പാറ്റ്‌ന: ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ രാജ്യത്ത് ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിൻ തീപിടിത്ത സംഭവമാണിത്.
തീപിടിത്തമുണ്ടായ ഉടൻ തന്നെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ വെച്ച് തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് തീപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ബിഹാറിലെ ഈ അപകടം. രാജധാനി എക്സ്പ്രസിലെ യാത്രക്കാരെയും അന്ന് സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചിരുന്നു.
അതിനിടെ, രാജധാനി എക്സ്പ്രസ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വെസ്റ്റ് സെൻട്രൽ റെയിൽവേ സോൺ ഉന്നത അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് ലെവൽ അന്വേഷണ സമിതിക്ക് രൂപം നൽകി. വെസ്റ്റ് സെൻട്രൽ റെയിൽവേ, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF), റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ഈ പാനൽ. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസറാണ് സമിതിയുടെ അധ്യക്ഷൻ.











