ഇടുക്കി: പൈനാവ് എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയും ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായി നാമനിർദ്ദേശം ചെയ്തു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിലിനെ പദവിയിലേക്ക് നിർദ്ദേശിച്ചുകൊണ്ട് കത്തുനൽകിയത്. നാമനിർദ്ദേശ കത്ത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് പുതിയതായി ഡിസിസി അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. തനിക്ക് ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായി പ്രവർത്തിക്കാൻ കോൺഗ്രസ് പാർട്ടി അവസരം നൽകി, കെപിസിസി പ്രസിഡന്റെ സണ്ണി ജോസഫ്, കെ സുധാകരൻ എംപി, ഡിസിസി പ്രസിഡന്റ് സിപി മാത്യു എന്നിവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ട് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
2022 ലാണ് ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. എന്നാൽ, പ്രതിയാണെങ്കിലും നിഖിൽ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വം. അതിന്റെ തുടർച്ചയായാണ് ഡിസിസി അംഗമായി നാമനിർദേശം ചെയ്തിരിക്കുന്നത്. ധീരജ് കൊല ചെയ്യപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖിൽ പൈലി.











