മലയാളഭാഷയുടെയും ആധുനികമലയാളകവിതയുടെയും മാനവീകരണത്തിനും വ്യവസ്ഥാപനത്തിനും കാരണക്കാരന്‍ തുഞ്ചത്തെഴുത്തച്ഛനാണെന്നത് സുവിദിതം. സാഹിത്യചരിത്രങ്ങളും പഠനങ്ങളുമെല്ലാം മുന്നേറുന്നത് ആ നിലപാടുതറയില്‍ നിന്നുകൊണ്ടുതന്നെയാണ്. തനിക്കുമുന്‍പ് ഇവിടെയുണ്ടായിരുന്ന പാട്ട്, മണിപ്രവാളം എന്നീ വ്യത്യസ്തമായ കാവ്യസരണികളെ ചൈതന്യാത്മകമായി ഉദ്ഗ്രഥിച്ച് ഉത്കൃഷ്ടമായ ഒരു നൂതനകാവ്യപഥം സൃഷ്ടിച്ചത് എഴുത്തച്ഛനാണെന്നതില്‍ പക്ഷാന്തരമില്ല. ‘ദ്രമിഡസംഘാതാക്ഷരനിബന്ധ’മായിരുന്ന ഭാഷയ്‌ക്ക് ദേവഭാഷയായ സംസ്‌കൃതത്തിന്റെ അമൃതചൈതന്യം പകര്‍ന്നുകൊണ്ട് കേരളീയരുടെ മാതൃഭാഷയെ ജീവസ്സുറ്റ മലയാളമാക്കിത്തീര്‍ത്തതും എഴുത്തച്ഛനല്ലാതെ മറ്റാരുമല്ല. അതോടൊപ്പം, ആത്മീയതയുടെയും ഭൗതികതയുടെയും ആശയവാഹിനികളെപ്പോലെ വര്‍ത്തിച്ച ആ രണ്ടുകാവ്യസമ്പ്രദായങ്ങളും അഭിമുഖീകരിച്ചുപോന്ന പരിമിതികളെയും പരാധീനതകളെയും അതിവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അവയ്‌ക്കു സ്വായത്തമായതും എഴുത്തച്ഛന്‍ സാധിച്ച ഭാഷോദ്ഗ്രഥനത്തില്‍ക്കൂടിത്തന്നെയായിരുന്നു. ”തുഞ്ചത്തെഴുത്തച്ഛനെ ഭാഷാസാഹിത്യത്തിന്റെ പിതാവെന്നും കേരളീയരുടെ ഗുരുവെന്നും പറയുന്നത് ഏറ്റവും അര്‍ത്ഥവത്താകുന്നു. അദ്ദേഹം കൈരളിയെ പലപ്രകാരത്തില്‍ സമര്‍ത്ഥമായി, സഫലമായി പരിപോഷിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. അധ്യാപനമായിരുന്നു അദ്ദേഹത്തിന്റെ യൗവനത്തിലെ ജീവിക; അനന്തരം അദ്ദേഹം തുരീയാശ്രമത്തില്‍ പ്രവേശിക്കുകയും അനുരൂപന്മാരായ ശിഷ്യന്മാരാല്‍ പരിവൃതനായി അവര്‍ക്കും മറ്റുള്ളവര്‍ക്കും അധ്യാത്മജ്ഞാനം ഉപദേശിച്ചുകൊണ്ട് ആയുശ്ശേഷം നയിക്കുകയും ചെയ്തു” എന്ന ഒ.എന്‍.വി. കുറുപ്പിന്റെ നിഗമനത്തിന്റെ സാധുതയാണ് ഇതുവരെ വിവരിച്ചത്.
അദ്ധ്യാപകന്‍ ആചാര്യനും കവി ഋഷികവിയുമാകുമ്പോള്‍ മാത്രം സംഭവിക്കുന്ന മഹാധന്യതയാണ് തുഞ്ചത്തെഴുത്തച്ഛന്റെ കാര്യത്തില്‍ നാം ദര്‍ശിച്ചത്. ആ യുഗധര്‍മ്മം ഭക്തിപ്രസ്ഥാനത്തോടു ചേര്‍ന്നുവന്നത് ഒട്ടും ആകസ്മികമല്ല. ”ഉച്ചനീചത്വങ്ങളും വര്‍ണ്ണഭേദങ്ങളും കിടമത്സരങ്ങളും ഭോഗലാലസതയും മറ്റും നാശത്തിലേക്കുനയിച്ചുകൊണ്ടിരിക്കുന്ന ഒരു ജനസമൂഹത്തിന്റെ ആത്മവേദനകള്‍ക്ക് ഉപശാന്തിയും ഉജ്ജീവനവുമായിത്തീര്‍ന്ന ഭക്തിപ്രസ്ഥാനത്തെ പ്രോജ്ജ്വലിപ്പിക്കുക എന്ന മഹനീയദൗത്യമാണ് എഴുത്തച്ഛന്റെ കൃതികള്‍ നിറവേറ്റിയത്. ഭക്തിയിലൂടെ കേരളീയജനസമൂഹത്തെയാകെ ഏകീകരിക്കുവാനും അധികാരമോഹംപൂണ്ട വിദേശികളും സ്വദേശികളും കലാപമുഖരിതമാക്കിയ അന്തരീക്ഷത്തില്‍ ശാന്തിനിലാവ് ഉദിപ്പിക്കുവാനുള്ള ഒരു കവിയുടെ മഹനീയമായ തപസ്യയുടെ സാഫല്യമാണ് ആ കൃതികള്‍…… ഭക്തിപ്രസ്ഥാനമെന്ന് അറിയപ്പെടുന്നത് മറ്റൊന്നുമല്ല. ഈ പ്രസ്ഥാനത്തിന് ഇന്ത്യയുടെ പ്രമുഖഭാഷകളില്‍ ശില്‍പ്പികളായത് കവികള്‍കൂടിയായ ആത്മീയാചാര്യന്മാരോ അതുമല്ലെങ്കില്‍ യോഗിതുല്യരായി ജീവിച്ച കവികളോ ആണെന്നതും പ്രസിദ്ധമത്രേ. അവര്‍ക്ക് കവിത ജീവിതം തന്നെയായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അവര്‍ കവിതയ്‌ക്കുവേണ്ടി ജീവിക്കുകയും ജീവിതത്തിന്റെ ധന്യതയ്‌ക്കായി കവിത രചിക്കുകയും ചെയ്തു.” എഴുത്തച്ഛന്റെ ജന്മദൗത്യത്തെക്കുറിച്ചുള്ള ഒഎന്‍വിയുടെ കൃത്യമായ വിലയിരുത്തലാണിത്.
ഇങ്ങനെ കവിതയിലൂടെ തന്റെ ദര്‍ശനം ജനസാമാന്യത്തിന് എത്തിച്ചുകൊടുക്കുകവഴി എഴുത്തച്ഛന്‍ ഭാരതീയനവോത്ഥാനത്തിലെ ശക്തമായ ഒരു കണ്ണിയായിത്തീര്‍ന്നു. അദ്ദേഹം അവതരിപ്പിച്ച ദര്‍ശനമാകട്ടെ, വേദോപനിഷത്തുകളും ഇതിഹാസപുരാണാദിപുണ്യഗ്രന്ഥങ്ങളും ആവര്‍ത്തിച്ചുദ്‌ഘോഷിച്ചുപോന്നവയും ശ്രീശങ്കരാചാര്യരുടെ അതുല്യപ്രതിഭയാല്‍ സുപ്രതിഷ്ഠിതവുമായ അദ്വൈതവേദാന്തദര്‍ശനം തന്നെയാകുന്നു. ഇത് ഭാരതചരിത്രത്തില്‍ എക്കാലവും പ്രത്യക്ഷമാകുന്ന വിസ്മയദൃശ്യമാണ്. ഭാഷയുടെയോ പ്രദേശത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഭിന്നതകള്‍ക്കിടയിലും ഭാരതീയമായ ആചാരവിശ്വാസങ്ങളിലെല്ലാം പ്രതിഫലിക്കുന്ന ഏകാത്മകദര്‍ശനമാണിത്. ഇതുതന്നെയാണ് നാനാത്വത്തിലെ ഏകത്വം എന്ന വിശേഷണത്തിന് നമ്മുടെ സംസ്‌കാരത്തെ സമര്‍ഹമാക്കുന്ന അടിസ്ഥാനഗുണം. ഇതിനെയാണ് എഴുത്തച്ഛന്‍ പുനരുജ്ജീവിപ്പിച്ചത്.
അതിനായി അദ്ദേഹത്തിന് തന്റെ വ്യക്തിജീവിതം ഹോമിക്കേണ്ടിവന്നു. കേരളത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെട്ട സാഹിത്യകാരന്‍ എഴുത്തച്ഛനാണ്. ജാതിത്താഴ്ചവരുത്തലും നാടുകടത്തലും അദ്ദേഹത്തിനുമേല്‍ വിധിക്കപ്പെട്ട രാജശിക്ഷകളായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കൃതികളാണ് മലയാളികള്‍ക്ക് എല്ലാറ്റിനും ആശ്രയമായിരിക്കുന്നത്. വിദ്യാരംഭം, നാമകരണം, ജന്മദിനം, ശ്രാദ്ധാചരണം, രാമായണമാസാചാരണം എന്നിങ്ങനെ പോകുന്നു ആ സന്ദര്‍ഭങ്ങളുടെ പട്ടിക. ലോകത്ത് മറ്റേതെങ്കിലും ഭാഷയിലെ ഒരു കവിക്ക് ഈ അംഗീകാരം ലഭിച്ചിരിക്കുമോ? ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നുമാത്രമല്ല, ദിവസം കഴിയുന്തോറും എഴുത്തച്ഛന്റെ കൃതികള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്നു. അവയുടെ പ്രസിദ്ധീകരണത്തിലൂടെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. ഇതൊക്കെക്കൊണ്ടാണ് തുഞ്ചത്തെഴുത്തച്ഛന്‍ കേരളസംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ആത്മവിദ്യയുടെയും പരമാചാര്യനായിത്തീരുന്നത്.
ഒരര്‍ത്ഥത്തില്‍ എഴുത്തച്ഛന്റെ ജന്മദൗത്യം ഭാരതചരിത്രത്തിലെ നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ സംഭവിക്കാറുള്ള നിയോഗങ്ങളിലൊന്നെന്നു കരുതാവുന്നതാണ്. സ്വത്വം, സംസ്
കാരം മുതലായവയ്‌ക്ക് പ്രതിബന്ധങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടുള്ളപ്പോഴെല്ലാം എത്രയെത്ര മഹാവ്യക്തികള്‍ ആവിര്‍ഭവിച്ച് അവയ്‌ക്കൊക്കെ പരിഹാരം കണ്ടെത്തിയിരിക്കുന്നു. അവരില്‍, ‘ഉറക്കംതൂങ്ങുന്ന ഒരുകാലഘട്ടത്തില്‍നിന്ന് ഉണര്‍വിന്റെ കാലത്തെ വിളിച്ചുണര്‍ത്തിയ കവി’യായിട്ടാണ് കേരളസമൂഹത്തില്‍ എഴുത്തച്ഛന്‍ രംഗപ്രവേശം ചെയ്തത്. ഉറക്കംതൂങ്ങുന്ന കാലഘട്ടത്തിന്റെ കെടുതികളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തില്ല. ശരിതന്നെ. എന്നാല്‍ ”അദ്ദേഹം രോഗിയോട് രോഗവിവരങ്ങള്‍ വിസ്തരിക്കാതെ സമര്‍ത്ഥമായി ചികിത്സിക്കുന്ന ഒരു ഭിഷഗ്വരനെപ്പോലെയാണ്” കേരളത്തെ അരോഗദൃഢമാക്കിയതെന്ന് കാലം തെളിയിക്കുന്നു.
(അവസാനിച്ചു)
















