കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. പൊതുനിരത്തുകളിൽ നമസ്കാരം നിർവ്വഹിക്കുന്നത് നിയന്ത്രിക്കുമെന്നും തെരുവുകളിൽ പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും ബിജെപി എംഎൽഎ അർജുൻ സിംഗ് വ്യക്തമാക്കി. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭരണമേറ്റെടുത്തതിന് പിന്നാലെയുള്ള സർക്കാരിന്റെ ആദ്യ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെ, പൊതു ക്രമസമാധാനം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരലുകൾ എന്നിവയിൽ ഭരണകൂടം ഇതിനകം കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അർജുൻ സിംഗ് പറഞ്ഞു.
“മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ട്. തെരുവുകളിൽ നമസ്കാരം അനുവദിക്കില്ല. അവർ പള്ളികളിൽ പ്രാർത്ഥിക്കട്ടെ, പക്ഷേ തെരുവുകളിൽ അത് സഹിക്കില്ല,” അർജുൻ സിംഗ് പറഞ്ഞു.
കൊൽക്കത്തയിലെ റെഡ് റോഡ് ഏരിയയിലെ പൊതു പ്രാർത്ഥനകളെ പരാമർശിച്ച്, ഇത്തരം ഒത്തുചേരലുകൾ ഇനി അനുവദിക്കില്ലെന്നും ഇത് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള റെഡ് റോഡിലെ ഈദ് നമസ്കാരം മുൻപും തർക്കവിഷയമായിരുന്നു.
“കന്നുകാലി കടത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കല്ലേറ് അനുവദിക്കില്ല,” അർജുൻ സിംഗ് പറഞ്ഞു. കന്നുകാലി കടത്ത് തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച തന്നെ ഭരണകൂടം പോലീസിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ അനധികൃത കന്നുകാലി ചന്തകൾ ഉടൻ അടച്ചുപൂട്ടാനാണ് ഉത്തരവ്. അതിർത്തി ജില്ലകളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും നിരീക്ഷണം ശക്തമാക്കി കടത്ത് ശൃംഖലകൾ തകർക്കാനും നിർദ്ദേശമുണ്ട്.
ബിർഭൂം നേതാവ് അനുബ്രത മൊണ്ടൽ ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കന്നുകാലി കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപി മുൻപ് ആരോപിച്ചിരുന്നു. ഈ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നടക്കുന്നുണ്ട്.















