദ്രമാക്കാനുള്ള ശ്രമത്തെ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
















