ആലപ്പുഴ: ധീരബലിദാനി അഡ്വ. രണ്‍ജിത് ശ്രീനിവാസന്റേയും അഡ്വ. ലിഷ രണ്‍ജിതിന്റേയും മകള്‍ ഹൃദ്യ രണ്‍ജീതിന് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയത്തിളക്കം. എല്ലാ വിഷയങ്ങള്‍ക്കും ഹൃദ്യ എ പ്ലസ് നേടി. പ്രതിസന്ധികളോട് പൊരുതി നേടിയ വിജയമാണ് ഹൃദ്യയുടേത്. നാലര വര്‍ഷം മുന്‍പ് ഇസ്ലാമിക മതഭീകരവാദികളുടെ ക്രൂരതയില്‍ അച്ഛന്‍ മരിച്ചുവീഴുന്നത് നേരില്‍ കണ്ടതിന്റെ ആഘാതം അനുവഭിച്ച മകളാണ്.
അച്ഛന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കണ്ണീരിനെ അതിജീവിച്ച്, ധീരമായി അവള്‍ നടന്നു കയറിയത് വിജയത്തിന്റെ നെറുകയിലേക്കാണ്. ഹൃദ്യ രഞ്ജിത്തിന്റേത് വെറുമൊരു വിജയമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി ജയിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും പ്രചോദനമാണ്. മൂത്ത സഹോദരി ഭാഗ്യ രണ്‍ജീത് തിരുവനന്തപുരം ലോ കോളജില്‍ എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഭാഗ്യയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. അച്ഛന്റെയും അമ്മയുടേയും മാര്‍ഗത്തില്‍ നിയമവഴി തെരഞ്ഞെടുക്കുകയായിരുന്നു ഭാഗ്യ. അമ്മ ലിഷയും രണ്‍ജീതിന്റെ അമ്മ വിനോദിനിയും മക്കളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിഴല്‍ പോലെ ഒപ്പമുണ്ട്.
2021 ഡിസംബര്‍ 19ന് രാവിലെയാണ് ആലപ്പുഴ വെള്ളക്കിണര്‍ കുന്നുംപുറത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പിഎഫിഐ ഭീകരവാദികള്‍ കൊലപ്പെടുത്തുന്നത്. അമ്മയുടെയും ഭാര്യയുടേയും, ഇളയ മകളുടെയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. കേസില്‍ 15 മതഭീകരവാദികളെ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു.













