ശബ്ദഘോഷനിര്‍ഭരമെന്നും തെല്ലെങ്കിലും ആസുരമെന്നും വിശേഷിപ്പിക്കാവുന്ന പാണ്ടിമേളത്തിന്റെ സൗമ്യവും ജനരഞ്ജകവുമായ മുഖമാണ് ഇക്കൊല്ലം തിരുവമ്പാടിയുടെ ചുക്കാന്‍ പിടിച്ച ചേറുശ്ശേരി കുട്ടന്‍ മാരാര്‍. വിനയത്തിന്റെയും ഗുരുത്വത്തിന്റെയും ആള്‍രൂപമായ കുട്ടന്‍മാരാര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്റെ നല്ലപാതിയുടെകൂടി നാടായ ചേറുശ്ശേരിയിലെ വടക്കിനിയപ്പന്‍ ക്ഷേത്രത്തില്‍ അവതരിപ്പിച്ച പാണടിമേളത്തിന്റെ ശുദ്ധി ഇന്നും മനസ്സിന് സന്തോഷം നിറയ്‌ക്കുന്നു.
ചേറുശ്ശേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ‘പുണര്‍തമൂട്ടി’നോടനുബന്ധിച്ച് അരങ്ങേറിയ ആ നാദവിസ്മയത്തില്‍ മേളത്തിന്റെ അവസാന റൗണ്ടുകളില്‍ കുട്ടന്‍മാരാര്‍ വരുത്തിയ ജനപ്രിയ വ്യതിയാനങ്ങള്‍ കാതിനിമ്പമേകി താളപ്രമാണിയും ജ്യോതിഷപണ്ഡിതനുമായിരുന്ന കുമാരപുരം അപ്പുമാരാരുടെ പുത്രനാണ് ചേറുശ്ശേരി കുട്ടന്‍ മാരാര്‍. മേളപാരമ്പര്യങ്ങളേയും ചിട്ടവട്ടങ്ങളേയും സംബന്ധിച്ച ഒരു സര്‍വ്വവിജ്ഞാനമായിരുന്നു അപ്പുമാരാര്‍, ചിതലി രാമമാരാര്‍, പെരുവനം അപ്പു മാരാര്‍, തൃപ്പേക്കുളം അച്ചുത മാരാര്‍ തുടങ്ങി പഴയ തലമുറയിലെ നിരവധി കലാകാരന്‍മാര്‍ സംശയനിവൃത്തിക്കും ഉപദേശനിര്‍ദ്ദേശങ്ങള്‍ക്കും സമീപിച്ചിരുന്ന വിജ്ഞാനഗോപുരം തന്നെയായിരുന്നു അദ്ദേഹം എന്നും പറയാം. ഇത്തരം ഒരു പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന കുട്ടന്‍ മാരാര്‍ പതികാലത്തിന്റെ സാവകാശവും ഇരട്ടിയുടെ ദ്രുതദീപ്തിയും സ്വാംശീകരിച്ചതില്‍ അത്ഭുതത്തിനൊന്നും അവകാശമില്ല.
എന്നാല്‍ അക്കാലത്തെ സാമൂഹിക സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത് ഒരു ബിരുദതലം വരെയെങ്കിലും വിദ്യാഭ്യാസം ചെയ്യണം എന്നത് അപ്പുമാരാര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തന്നെ കൊണ്ടു പോയി കാണിച്ച ശേഷം മാത്രമേ കുട്ടന്‍ മാരാരെ കലയുടെ ലോകത്തില്‍ മുഴുവനായി മുഴുകാന്‍ അദ്ദേഹം സമ്മതിച്ചുള്ളൂ എന്നത് മേളചരിത്രത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി വിടര്‍ന്നു.
കേരളീയ താളവാദ്യചരിത്രത്തില്‍ ഏറെ പ്രമാണപ്പെട്ട പണ്ടാരത്തില്‍ കുടുംബത്തില്‍ പെട്ടയാളാണ് കുട്ടന്‍ മാരാരുടെ അമ്മ. അഞ്ചു നൂറ്റാണ്ടോളം അരങ്ങ്‌സാന്നിധ്യം അവകാശപ്പെടാവുന്ന പഞ്ചാരിക്ക് നിയതവും നിയന്ത്രിതവും നിഷ്‌കൃഷ്ട്ടവുമായ രംഗപാഠം ചമച്ചത് പണ്ടാരത്തില്‍ തറവാട്ടില്‍ പെട്ട രാമമാരാരായിരുന്നു. മഴമംഗലത്ത് നാരായണന്‍ നമ്പൂതിരിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് ശബ്ദസ്വരൂപവും താളവൈവിധ്യവും കൈവന്നത് രാമമാരാരുടെ മേളജ്ഞാനം കൂടി ചേര്‍ന്നു കഴിഞ്ഞപ്പോഴാണ്.
ചേറുശ്ശേരിക്ക് സമീപം തിരുവുള്ളക്കാവില്‍ അരങ്ങേറ്റം കുറിച്ച കുട്ടന്‍ മാരാര്‍ 26 വര്‍ഷം ഊരകത്ത് മേളമവതരിപ്പിച്ച അനന്യമായ അനുഭവ സമ്പത്തോടെയാണ് ഇപ്പോള്‍ തിരുവമ്പാടിയുടെ നേതൃസ്ഥാനത്ത് എത്തിയിരിക്കുന്നത്. വിളംബ കാലത്തില്‍ കാലപ്രമാണം അണുവിട മാറിപ്പോകാതെ പിടിച്ചുനിര്‍ത്തുന്നതില്‍ കുട്ടന്‍ മാരാര്‍ക്ക് ഊരകത്ത് ലഭിച്ച പ്രായോഗിക പരിചയം ഇന്നത്തെ സാഹചര്യത്തില്‍ അലഭ്യമായതിനാല്‍ തന്നെ വിലമതിക്കാനാകാത്തതുമായി.
സാധാരണ കേള്‍വിക്ക് താളത്തിന്റെ ഘടനയെ പോലും വിദഗ്ധമായി മറയ്‌ക്കുന്നത്ര സാവകാശത്തിലാണ് പഞ്ചാരിക്കും പാണ്ടിക്കും മറ്റും വിളംബകാലം കൊട്ടുന്നത്. കര്‍ണാടക സംഗീതത്തിന്റെ വ്യവഹാര വഴക്കങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഏഴും എട്ടും വരെ ‘കളചൗക്ക’ത്തിലാണ് – വിളംബത്തില്‍ – ചെണ്ടമേളത്തിന് ഗണപതിക്കൈ കൊട്ടുന്നത്. അവിടെ നിന്ന് പടിപടിയായി കാലപ്രമാണം ഏറ്റി സാധാരണമായ ഒരു കളയില്‍ എത്തുമ്പോള്‍ നമ്മുടെ കാതുകള്‍ക്ക് മേളത്തിന്റെ ഗതിവേഗം അസാമാന്യമായി ഉയര്‍ന്നു എന്നു തോന്നുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ പാതാള വിളംബ കാലത്തില്‍ പ്രമാണം നില്‍ക്കുന്നത് ശ്രമകരമാണ്; ബദ്ധശ്രദ്ധ അവശ്യമാവശ്യമായതാണ്.
ഇക്കാര്യത്തില്‍ അതി വിദഗ്ധനാണ് ചേറുശ്ശേരി കുട്ടന്‍ മാരാര്‍ എന്ന കാര്യത്തില്‍ സംശയമേയില്ല. നേരത്തേ സൂചിപ്പിച്ച പുണര്‍തമൂട്ടു മേളത്തില്‍ തന്നെ ശ്രദ്ധാപൂര്‍വ്വം തുടക്കമിട്ട പതികാല മേളം പൂര്‍ണത കൊണ്ടും വ്യക്തത കൊണ്ടും സംഗീതാത്മകമായിരുന്നു എന്നേ പറയാനാകൂ.
ചെണ്ടയുടെയും കൊമ്പു കുഴലുകളുടെയും ഒക്കെ അകമ്പടിയോടെ അന്ന് കുട്ടന്‍ മാരാര്‍ കൊട്ടിയുയര്‍ത്തിയ മേളഗോപുരം കൃത്യമായ കണക്കുക്കൂട്ടലുകളുടെ അമൂല്യനിധി കൂടിയായിരുന്നു എന്നത് സ്വര്‍ണത്തിന് സുഗന്ധം ലഭിച്ചതു പോലെയുള്ളൊരു പ്രതിഭാസമായിരുന്നു.
അതിവിളംബകാലത്തില്‍ നൂറും അതിലധികവും ചെണ്ടക്കാരെയും മറ്റ് അനുബന്ധ കലാകാരന്‍മാരെയും നയിക്കുക എന്നത് പൂര്‍ണ ശ്രദ്ധ അനിവാര്യമായ അസിധാരാ വ്രതമാണ്.
ആവര്‍ത്തന വിരസതയുണ്ടാക്കാതെ, എണ്ണപ്പെരുക്കങ്ങളിലൂടെയും കളം ചുരുക്കിയും (വേഗത കൂട്ടിയും) മേളം കൊഴുപ്പിക്കുക എന്നത് പാണ്ഡിത്യവും പരിചയവും പരിണതപ്രജ്ഞയും വളരെ വലിയ അളവില്‍ ആവശ്യമായി വരുന്ന പ്രവൃത്തി കൂടിയാണ്. കുട്ടന്‍ മാരാരെ സംബന്ധിച്ചിടത്തോളം മേളത്തിന് വേണ്ടി സമര്‍പ്പിച്ച ഒരു ജീവിതത്തിന്റെ അസാമാന്യമായ ക്‌ളൈമാക്‌സാണ് തിരുവമ്പാടിയുടെ പ്രാമാണ്യം എന്നേ പറയാവൂ.
ചേറുശ്ശേരിയില്‍ നടന്ന അനുമോദന യോഗത്തില്‍ സന്തോഷവാനെന്ന് സ്വയം വിശേഷിപ്പിച്ച കുട്ടന്‍മാരാര്‍ തിരുവമ്പാടിയിലെ പ്രാമാണ്യം വലിയ ഉത്തരവാദിത്തമാണെന്ന് എടുത്തു പറഞ്ഞു. നിരവധി പ്രഗത്ഭര്‍ പടുത്തുയര്‍ത്തിയ മേളസമുച്ചയത്തെ കൂടുതല്‍ ചേതോഹരവും താളസൗഭഗവുമാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം വിനയപൂര്‍വ്വം ഏറ്റെടുക്കുന്നു എന്നു പറഞ്ഞ കുട്ടന്‍ മാരാര്‍ വാദ്യകലാലോകത്തിലെ ഗുരുത്വത്തിന്റ്റെയും ലാളിത്യത്തിന്റെയും നിത്യപ്രതീകമാണ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി തെല്ലുമേയില്ല.
















