പത്തനംതിട്ട: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 51,383 കോടി രൂപയുടെ നിക്ഷേപത്തോടെ 62 കപ്പലുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പദ്ധതിക്ക് ഭാരതം രൂപം നല്‍കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
സമുദ്ര വ്യാപാര പാതയിലെ ആഗോള സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ കപ്പലുകളുടെ ശേഷി 2.85 ലക്ഷമായി വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അമോണിയ വഹിക്കുന്നതിനുള്ള പ്രത്യേക കപ്പലുകള്‍ നിര്‍മിക്കാന്‍ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറമുഖ മേഖലയിലെ ലക്ഷ്യങ്ങള്‍, റോഡ് മാപ്പ്, എന്നിവ വ്യക്തമാക്കുന്ന ഒരു ധവളപത്രം തയാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാവും ഇത് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കൂടാതെ കണ്ടെയ്‌നറുകള്‍, കപ്പലുകള്‍, എല്‍പിജി, ക്രൂഡോയില്‍, ഗ്രീന്‍ ടഗ്ഗുകള്‍ എന്നിവയുടെ എണ്ണം അടിയന്തരമായി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഭാവിയില്‍ ആഗോള വെല്ലുവിളികളെ നേരിടുന്നതിന് വിതരണ ശൃംഖല തടസമില്ലാതെ നിലനിര്‍ത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓര്‍പ്പിച്ചു. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും, പൊതുമേഖല കമ്പനികളും സംയുക്തമായി 59 കപ്പലുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ അവലോകനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 915 ദശലക്ഷത്തിന്റെ ചരക്ക് നീക്കമാണ് പ്രധാന തുറമുഖങ്ങള്‍ വഴി ഭാരതത്തില്‍ നടന്നത്. ഇത് ലോക റെക്കോര്‍ഡ് ആണ്. സമുദ്രവ്യാപാര രംഗത്ത് കഴിഞ്ഞ 11 വര്‍ഷത്തെ സുസ്ഥിരമായ വളര്‍ച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്. കൂടാതെ സമുദ്ര ഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാഗര്‍ മാല പദ്ധതിയിലൂടെ 6.06 ലക്ഷം കോടി രൂപയുടെ 845 പദ്ധതികളാണ് രാജ്യത്ത് ഉടനീളം നടപ്പിലാക്കി വരുന്നത് കോസ്റ്റല്‍ ബെര്‍ത്ത് പദ്ധതി പൂര്‍ത്തീകരിച്ചതോടെ പ്രതിവര്‍ഷം 9.84 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഭാരതം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി മാറിയത് സാഗര്‍മാല പദ്ധതി മൂലമാണ്. ഭാരതത്തിലെ തുറമുഖങ്ങളെ എല്ലാം ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനും തുറമുഖ അധിഷ്ഠിത വികസനം ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് ഈ പദ്ധതി. ഇതിനോടൊപ്പം 2047 ഓടെ സമുദ്രമേഖലയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാന്‍ ലക്ഷ്യംവെച്ചുള്ള അമൃത് കാല്‍ വിഷന്‍ പദ്ധതിയും സജീവമാണ്.












