
ഗുവാഹത്തി: വംശനാശ ജീവികളുടെ സംരക്ഷണ ദിനത്തില്‍ ഭാരതത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ടാഗ് ചെയ്ത ഗംഗാ സോഫ്റ്റ്ഷെല്‍ ആമയെ ആസാമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സഞ്ചാരപാതയും ആവാസവ്യവസ്ഥയും കൃത്യമായി നിരീക്ഷിക്കുന്നതിനാണ് അത്യാധുനിക സാറ്റലൈറ്റ് ടാഗിങ് സംവിധാനം ഉപയോഗിക്കുന്നത്.
ഭാരതത്തിലെ ആമ സംരക്ഷണ ശ്രമങ്ങളില്‍ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന ഈ ചരിത്ര മുഹൂര്‍ത്തം ജൈവവൈവിധ്യ സംരക്ഷണത്തില്‍ ആസാം നല്‍കുന്ന പ്രാധാന്യത്തെയാണ് എടുത്തുകാണിക്കുന്നത്. കാസിരംഗയില്‍ ഇത് ആദ്യത്തേത്, വംശനാശ ജീവികളുടെ സംരക്ഷണ ദിനത്തിന്റെ ഭാഗമായി, രാജ്യത്തെ ആദ്യത്തെ ഉപഗ്രഹ ടാഗ് ചെയ്ത ഗംഗാ സോഫ്റ്റ്ഷെല്‍ ആമയെ വിട്ടയച്ചുവെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വന്യജീവി സംരക്ഷണത്തിലെ ഒരു വലിയ വിജയമാണിത്, ആസാമിന് അഭിമാനകരമായ നിമിഷമെന്നും അദ്ദേഹം കുറിച്ചു.
ലോകത്തിലെ ശുദ്ധജല ആമ സംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായാണ് ആസാം കണക്കാക്കപ്പെടുന്നത്. 21 ഇനം ആമകള്‍ക്ക് സംസ്ഥാനം ആവാസ കേന്ദ്രമാണ്. ഭാരതത്തിലെ എട്ട് സോഫ്റ്റ്ഷെല്‍ ആമ ഇനങ്ങളില്‍ അഞ്ചെണ്ണം കാസിരംഗയില്‍ മാത്രമാണ് കാണപ്പെടുന്നത്. കാസിരംഗ അധികൃതരുടെയും അസം വനം വകുപ്പിന്റേയും സഹകരണത്തോടെ, ഭാരതത്തിലെ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. അഭിജിത് ദാസിന്റെ നേതൃത്വത്തിലാണ് ഉപഗ്രഹ ടാഗിങ് നടന്നത്.
ബ്രഹ്‌മപുത്ര നദീതടത്തിലുടനീളമുള്ള ആമയുടെ ചലന രീതികള്‍, പ്രജനന കേന്ദ്രങ്ങള്‍, നിര്‍ണായക ആവാസ വ്യവസ്ഥകള്‍ എന്നിവ തിരിച്ചറിയാന്‍ ഗവേഷകരെ ഈ പദ്ധതി സഹായിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. വെറ്ററിനറി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍, ആരോഗ്യമുള്ള ഒരു മുതിര്‍ന്ന ആമയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെവിടുന്നതിന് മുമ്പ് ഒരു ഉപഗ്രഹ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്.