ദുബായ്: എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെകില്‍ നിന്നും യുഎഇ രാജിവെച്ചതോടെ ഗള്‍ഫില്‍ വന്‍ പൊട്ടിത്തെറി. സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള വിള്ളല്‍ വര്‍ധിക്കുന്നു എന്ന് മാത്രമല്ല, ഇവര്‍ തമ്മിലുള്ള വഴക്കില്‍ ഇന്ത്യയും പാകിസ്ഥാനും രണ്ട് ചേരിയിലേക്ക് മാറുന്ന രീതിയിലാണ് കാര്യങ്ങള്‍ വികസിക്കുന്നത്.
സൗദി അറേബ്യയുമായി പല കാര്യങ്ങളിലും ഉടക്കിയാണ് യുഎഇയുടെ സമീപ കാല നീക്കങ്ങള്‍. യമനില്‍ സൗദി സൈന്യം യുഎഇക്കെതിരെ പരസ്യമായി നീങ്ങിയത് ഇതിന്റെ പ്രത്യക്ഷ തെളിവായിരുന്നു. സോമാലിയയിലും സൗദിയും യുഎഇയും ഭിന്ന ചേരിയിലാണ്. സുഡാന്‍ വിഷയത്തിലും യുഎഇക്കും സൗദിക്കും വ്യത്യസ്തമായ നിലപാടാണുള്ളത്.
സൗദി അറേബ്യ പാകിസ്താനുമായി ചേര്‍ന്ന് നേറ്റോ മാതൃകയില്‍ ഒരു പ്രതിരോധ കരാര്‍ ഒപ്പുവച്ചതോടെ പാകിസ്താനെതിരെ യുഎഇ നിലപാട് കടുപ്പിക്കുകയാണ്. പാകിസ്താനോട് യുഎഇ വായ്‌പ തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. 350- കോടി ഡോളറായിരുന്നു ഈ കടം. സൗദി അറേബ്യ നല്‍കിയ 500 കോടി ഡോളറില്‍ നിന്നും തുകയെടുത്താണ് പാകിസ്ഥാന്‍ യുഎഇയ്‌ക്കുള്ള കടം വീട്ടിയത്.
കഴിഞ്ഞ ദിവസം യുഎഇയ്‌ക്ക് ആധുനികമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇസ്രയേല്‍ കൈമാറിയിരുന്നു. ഇന്ത്യയും യുഎഇയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ത്യയ്‌ക്ക് സൗദി അറേബ്യയുമായും അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് സൗദിയെ മതാടിസ്ഥാനത്തിലുള്ള ഒരു ഇസ്ലാമിക ചേരിയിലേക്ക് കൊണ്ടുപോവുന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്.
















