ന്യൂദൽഹി: രാജ്യത്ത് കമ്മ്യൂണിസറ്റ് ഭരണം ഇല്ലാതായി, ഇത് ഭാരത ജനാധിപത്യത്തിലെ വലിയ ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇത് തെരഞ്ഞെടുപ്പിൽ വികാരത്തിന്റെ പേരിൽ സംഭവിച്ചതല്ല. ഇത് സുചിന്തിതമായ തീരുമാനത്തിൽ സംഭവിച്ചതാണ്. രാജ്യം വളരേണ്ടതിന്റെ ആവശ്യകതയിൽ സംഭവിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ വിജയോത്സവത്തിൽ ന്യൂദൽഹി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വികാസവും വിശ്വാസവും പുരോഗതിയുമാണ് ഇന്ന് ഭാരതം ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസ് എതിർദിശയിലാണ്. വിഘടനം മുഖ്യ അജണ്ടയായ കമ്യൂണിസ്റ്റുകളെ നിരാകരിക്കാൻ രാജ്യം മുഴുവൻ തയാറാകുമ്പോൾ നിർഭാഗ്യമെന്ന് പറയാം, കോൺഗ്രസ് അവരുമായി മേളിച്ച് പ്രവർത്തിക്കുകയാണ്. രാജ്യത്തെ പിളർത്തി തകർക്കുന്ന കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു. പക്ഷേ, കോൺഗ്രസ് അർബൻ നക്‌സലുകളെ സഹായിക്കാൻ അവർക്ക് കഴിയുന്നിടത്തെല്ലാം സംരക്ഷണം നൽകാൻ ശ്രമിക്കുന്നു.
ഒരു രാജ്യവും തമ്മിൽ സംഘർഷമില്ലാത്ത സംവിധാനമാണ് കേന്ദ്ര സർക്കാരും ബിജെപിയും വിഭാവനം ചെയ്യുന്നത്. എന്നാൽ, ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും അങ്ങനെ അല്ലായിരുന്നു. അവർ മൂന്നിനെയും ജനങ്ങൾ മാറ്റി. അവർക്ക് വിഭജനത്തിന്റെ രാഷട്രീയമാണ്. അവർക്ക് ചേർക്കുന്നതിലല്ല, അകറ്റുന്നതിലാണ് താൽപര്യം. ചിലർ ഭാഷയുടെ പേരിൽ, ചിലർ ഭക്ഷണത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. പക്ഷേ ജനത ഇവർക്ക് മറുപടി നൽകി. വിവാദങ്ങളല്ല, വികാസം വേണമെന്ന് പറഞ്ഞു. വിഭജനമല്ല, വിശ്വാസം വേണമെന്ന് പറഞ്ഞു.
വനിതാ സംവരണത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ അതിനെ കോൺഗ്രസ് തടഞ്ഞു. ബംഗാളിലെ വനിതകൾ, ടിഎംസി ആ നിയമത്തിനോട് എടുത്ത നിലപാടിന് തക്ക ശിക്ഷ നൽകി. തമിഴ്‌നാട്ടിലും അത് സംഭവിച്ചു. കേരളത്തിലെ യുഡിഎഫിനെ സ്ത്രീകൾ അടുത്ത തെരഞ്ഞെടുപ്പിൽ പഠിപ്പിക്കുമെന്ന് ഉറപ്പ്. യുപിയിൽ സമാജ്‌വാദി പാർട്ടിയെ മഹിളകൾ പഠിപ്പിക്കും.
എന്നാൽ, മറ്റെല്ലാ സർക്കാരുകളോടുമെന്ന പോലെ ബംഗാൾ, കേരളം, തമിഴ്‌നാട് സർക്കാരുകളുമായി വികസനത്തിന്റെ കാര്യത്തിൽ തോളോട് തോൾ ചേർന്നു പ്രവർത്തിക്കും, പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്ക്ഭാരതം വളരണമെന്നും ഭാരതീയത വളരണമെന്നുമാണ് ചിന്ത. ബിജെപി പ്രാദേശിക ആവശ്യങ്ങൾ സാധിച്ച് ദേശീയ വികാരം സാദ്ധ്യമാക്കണമെന്ന സങ്കൽപ്പമുള്ള പാർട്ടിയാണ്, മോദി വിശദീകരിച്ചു.
















