കോട്ടയം: സംസ്ഥാനത്ത് ഇടിമിന്നലേറ്റു മരിക്കുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുന്നു. ഇന്നലെ മലപ്പുറം മങ്കടയില്‍ നാലു വിദ്യാര്‍ത്ഥികള്‍ മിന്നലേറ്റു മരിച്ചതാണ് ഒടുവിലത്തേത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണക്കനുസരിച്ച് 2025-26ല്‍ 71 പേരാണ് മിന്നലേറ്റു മരിച്ചത്. 2024ല്‍ 13 മിന്നലേറ്റുള്ള മരണങ്ങള്‍ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം, അപ്രതീക്ഷിത മഴ, ശക്തമായ മിന്നല്‍ എന്നിവ അപകട സാധ്യത കൂട്ടുമെന്ന് വിദഗ്ധര്‍ പറയുന്നു.
സാധാരണ വേനല്‍ക്കാലം അവസാനത്തോടെയും കാലവര്‍ഷം തുടങ്ങും മുമ്പും മിന്നല്‍ ശക്തമാകാറുണ്ട്. ഇത്തവണ ഏപ്രില്‍, മേയ് മാസങ്ങളില്‍ത്തന്നെ ശക്തമായ മിന്നലോടുകൂടിയ മഴയാണുണ്ടായത്. ഉച്ചയ്‌ക്കു ശേഷവും വൈകുന്നേരവും മിന്നല്‍ ശക്തമാകുന്ന പ്രവണതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. മേഘങ്ങള്‍ തമ്മിലോ മേഘവും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാര്‍ജാണ് മിന്നലിനു കാരണം.
ഇടിമിന്നല്‍ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ പോലുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.
മേയ് 10ന് വിവിധ ജില്ലകളിലുണ്ടായ മിന്നല്‍ പ്രഹരങ്ങളുടെ കണക്ക്
കാസര്‍കോട്-581, കണ്ണൂര്‍-387, മലപ്പുറം-223, കോഴിക്കോട്-201, പാലക്കാട്-91, തൃശൂര്‍-85, തിരുവനന്തപുരം-29, കൊല്ലം-17, വയനാട്-17, എറണാകുളം-16, ഇടുക്കി-12, കോട്ടയം-11, പത്തനംതിട്ട-5, ആലപ്പുഴ-2













