ലോകം ഈ വര്‍ഷം ജൂണ്‍ 21 ന് അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുമ്പോള്‍ മാനവികത ഒരു നിര്‍ണായക നാഗരിക ഘട്ടത്തിലാണ് നിലകൊള്ളുന്നത്. ശ്രദ്ധേയമായ സാങ്കേതിക – ഭൗതിക പുരോഗതിയുടെ യുഗത്തില്‍ ജീവിക്കുമ്പോഴും വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളും മാനസിക സമ്മര്‍ദവും പരിസ്ഥിതി നാശവും സുസ്ഥിരമല്ലാത്ത ജീവിതരീതികളും നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധികളില്‍ പലതിന്റെയും അടിസ്ഥാന വെല്ലുവിളി അനിയന്ത്രിതവും വിവേകശൂന്യവുമായ ഉപഭോഗമാണ്.
പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം മുതല്‍ ഡിജിറ്റല്‍ ലോകത്തെ അമിത ആശ്രയത്വവും സുസ്ഥിരമല്ലാത്ത ജീവിതശൈലിയും വരെ സന്തുലിത ജീവിതരീതിയില്‍നിന്ന് അകന്നുപോവുകയാണ് ആധുനിക സമൂഹങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് യോഗ കേവലം പൗരാണിക ആരോഗ്യ പരിരക്ഷാ രീതിയെന്നതിലുപരി ഉത്തരവാദിത്തപൂര്‍ണ ജീവിതത്തിന്റെ ശാശ്വത ചട്ടക്കൂടായി ഉയര്‍ന്നുവരുന്നത്. സ്വയം നിയന്ത്രണത്തിന്റെയും മിതത്വത്തിന്റെയും വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പുകളുടെയും കരുത്തുറ്റ പാതയാണ് യോഗ മാനവരാശിയ്‌ക്ക് നല്‍കുന്നത്. നമ്മിലും നമുക്ക് ചുറ്റുമുള്ള ലോകത്തും എങ്ങനെ ഐക്യം വീണ്ടെടുക്കാമെന്ന് യോഗ നമ്മെ പഠിപ്പിക്കുന്നു.
വിവേകപൂര്‍ണമായ വിനിയോഗത്തിന് ആഹ്വാനം
അമിതോപഭോഗത്തിന്റെ ആഗോള വെല്ലുവിളി അഭിമുഖീകരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണ നേതൃത്വം ‘മിഷന്‍ ലൈഫ്’ അഥവാ പാരിസ്ഥിതിക ജീവിതരീതി എന്ന ആശയത്തിലൂടെ ശക്തമായ ദിശാബോധം പകര്‍ന്നു നല്‍കിയിട്ടുണ്ട്. സിഒപി 26 സമ്മേളനത്തില്‍ യോഗയുടെ ആശയവുമായി ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന ഒരു തത്വം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ‘വിവേകശൂന്യവും വിനാശകരവുമായ ഉപഭോഗത്തിന് പകരം വിവേകപൂര്‍ണവും ആസൂത്രിതവുമായ വിനിയോഗമാണ് ഇന്ന് ലോകത്തിനാവശ്യം.’
അടുത്തകാലത്ത് ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കുമിടയില്‍ ഈ ആഹ്വാനം പ്രധാനമന്ത്രി ഒരു ദൈനംദിന പൗരധര്‍മ്മമെന്ന നിലയില്‍ വിപുലീകരിച്ചു. ഒഴിവാക്കാവുന്ന ഉപഭോഗങ്ങള്‍ ബോധപൂര്‍വം പരിമിതപ്പെടുത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഈ ആഹ്വാനത്തിന് ദാരിദ്ര്യവുമായി ബന്ധമില്ല. മറിച്ച്, കൂട്ടായ പ്രതിരോധശേഷിയും സുസ്ഥിരതയും കൈവരിച്ച് ദേശീയ ഉത്തരവാദിത്തം പിന്തുടരാനുള്ള തന്ത്രപരവും ധാര്‍മ്മികവുമായ ആഹ്വനമാണിത്. ചെറുതും വലുതുമായ ഓരോ ശ്രമങ്ങളും പ്രധാനമാണെന്നും ഓരോ തുള്ളി വെള്ളവും ചേര്‍ന്നാണ് ഒരു കുടം നിറയുന്നതെന്നും അദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നു.
യോഗയുടെ അടിസ്ഥാന തത്വങ്ങളുമായി ഈ ആശയങ്ങള്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ‘അപരിഗ്രഹം’ അഥവാ അനാവശ്യ സമ്പാദ്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെയും ‘സന്തോഷ’ അഥവാ ഒരാള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമായതില്‍ സംതൃപ്തി കണ്ടെത്തുന്നതിനെയും കുറിച്ചാണ് യോഗയുടെ തത്വചിന്ത സംസാരിക്കുന്നത്. വ്യക്തികളെ നിര്‍ബന്ധിത ഉപഭോഗത്തില്‍ നിന്നകറ്റി വിവേകപൂര്‍ണമായ ജീവിതത്തിലേക്ക് നയിക്കുന്ന ചിന്താഗതി ഈ തത്വങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. കേവലം നിഷ്‌ക്രിയ ഉപഭോക്താക്കളില്‍ നിന്ന് ഭൂമിയുടെ ഉത്തരവാദിത്ത സംരക്ഷകരാക്കി യോഗ നമ്മെ പരിവര്‍ത്തനം ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദ മാര്‍ഗമെന്ന നിലയില്‍ യോഗ
മനുഷ്യന് ആവശ്യമായ വിഭവങ്ങള്‍ ഭൂമിയിലുണ്ട്. എന്നാല്‍ അത്യാഗ്രഹം തൃപ്തിപ്പെടുത്താന്‍ അതിനാവില്ല. പ്രകൃതിയുമായി പരസ്പര ബന്ധത്തിന്റെ ആഴം വര്‍ധിപ്പിച്ച് ഈ ബോധ്യം വീണ്ടെടുക്കാന്‍ യോഗ വഴിയൊരുക്കുന്നു. നാം ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും ആഗ്രഹിക്കുന്ന സുരക്ഷിത നിലനില്‍പ്പുമെല്ലാം ഒരു പൊതു പാരിസ്ഥിതിക വ്യവസ്ഥയുടെ ഭാഗമാണ്.
യോഗാഭ്യാസം ക്രമേണ നമ്മുടെ പെരുമാറ്റത്തെ ഉള്ളില്‍ നിന്ന് പുനരാവിഷ്‌കരിക്കുന്നു. മാനസിക അസ്വസ്ഥതകളെ ശാന്തമാക്കുന്ന യോഗ, സ്വയം അച്ചടക്കം പാലിക്കാന്‍ കരുത്തു പകരുന്നു. പെട്ടെന്നുള്ള സംതൃപ്തിക്കും അമിത ഉപഭോഗ സംസ്‌കാരത്തിനും പിന്നാലെ പായുന്ന ലോകത്ത് യഥാര്‍ത്ഥ ആവശ്യങ്ങളും അനന്തമായ ആഗ്രഹങ്ങളും തമ്മില്‍ തിരിച്ചറിയാനാവശ്യമായ ആന്തരിക വ്യക്തത കൈവരിക്കാന്‍ യോഗ സഹായിക്കും.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായും ആയുഷ് മന്ത്രാലയവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മന്ത്രിയെന്ന നിലയില്‍ പകര്‍ച്ചവ്യാധി ഇതര രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ന്ന പൊതുജനാരോഗ്യ മാര്‍ഗമായി യോഗ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഞാന്‍ എല്ലാ ദിവസവും കാണുകയാണ്. ശാരീരിക പ്രവര്‍ത്തനങ്ങളും മാനസിക സന്തുലിതാവസ്ഥയും അച്ചടക്കത്തോടുകൂടിയ ജീവിതവും പ്രോത്സാഹിപ്പിച്ച് അനാരോഗ്യ ശീലങ്ങളെയും അമിത വൈദ്യശാസ്ത്ര ഇടപെടലുകളെയും ആശ്രയിക്കുന്നത് യോഗ കുറയ്‌ക്കുന്നു. യോഗാത്മക ജീവിതശൈലി സ്വാഭാവിക ലാളിത്യത്തെയും മിതത്വത്തെയും സന്തുലിത പോഷകാഹാരത്തെയും മാലിന്യ ലഘൂകരണത്തെയും വിവേകപൂര്‍ണമായ വിഭവ ഉപഭോഗത്തെയും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ശീലങ്ങളില്‍ പാരിസ്ഥിതിക സുസ്ഥിരതയ്‌ക്ക് അനിവാര്യമായ മാറ്റങ്ങളാണിവ.
യോഗയെന്നത് വ്യക്തിഗത ആരോഗ്യത്തിന്റെ വഴി മാത്രമല്ല; മറിച്ച് പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെ പ്രായോഗിക ചട്ടക്കൂട് കൂടിയാണ്.
ഭാരതത്തിന്റെ ആഗോള ആരോഗ്യ നേതൃത്വം
ലോകത്തിന് ഭാരതം നല്‍കിയ സംഭാവനകളിലൊന്നാണ് യോഗ. ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ ക്ഷേമത്തിന്റെയും ശക്തമായ ആവിഷ്‌കാരമാണത്. പൗരാണിക സാംസ്‌കാരിക രീതിയെന്ന നിലയില്‍ തുടക്കം കുറിച്ച യോഗ ഇന്ന് ഭൗമശാസ്ത്രത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയുമെല്ലാം അതിരുകള്‍ ഭേദിച്ച് ആഗോള പ്രസ്ഥാനമായി മാറി.
വര്‍ഷംതോറും വിവിധ ഭൂഖണ്ഡങ്ങളിലെ ദശലക്ഷക്കണക്കിന് പേര്‍ യോഗ ദിനാഘോഷങ്ങളില്‍ പങ്കുചേരുന്നു. കൂടുതല്‍ ആരോഗ്യകരവും സന്തുലിതവും സുസ്ഥിരവുമായ ജീവിതമെന്ന ഒരു കൂട്ടായ ആഗ്രഹം അവര്‍ നെഞ്ചേറ്റുന്നു. പ്രതിരോധാത്മക ആരോഗ്യ പരിരക്ഷയുടെയും മാനസിക ക്ഷേമത്തിന്റെയും വിവേകപൂര്‍ണമായ ജീവിതത്തിന്റെയും സാര്‍വത്രിക ഭാഷയാണിന്ന് യോഗ. യോഗയിലൂടെ സമഗ്രാരോഗ്യം കൈവരിക്കാന്‍ നിര്‍ബന്ധിതമല്ലാത്തതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ചട്ടക്കൂട് ഭാരതം ലോകത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നു. ആധുനിക കാലത്തെ ആശങ്കകളെ ശാശ്വത ജ്ഞാനത്തിലൂടെ പരിഹരിക്കുന്ന ഒന്നാണത്. 2026-ലെ അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രാധാന്യവും ഇതാണ്. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പര്‍ശിക്കുന്ന യോഗ സ്വന്തം ജീവിതശീലങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ പ്രചോദനം പകരുന്നു.
അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ സങ്കല്പം
യഥാര്‍ത്ഥ ക്ഷേമത്തിന് തനിയെ നിലനില്‍പ്പില്ല. മനുഷ്യന്റെ ആരോഗ്യവും സമൂഹത്തിന്റെ ക്ഷേമവും ഭൂമിയുടെ ആരോഗ്യവും തമ്മില്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ജീവിതശൈലി രോഗങ്ങളും പരിസ്ഥിതി നാശവുമെല്ലാം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നയപരമായ ഇടപെടലുകള്‍ക്കപ്പുറം നമ്മുടെ ശീലങ്ങളിലെ പരിവര്‍ത്തനവും ആവശ്യപ്പെടുന്നുണ്ട്.
ഈ അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ നമ്മുടെ പ്രതിബദ്ധത യോഗ പായയില്‍ മാത്രമൊതുങ്ങരുത്. കേവലം ദൈനംദിന പരിശീലനമെന്നതിലുപരി ജീവിതരീതിയായി നമുക്ക് യോഗയെ സ്വീകരിക്കാം – വിവേകപൂര്‍ണമായ വിനിയോഗവും ആന്തരിക അച്ചടക്കവും പാരിസ്ഥിതിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്ന ഒരു ജീവിതരീതി.
ബോധപൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രധാനമന്ത്രി നല്‍കിയ ആഹ്വാനം നമുക്ക് ഏറ്റെടുക്കാം. ഉപഭോഗത്തിലൂടെ മാത്രമല്ല, മറിച്ച് എത്രത്തോളം ഉത്തരവാദിത്തത്തോടെ നാം ജീവിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ പുരോഗതി വിലയിരുത്തുന്ന ഒരു ഭാവി നമുക്ക് യാഥാര്‍ത്ഥ്യമാക്കാം.
സ്വയം മാറാം; ഭൂമിയുടെ അന്തരീക്ഷത്തിന് നമുക്കൊരുമിച്ച് സൗഖ്യം പകരാം.












