Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 01:26 pm IST
in Vicharam, Article, Varadyam

ഈ വർഷത്തെ തപസ്യ അക്കിത്തം പുരസ്കാരം നേടിയ കവി വി. മധുസൂദനൻ നായർ സംസാരിച്ചപ്പോൾ… തയാറാക്കിയത്: കാവാലം ശശികുമാർ

മഹത്വഭൂതകാലമുള്ള ഭാരതത്തിന്റെ ആത്മാവ് വേദവും ഉപനിഷത്തും ഇതിഹാസവുമാണെന്ന് കവിതയിലൂടെ വിളിച്ചു പറഞ്ഞ കവിയാണ് കവി വി. മധുസൂദനന്‍ നായര്‍. ഭാരതവും ഇന്ത്യയും തമ്മിലുള്ള അകലം ഈ കവി അളന്നുകുറിച്ചിട്ടുണ്ട്. തീപ്പന്തങ്ങളും പേറി ഒരുപക്ഷത്തേക്ക് മാത്രം ഓടിക്കൂടുന്നവര്‍ക്കിടയിലൂടെ എതിര്‍ ദിശയിലേക്ക് നെയ്‌ത്തിരികളുമായി തിരക്കില്ലാതെ നടന്നുപോയ വിരലിലെണ്ണാവുന്ന എഴുത്തുകാര്‍ നമുക്കുണ്ട്. നഷ്ടലാഭങ്ങളുടെ കണക്കെടുപ്പില്‍ ആത്മാവ് നഷ്ടമാക്കി, അത് വിറ്റഴിച്ച് കിട്ടുന്ന ഒരു നേട്ടവും മൂല്യവത്തല്ലെന്ന് തിരിച്ചറിഞ്ഞവര്‍. കഴിഞ്ഞ പതിറ്റാണ്ടില്‍ അവരില്‍ കാലം കൊണ്ടുപോയവരേറെ. ആ ചെറു സൗവര്‍ണ പ്രതിപക്ഷത്തിലുള്ള കവിയാണ് മധുസൂദനന്‍ നായര്‍.


കഴിഞ്ഞ വര്‍ഷം കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചത് മധുസൂദനന്‍ നായര്‍ക്കായിരുന്നു. ആ വേളയിലെ കൂടിക്കാഴ്ചയില്‍ കവി ഏറെ സംസാരിച്ചു, കവിതയെ, സാഹിത്യത്തെ, സമൂഹത്തെ, സംസ്‌കാരത്തെ, വിദ്യാഭ്യാസത്തെ, ജീവിതത്തെക്കുറിച്ച്. വര്‍ത്തമാനത്തില്‍നിന്ന്:
? കവിതയും സാഹിത്യവും സര്‍ഗമേഖലയും ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങുന്നുവെന്ന പ്രതീതി ഉണ്ടാകുന്നുണ്ടോ? സാങ്കേതിക സൗകര്യങ്ങള്‍ വിശാലമാക്കുന്നെങ്കിലും വായനയുടെ ലോകം ചെറുതാകുന്നുവോ?
– തന്നില്‍ത്തന്നെ രമിക്കുന്നവരാണിന്ന് അധികവും. അവര്‍ക്ക് ആരെ വായിക്കണമെന്നാണ് ശങ്ക. പ്രത്യേകതരം ആത്മാരാമന്മാരാണ്. അവനവനിലും ഫേസ്ബുക്കിലുമാണ് അധിക സമയവും. സ്വന്തം മുഖം ഉണ്ടാക്കാനും നന്നാക്കാനുമുള്ള പരിശ്രമങ്ങളാണ്. ടെക്‌നോളജിയല്ല പ്രശ്‌നം. അവ ഉപയോഗിക്കുന്ന രീതിയിലാണ്. എല്ലാം നല്‌ലതാണ്. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതിനാണ്. നമ്മളാണ് അതിനെ അശ്ലീലമാക്കുന്നത്. അറിവുകൊണ്ട് നാം എവിടെയെത്തുന്നു? അവനവനില്‍ രമിക്കുകയും വെറുക്കുകയും അവനവനോടുതന്നെ പോരടിക്കുകയും ചെയ്യുന്നു. ആര്‍ത്തിപെരുത്ത ഒരു സമൂഹം വളരുകയാണ്.
കവി വി. മധുസൂദനന്‍ നായര്‍ അതിസാധാരണക്കാര്‍ക്കും പരിചിതനാണ്. അതിനേക്കാള്‍ അവര്‍ക്ക് അദ്ദേഹത്തിന്റെ കവിതയറിയാം. പന്ത്രണ്ടു മക്കളെപ്പെറ്റ പന്തിരുകുലക്കഥ കൃത്യമായി അറിയാത്തവരും ഈ കവിയുടെ നാറാണത്ത് ഭ്രാന്തനിലെ വരികള്‍ പാടും. അഗസ്ത്യ ഹൃദയവും ഭാരതീയവും മൂളും. കവിയും കവിതയും അങ്ങനെയാണ് ഹൃയങ്ങളില്‍ ഇടം പിടിക്കുന്നത്. അധ്യാപകന്‍കൂടിയായിരുന്ന കവിക്ക് സാമൂഹ്യ സാംസ്്കാരിക മേഖലയിലുള്ള അതിസൂക്ഷ്മമായ നിരീക്ഷണ ബോധവും പതിറ്റാണ്ടുകളുടെ ആര്‍ജിത സംസ്‌കാരവുമാണ് ആ കവിതകളെ അത്ര ജനകീയമാക്കുന്നത്. അധ്യാപകനായ കവിയുടെ അഭിപ്രായം ഇങ്ങനെയറിയാം:


? ഏറെനാള്‍ അധ്യാപകനായിരുന്നല്ലോ? നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും സംവിധാനത്തെയും പറ്റിപ്പറഞ്ഞാല്‍? അവരല്ലെ നാളത്തെ സമൂഹം നയിക്കുന്നത്?
– എനിക്ക് അമ്മയാണ് അഖിലവും. ഞാന്‍ എന്റെ പെറ്റമ്മയെക്കുറിച്ച് ഏറെ എഴുതിയിട്ടുണ്ട്. പെറ്റമ്മയാണ് എന്റെ ആരാധ്യബിംബം. ആ അമ്മത്തം ഞാന്‍ എല്ലാറ്റിലും കാണുന്നു. മണ്ണിലും സമൂഹത്തിലും സര്‍വത്തിലും.
എന്താണ് നാം നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കുന്ന മിഴിത്തിളക്കം? എന്താണവര്‍ക്കു നല്‍കുന്ന മൊഴിത്തുടക്കം? ബാലാമണിയമ്മയുടെ പേരിലുള്ള അവാര്‍ഡ് ഞാന്‍ സ്വീകരിക്കുന്നു. എന്റെ അമ്മ എനിക്ക് പാടിത്തന്ന ബാലമണിയമ്മയുടെ കവിതകളുണ്ട്. ആ കവിതകളിലൂടെ എന്നില്‍ എന്റെ കവിതയുടെ ആധാരമുണ്ടായി. ബാലാമണിയമ്മ ഞാന്‍ ഏറ്റവും ആരാധിക്കുന്ന കവികളിലുണ്ട്. പില്‍ക്കാലത്ത് പല ആചാര്യന്മാരിലൂടെ എന്റെ കവിത വളര്‍ന്നു. ആധാരം ആ അമ്മയുടെ കവിതയാണ്. ആ കവിതകൊണ്ട് ഞാന്‍ എന്റെ നാവുരച്ചിട്ടുണ്ട്. സൃഷ്ട്യാത്മകമായി കുട്ടികളുടെ ശേഷി പ്രകടിപ്പിക്കാന്‍ ഉരമരുന്നുപോലെ, തുള്ളിമരുന്നുപോലെ, രസായനം പോലെ ഈ കവിതകള്‍ കൊടുക്കുക. പക്ഷേ കഷ്ടകാലത്തിന് നമ്മുടെ പാഠപുസ്തകങ്ങളില്‍നിന്ന് ഈ കവികളും കവിതകളും ഇറങ്ങിപ്പോയി.
സമൂഹത്തില്‍ കാലുഷ്യവും വിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്നതാവരുത് നമ്മുടെ വൃത്തികള്‍ ഒന്നും.
അറിവ് കച്ചവടമാകുന്ന കാലമാണിന്ന്. ഉല്‍പ്പാദനമാണ് എല്ലാ മേഖലയിലും. ഉല്‍പ്പാദനം എന്നത് ആത്യന്തികമായി കച്ചവടമാണ്. കച്ചവടത്തിന് മറ്റുപല ബന്ധങ്ങളും വരും. അവിടെ ലാഭങ്ങള്‍ക്കാണ് പ്രാധാന്യം. നല്ല കവിതയുമായി അതിന് അടുപ്പമുണ്ടാവില്ല. ഏതുതരത്തിലെഴുതിയാലും അത് കവിതയെന്നു പേരിട്ടാല്‍ കവിതയാക്കുന്ന കാലമാണിന്ന്. പക്ഷേ വാക്ക് സംശുദ്ധമായി പ്രയോഗിക്കേണ്ടതാണ്.
വാക്കിനായി തപസ്സുചെയ്യണം. വാക്ക് അങ്ങനെ സ്ഫുടം ചെയ്ത് പ്രയോഗിക്കണം. ഞാന്‍ ഇന്നും കവിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇപ്പോഴും രണ്ടുവരിയെഴുതുമ്പോള്‍ ശ്രദ്ധിക്കും. ആവര്‍ത്തിച്ച് വായിച്ച് ഇത് മതിയോ എന്ന് ഉറപ്പാക്കിയിട്ടേ പ്രസിദ്ധീകരിക്കൂ. കാരണം, കവി, എന്നല്ല സര്‍ഗസാഹിത്യം എന്തും, എഴുതുന്നത് ഒരു ജനതയ്‌ക്കുള്ളതാണ്. ഒരു എഴുത്തുകാരനില്‍നിന്ന് ഒരുപാട് എഴുത്തുകാര്‍ ഉണ്ടാകുന്നു. ധാരാളം വായനക്കാര്‍ ജനിക്കുന്നു. വിവേകികള്‍ ജനിക്കുന്നു. ദാര്‍ശനികരുണ്ടാകുന്നു… എഴുത്തുകാരന് കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും എഴുതരുത്. സമൂഹത്തിന് അയാള്‍ നന്മ കൊടുക്കണം, സമൂഹത്തിന് വിഷം കൊടുക്കരുത്.
വാക്ക് വികലമായോ കൃത്രിമമായോ ഉപയോഗിക്കരുത്. അറിവില്ലായ്‌മകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഭാഷ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഭാഷയ്‌ക്ക് പ്രപഞ്ചത്തില്‍, സമൂഹത്തില്‍ ഒരു ഘടനയുണ്ട്. ആ ഘടനയെ അംഗീകരിക്കണം. സര്‍വജന സമ്മതമായിരിക്കണം സര്‍ഗസൃഷ്ടിയിലെ ഭാഷ. അതിന് സാമൂഹ്യമായ താളമുണ്ട്. തരംഗമുണ്ട്.
സമൂഹത്തോടൊപ്പം നില്‍ക്കണം. സമൂഹത്തെ ഒപ്പം നിര്‍ത്തണം. ഇന്ന് ഒറ്റക്ക് നില്‍ക്കുന്നവരുടെ കാലമാണ്. അതുപോരാ. നമുക്ക് സമൂഹപുരുഷന്മാരാകണം; വ്യക്തിപുരുഷന്മാരായാല്‍ മാത്രം പോരാ. നമുക്ക് എവിടെയോ നഷ്ടമായ ആ സമൂഹപുരുഷത്വം എന്ന ബോധം വീണ്ടെടുക്കണം.
‘നേരു ചികയുന്ന ഞാനാണ് ഭ്രാന്തന്‍, മൂകമുരുകുന്ന ഞാനാണ് മൂഢന്‍’ എന്ന് കവി നാറാണത്ത് ഭ്രാന്തനില്‍ പാടുന്നു. വ്യത്യസ്തനായി നില്‍ക്കുന്നവരെ തിരിച്ചറിയുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് എളുപ്പം മണ്ടനെന്നോ ഭ്രാന്തനെന്നോ മുദ്രകുത്താനാണ്. നാറാണത്ത് ഭ്രാന്തന്റെ ജീവിതം അങ്ങനെയായിരുന്നു. കവി ഭ്രാന്തനിലൂടെ എഴുതി: ” ..അറിയാതെ ആശിച്ചുപോകുന്നു ഞാനും…/വീണ്ടുമൊരുനാള്‍വരും എന്റെ ചുടലപ്പറമ്പിലെ തുടതുള്ളുമിസ്വര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും.. പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍നിന്ന് അമരഗീതംപോലെ ആത്മാക്കള്‍ ഇഴചേര്‍ന്ന് ഒരദ്വൈത പദ്മമുണ്ടായ് വരും…” പ്രതീക്ഷയുടെ ഈ കവിത കുറിച്ചത് 30 വര്‍ഷം മുമ്പാണ്. 1992 ലാണ് നാറാണത്ത് ഭ്രാന്തന്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വന്ന അഗസ്ത്യ ഹൃദയം, നടരാജസ്മൃതി, പുണ്യപുരാണം രാമകഥ, സിതായനം, വാക്ക്്, അകത്താര് പുറത്താര്? ഗംഗ, ഭാരതീയം, കിളിപ്പാട്ട്, സന്താനഗോപാലം, ഉപനിഷത്ത് തുടങ്ങി സകല കവിതകളും വ്യക്തിക്ക്, സമൂഹത്തിന്, രാഷ്‌ട്രത്തിന് ഉള്ള സന്ദേശങ്ങളായിരുന്നു. പക്ഷേ, അവ കേള്‍ക്കേണ്ടതുപോലെ മലയാളം കേട്ടുവോ. സംശയമാണ്. ഇന്നും ആ കവിതകള്‍ അര്‍ഹമായ തരത്തില്‍ വിശകലനം ചെയ്യപ്പെടുകയോ പഠിക്കുയോ ചെയ്തിട്ടില്ല. കെട്ടിയെഴുന്നള്ളിക്കുന്ന മത്സരത്തലപ്പൊക്കത്തില്‍ ഈ കവി പങ്കെടുക്കാന്‍ കൊതിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ ചോദിച്ചു:

? ചിലര്‍ക്ക് മാത്രം പരിഗണനയും സാമൂഹ്യ അംഗീകാരവും ലഭിക്കുന്ന അവസ്ഥയുണ്ടല്ലോ. അതെന്തുകൊണ്ടാണ് സംഭവിക്കുന്നത്?
– എന്റെ കവിതയെഴുത്ത് അവാര്‍ഡിനു വേണ്ടിയല്ല.
എഴുത്തുകാരന്‍ അവാര്‍ഡ് ലക്ഷ്യമാക്കരുത്. അവാര്‍ഡിനല്ല എഴുത്ത്. താളം തീരുവോളം മേളത്തില്‍ കൂടിയേ പറ്റൂ. അങ്ങനെ താളത്തിനൊപ്പം ഒഴുകുക. മേളക്കാരന് എന്ത് കിട്ടുമെന്നുള്ളതല്ല പ്രധാനം. ചിലപ്പോള്‍ കിട്ടും. കിട്ടാതെയുമിരിക്കാം. തനിയേ പാടുന്ന ഒരു പക്ഷിയെപ്പോലെ പാടിക്കൊണ്ടേയിരിക്കുക. അതാണ് എനിക്ക് പ്രാര്‍ത്ഥന.
‘വാക്കുകള്‍ മുളയ്‌ക്കാത്ത കുന്നുകളെ’ക്കുറിച്ച് ‘മൂകമുരുകുന്ന’ കവി, വാക്ക് എന്ന ദീര്‍ഘ കവിത രചിച്ചിട്ടുണ്ട്. അതില്‍ വാക്കിന്റെ വിശ്വരൂപ ദര്‍ശനത്തിന് സുഷിരക്കാഴ്ച വായനക്കാരനു നല്‍കുന്നുണ്ട്. ‘അക്ഷരം രണ്ട് തൊടുമ്പൊഴേ താളം, സ്വരക്ഷയം വന്നാല്‍ ദുരര്‍ത്ഥ വേതാളം’ എന്ന താക്കീതുണ്ട്. വാഗര്‍ത്ഥങ്ങളുടെ ലയത്തെക്കുറിച്ച് കവിയോടു ചോദിക്കാം:
? വാക്കിനെക്കുറിച്ച് പറഞ്ഞല്ലോ. ഭാഷയും വാക്കും മറ്റും ആശയവിനിമയത്തിനുള്ള ഉപാധി മാത്രമായി കണക്കാക്കുന്നവരുടെ കാലത്ത് വാക്കിനുവേണ്ടി തപസ്സിരിക്കുക എന്നതൊക്കെ കാല്‍പ്പനയാണെന്ന് പറയുന്നവരുണ്ടല്ലോ…
– ഒരു വാക്കിന് മൂന്ന് തലത്തില്‍ ആസ്വാദനം ഉണ്ടാകും. ഒന്ന് ‘ഇക്കിളി’ത്തലത്തിലൂടെ. ആ വാക്ക് കേട്ട് ഇക്കിളിപ്പെട്ട് കുറച്ചുനേരം ആസ്വദിച്ച്, കളിച്ച് രസിച്ച്, പരിസരം മറന്ന് അവനവനെയും മറന്ന് ഇരുന്നുകളയും. അതോടെ അത് കഴിഞ്ഞു. ‘ഞാന്‍ ഈ ഇക്കിളികളെ ആട്ടിയോടിക്കു’മെന്ന് വൈലോപ്പിള്ളി ‘കുടിയൊഴിക്ക’ലില്‍ പറയുന്നുണ്ട്. ഇത്തരം ഇക്കിളികള്‍ നിതാന്തമായി ആശയങ്ങളോ ആദര്‍ശങ്ങളോ ദര്‍ശനങ്ങളോ തരുന്നവയായിരിക്കില്ല. ആശുവിനാശികളാണ്. പെട്ടെന്ന് നശിക്കുന്നത്. അവ ചിരന്തനമല്ല. പക്ഷെ, അതാണ് ഈ കാലത്ത് ഏറെപ്പേര്‍ക്ക് ഇഷ്ടം- മസാലരസം. ഇപ്പോള്‍ മനുഷ്യരെ വഴിയോരത്തീറ്റകള്‍ ആകര്‍ഷിക്കുന്നതുപോലെയാണ് ആ അഭിരുചികള്‍ പുതിയ തലമുറയെ കൊണ്ടുപോകുന്നത്. അത് വളരെ ഗൗരവമായി പഠിക്കപ്പെടേണ്ടതാണ്. ചിരന്തനമായ അനുഭവങ്ങളെ ഉള്‍ക്കൊള്ളുന്നതിനു പകരം താത്ക്കാലികമായ ചില ഇക്കിളികളില്‍ അഭിരമിച്ച് സ്വന്തം ബോധം നശിച്ചുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. അത് പൊതുവിലുണ്ട്. അത് അവന്റെ സര്‍ഗ്ഗശേഷിയെ നശിപ്പിച്ചുകളയുന്നതായി എനിക്ക് തോന്നുന്നു. വളരെ അപകടകരമാണ് ഈ ഇക്കിളിരസം.
മറിച്ച് മറ്റൊന്നുണ്ട്, സാര്‍വലൗകികമായ രസം. അതെല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. നല്ല സംഗീതം കേട്ടാല്‍ പാമ്പും ആടും, പശുവും ശ്രദ്ധിക്കും. പുഴയും നന്നായിരിക്കും. നല്ല ചെടിയും വളരും. അതേസമയം ഒരു സാധാരണ മനുഷ്യനും ശ്രദ്ധിക്കും. അതിനകത്ത് എന്തോ ഉണ്ട് എന്ന് അറിയാതെ രസിക്കും. അതിന് ‘രസായന’ത്തിന്റെ സ്വഭാവമാണ്. രസായനം നുണയുന്നതിനുള്ളതാണ്. ആര്‍ക്കും ഗുണം ചെയ്യും. ഇത് ഔഷധമാണ് എന്നറിഞ്ഞ് കഴിക്കുന്നവര്‍ക്കും വെറുതേ നുണയുന്നവര്‍ക്കും കിട്ടും ഗുണം. രണ്ടുതരത്തിലും ആളുകളെ ആകര്‍ഷിക്കാന്‍ പോരുന്നതാണ് എന്റെ നോട്ടത്തില്‍ വളരെ മികച്ച സാഹിത്യം. അത്യഗാധതലങ്ങളോളം പോകുന്ന, അതേസമയം സാര്‍വലൗകികമായി എല്ലാവരെയും ആകര്‍ഷിക്കാന്‍ പോകുന്ന മൂല്യങ്ങളും ഉണ്ടായിരിക്കുന്ന സാഹിത്യമാണവ. ഒരു അമ്പലം, അതിന്റെ രൂപഘടനകളും ദേവപ്രതിഷ്ഠയുടെ ഗരിമയും ഒരേ സമയം ആകര്‍ഷിക്കും. അവിടെച്ചെന്ന് തൊഴുമ്പോള്‍ ഇതാണ് ദൈവം, ദൈവമെന്തോ തരും എന്ന വിശ്വാസമുണ്ട്. അതേസമയം ഈശ്വരനെന്ന പരമമായ തത്ത്വത്തെ അറിഞ്ഞാരാധിക്കാനും അവ സഹായിക്കും. അതുപോലെ എല്ലാവര്‍ക്കും ഒരേസമയം പ്രവേശനമുള്ളതും സാര്‍വലൗകികമായതുമാണ് എന്റെ നോട്ടത്തില്‍ ആ സാഹിത്യം. നമ്മുടെ രാമായണത്തിനും മഹാഭാരതത്തിലുമെല്ലാം ഇതുണ്ട്. പുറമേ നിന്നു കാണുമ്പോള്‍, വിപ്ലവകരമായ ആശയമുള്ളതാണ്, ചിലപ്പോള്‍ മൂല്യങ്ങള്‍ നിറഞ്ഞതാണ്, വേറെ ചിലപ്പോള്‍ അത് വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്‌ക്കുന്നതാണ്. ചിലപ്പോള്‍ സ്ത്രീപക്ഷവാദം, പുരുഷപക്ഷവാദം ഒക്കെയുണ്ടാകും. അത് ഇക്കിളിവിഭാഗത്തില്‍ പെടുന്നതല്ല. രസായനരസമാണ്.
ഇനി വേറൊന്നുണ്ട്. ‘കഷായ’ത്തിന്റെ രസമാണ്. അത് വലിയ കയ്‌പുള്ളതായിരിക്കും. സാധാരണക്കാര്‍ക്ക് അത്രവേഗം സ്വദിക്കാന്‍ സാധിക്കില്ല. അവര്‍ക്ക് തോന്നും എന്തോ ഗുണമുണ്ടെന്ന്. പക്ഷേ എളുപ്പം പിടികിട്ടില്ല. എന്നാല്‍ അതിന്റെ അകത്തേക്ക് കടന്നുകഴിഞ്ഞാല്‍ ശരിക്കും അതിന്റെ രസം മനസ്സിലാകും. ആദിശങ്കരന്റെ ‘സൗന്ദര്യലഹരി സ്‌തോത്രം’ അങ്ങനെയാണ്. അതിനകത്തേക്ക് കടന്നുകഴിഞ്ഞാല്‍ രസം അറിയും. പരമരസമാണത്. സത്യബോധമാണ്. അത്യുദാത്ത സാഹിത്യം എന്ന് അതിനെ വിളിക്കാം.
എന്നാല്‍, കഷായത്തേക്കാള്‍ എല്ലാവര്‍ക്കും ഒരുപോലെ പറ്റുന്നത് ‘രസായന’മാണ്. സാഹിത്യത്തില്‍ ഇങ്ങനെ മൂന്ന് സ്വഭാവമുള്ളതില്‍ പുതിയ കാലത്ത് ഇക്കിളി സ്വഭാവമുള്ള സാഹിത്യത്തിനാണ് അംഗബലത്തില്‍ പിന്തുണയുള്ളത്. എന്ത് എഴുതുമ്പോഴും അതിനകത്ത് അത്തറ് മണക്കണം, അല്പം മാംസമണം വേണം.. അതിന്റെ മണം പിടിച്ചേ പോകൂ. ‘ആരാകിലെന്ത് മിഴിയുള്ളവര്‍ നിന്നിരിക്കാം’ എന്നതുപോലെ, ഇതാണ് പ്രവണതയെന്ന് വരുത്തി അതിന്റെ പിറകെ കൊണ്ടുപോകുന്നതില്‍ ചിലര്‍ തത്പരരാണ്. മാര്‍ക്കറ്റ് നോക്കി എഴുതുന്നവരുണ്ട്. അല്ലാത്തെ എഴുതുന്നവരും അപൂര്‍വം ചിലരുണ്ട്.
വേദം-വേദാന്തം, ആര്‍ഷം-ആര്‍ഷ സംസ്‌കാരം, രാഷ്‌ട്രം-രാഷ്‌ട്രവൈഭവം, ഗാന്ധി-ഗാന്ധിസം ഇങ്ങനെ ചില ചുഴക്കുറ്റിളുണ്ട് മധുസൂദനന്‍നായരുടെ കവിതകള്‍ക്ക്. സൂക്ഷ്മമായ വായനയില്‍ ആ കുറ്റിയില്‍ കെട്ടിയിട്ടിട്ടില്ലാത്ത കാമധേനുക്കളാണ് ആ കവിതകള്‍. ആ കുറ്റികള്‍ പരിധി നിയന്ത്രിക്കാനല്ല, കേന്ദ്രീകരിക്കാനുള്ള ബിന്ദുക്കളാണ്. ആ കാമധേനുക്കള്‍ ചുരത്തുന്ന ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും അമൃതത്തുള്ളികള്‍ നുണയാന്‍ പാകത്തില്‍ ആസ്വാദകര്‍ ഉയരാതെ പോയി എന്നതാണ് പരാജയം. ഉള്‍ക്കൊണ്ടവര്‍ അവയുടെ പ്രഘോഷകരായില്ല എന്നത് മറ്റൊരു സങ്കടകാരണം. പക്ഷേ കവിക്ക് സങ്കടമില്ല. ഇതല്ല, ഇതല്ല എന്ന തിരച്ചിലില്‍ കവി തുടരുകയാണ്. ‘ഭാരതീയം’ എന്ന കവിതയില്‍ അദ്ദേഹം എഴുതി: ‘വര തരംപോലെ വരയ്‌ക്കണം, ഇന്ത്യയെന്നൊരുപേരു തലയില്‍ കുറിക്കണം..’ ‘എന്റെ നാടെന്നഭിമാനമായ് ചൊല്ലുവാന്‍ സ്വന്തമായ് ഒന്നുമില്ലാത്വനായ് വളരുന്നവന്‍’ എന്നിങ്ങനെ. അവസാനം കവി പാടുന്നു:’ മൂവുലകുചുറ്റി നീ പോരിക, ഈ അമ്മതന്‍ മടിയിലേക്ക് ഓടിവന്ന് ഉദയമാവുക’ എന്ന്. കൃത്യമാണ് കാഴ്ചപ്പാട്. ‘ഗംഗ’ ഒഴുകുന്നതിങ്ങനെ: ‘സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ, നിന്‍ നെഞ്ചിനുറവാരുതേടും..’ കവിക്ക് ഗാന്ധിജിയാണ് മൂര്‍ത്തി. ഗാന്ധി അനുഗാമിയില്ലാത്ത പഥികനാണ്, അവനിയിലെ ദൈവമാണ്. ‘അവനുപേരല്ലാഹ്, രാമന്‍, ഈശോ, സത്യം, അവനാണചഞ്ചലന്‍ ധീരന്‍, ധീരമാം സ്‌നേഹമേ ശാന്തി, ശാന്തിഗീതമാണാര്‍ക്കുമേ ഗാന്ധി, കനവായിരുന്നുവോ ഗാന്ധി, കഥയായിരുന്നുവോ ഗാന്ധി…’ ഇങ്ങനെ കാലാതിവര്‍ത്തിയായ, ആരും എന്നും തിരയുന്ന ഉത്തരങ്ങള്‍ തിരഞ്ഞുപോകുന്ന കവിയോട് ആനുകാലിക പ്രത്യാശയെക്കുറിച്ച്:
? സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം-എന്തു തോന്നുന്നു? ‘വര തരംപോലെ വരയ്‌ക്കണം, തലയില്‍ ഇന്ത്യ എന്ന് എഴുതിയാല്‍മതി, ഭാവി ശോഭനമാണെന്ന ആ നിലയില്‍നിന്ന് മാറ്റം തോന്നുന്നുവോ?
– കാര്യമായ ഒരു മാറ്റം വന്നിട്ടുള്ളതായി എനിക്കു തോന്നിയിട്ടില്ല. തുറന്ന് പറയാം. ‘തരംപോലെയാണിപ്പോഴും മതം കരുതുന്നവരാണ്’ പലരും. ‘മതേരതം’ എന്ന സങ്കല്പത്തില്‍ ഞാനൊരു കവിത എഴുതിയിട്ടുണ്ട്. ‘വേടന്റെ ആത്മഗതം’ എന്നാണതിന്റെ പേര്. ‘വേടയനായിരുന്നു വേട്ടയെന്റെ ജീവിതം, ഒഴിഞ്ഞ
കമ്പുമെല്ലമാണ്ട വില്ലുമാത്രമായുധം…’ അങ്ങനെയായിരുന്നു ഞാന്‍ ആരോ പറഞ്ഞതുകേട്ട് മരാമരാ ജപിച്ചിരുന്നു. പിന്നെ രാമരാമായിലെത്തി. മറ്റെല്ലാം ഞാന്‍ മറന്നുപോയി. പുതിയ കാലത്തേക്ക് ഇപ്പോള്‍ കണ്‍ തുറന്നുനോക്കുമ്പോള്‍ കാണുന്നുണ്ട് എല്ലാവരും ‘രാമരാമ’യ്‌ക്കു പകരം ‘മരാമരാ’ ആണ് ജപിക്കുന്നത്. അതുപോലെ ‘മതേതരം മതേതരം’ പറഞ്ഞുപറഞ്ഞ് ‘മതേരതത്വം’ ആയി- മതത്തില്‍ രമിക്കുന്ന അവസ്ഥ. ഒരു ലേഖനം എഴുതിയിട്ടുണ്ട് ഞാന്‍: മതേതരം, മതേരതം, മതമേ തരം. തിരുവനന്തപുരം ചാലയിലെ കമ്പോളത്തിലുള്ള ഒരു പാവം രംഗസ്വാമി സ്വര്‍ണകച്ചവടം നടത്തിയിരുന്നു. അമ്പലത്തില്‍ പോകും പള്ളിയില്‍ പോകും മോസ്‌കില്‍ പോകും. എല്ലാവരുടെയും അടിയും വാങ്ങിക്കും. ഒരിടത്ത് പോകുമ്പോള്‍ മറ്റവന്‍ അടിക്കും. അങ്ങനെ ഒരിക്കല്‍ രംഗസ്വാമി മരിച്ചുവീഴുന്നു. ശവശരീരത്തില്‍ എല്ലാവരുടെയും പതാകകളും വന്നുവീഴുണ്ട്. 2002 ല്‍ എഴുതിയതാണ്. പുതിയ കാലത്ത് വെള്ളം വില്‍ക്കുന്നതും വായു വില്‍ക്കുന്നതും ഒക്കെ അന്ന് ഞാനെഴുതിയിട്ടുണ്ട്. ‘ഇതാണെന്റെ ലോകം’ എന്ന ഈ പുസ്തകത്തിലുണ്ട് ആ ലേഖനങ്ങളില്‍ ചിലത്. അതില്‍ വായിച്ചാല്‍ എനിക്ക് തല്ലുകൊള്ളാനിടയില്ലാത്ത ലേഖനങ്ങള്‍ മാത്രം തിരഞ്ഞെടുത്ത ചേര്‍ത്താണ്. കാരണം, കുറച്ചുകാലം കൂടി എനിക്കെഴുതണം. പണ്ടൊക്കെ കുറച്ചുകൂടി തുറുന്ന് എഴുതാന്‍ പറ്റുമായിരുന്നു. ഇന്നിപ്പോള്‍ ഒരു കൂട്ടര്‍ക്കും സ്വാഭിപ്രായം പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത സ്ഥിതി. ദുര്‍വാശിയും കൂടിയിട്ടുണ്ട്.
‘വര തരംപോലെ വരക്കണം’ എന്ന ആ സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ല. എല്ലാവര്‍ക്കും ഒരു വ്യക്തി എന്ന നിലയ്‌ക്ക് ജീവിക്കണം എന്നല്ലാതെ ഒരു നാട് എന്ന നിലയ്‌ക്ക് ജീവിക്കണം എന്നില്ല. എല്ലാവരും അവനവന്റെ മെച്ചത്തിനായി വലുതാകാനാണ് ഓരോ തലമുറയിലും ശ്രമിക്കുന്നത്.
എന്റെ ഏറ്റവും വലിയ ദുഃഖമതാണ്. വിദ്യാഭ്യാസം കൊണ്ടും ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടും സ്ഥാപനത്തിലും പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്നതുകൊണ്ടും എനിക്കെന്ത് മെച്ചം കിട്ടും എന്നേ നോക്കുന്നുള്ളൂ. എനിക്ക് നല്ല മാര്‍ക്ക് കിട്ടണം, ധാരാളം പണം കിട്ടണം. അതിനൊക്കെയാണ് അഭ്യസ്തവിദ്യരാകുന്നത്. ‘അഭ്യസ്തവിദ്യനെന്നല്ലോ എനിക്ക് പേര്‍! നാം ഒരു പേരിനുപോലും കടപ്പെട്ടിരിക്കുവോര്‍, പേരിനും പേരെച്ചമായ നാലക്ഷരക്കൂറിനും നമ്മെ പണയം കൊടുത്തവര്‍!’ പേരെച്ചം നാമവിശേഷണമാണ്. മധുസൂദനന്‍ നായര്‍ എംഎ, പിഎച്ച്ഡി എഫ്ആര്‍സിഎസ് എന്നു ചേര്‍ക്കാന്‍വേണ്ടി ഞാനെന്തും കൊടുക്കും. ഒരു ഡിഗ്രിക്കുവേണ്ടി, അവാര്‍ഡിനുവേണ്ടി എന്തും ചെയ്യും.
ഞാന്‍ ആരോടും അവാര്‍ഡ് ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല. പക്ഷെ നാട്ടില്‍ ഇങ്ങനെയല്ല. നമ്മെ പണയംകൊടുക്കുന്നവരാണ്. ഇന്ത്യ എന്ന പേരിനുപോലും കടപ്പെട്ടിരിക്കുന്നവര്‍. സ്വന്തം പേര് സ്വന്തം ഭാഷയില്‍ പറയാന്‍ അറയ്‌ക്കുന്നവരെയാണ് ആധുനികഭാരതം ഉണ്ടാക്കിയത്. ‘ഇന്ത്യ’ എന്നുപറഞ്ഞാല്‍ മോഡേണായി. ‘ഭാരതം’ എന്നുപറഞ്ഞാല്‍ പഴഞ്ചനായിപ്പോകും. ഇതാണ് നമ്മുടെ ഗതികേട്. ആത്മാഭിമാനവും ആത്മവിശ്വാസവും ഇല്ലാത്തവരാണവര്‍. തമിഴന് അതുണ്ട്. ‘തമിഴനെന്റു സൊല്ലടാ, തലയുയര്‍ത്തി നില്ലെടാ’ എന്നവര്‍ പറയുമായിരുന്നു.
ഇന്ന് അവര്‍ക്കും അതുണ്ടോ എന്നറിയില്ല.
കാരണം പുതിയ ലോകമാണ്. ആകര്‍ഷണത്തിന്റെ ലോകമാണ്. ആന്‍ഡ്രോയ്ഡ് ലോകമാണ്. ഈ ലോകത്ത് ‘ധനാകര്‍ഷണ’യന്ത്രത്തിന്റെ ആധിപത്യമാണ്. ധനം എന്നത് ദൈവങ്ങളെപ്പോലും പിടിച്ചടക്കിയിരിക്കുന്ന വല്ലാത്ത കാലത്ത് അതിലേക്കുവേണ്ടി എന്തും വില്‍ക്കാന്‍ തയ്യാറായിരിക്കുന്ന ജനതയാണ്. അതിന്റെ കൂടെ അലസതയും. ആത്മബോധമില്ലായ്‌മയുമുണ്ട്.
ഒരു ജനതയ്‌ക്ക് സ്വത്വബോധമാണ് ഏറ്റവും പ്രധാനം. ഇന്ന് അതുണ്ടാക്കേണ്ട സ്ഥിതി ഇന്ത്യപോലെ വേറെ നാട്ടിലില്ല. ഇത്രയും ആത്മബോധമുള്ള നാട് വേറെ ഇല്ലതാനും. നമ്മുടെ നാടിന്റെ ചിന്താസമ്പത്ത്, ദര്‍ശനസമ്പത്ത് അതില്‍ തുള്ളിയെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ ധന്യനായി എന്നുകരുതുന്നയാളാണ് ഞാന്‍. ഭാഷയാകട്ടെ, പ്രപഞ്ചദര്‍ശനമാകട്ടെ, മാത്തമാറ്റിക്സാകട്ടെ, കലയാകട്ടെ, സകലഅറിവിന്റെയും പരമാവസ്ഥയിലാണ് നമ്മള്‍. പക്ഷെ നാം അത് ശരിക്ക് അറിയുന്നില്ല. കണക്കിനെ കവിതയാക്കിയ നാടാണ് ഇന്ത്യ. പാണിനിക്കും മുമ്പ് അത് സംഭവിച്ചല്ലോ. പല ഗുരുക്കന്മാരുണ്ടെങ്കിലും എ.ആര്‍. ഗോപാലപിള്ളയാണ് എനിക്കത് കാണിച്ചുതന്നത്. സാക്ഷാല്‍ പാണിനീയം ക്ലാസില്‍ സാര്‍ പറയുമായിരുന്നു. അതിലൂടെയാണ് ഞാന്‍ പിടിച്ചുകയറിയത്. ആ പാണിനിക്കും മുമ്പ് അഗാധമായ ഒരു വിശ്വദര്‍ശനം നമുക്കുണ്ടായിരുന്നു. ഈ വിശ്വദര്‍ശനത്തിലേക്ക് അടുത്തുവരാന്‍ പോലും പാശ്ചാത്യര്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് 19 -ാം നൂറ്റാണ്ടില്‍ അവര്‍ ഇവിടെ വന്ന് പഠിക്കാന്‍ നോക്കിയത്. പക്ഷേ അവരുടെ സിദ്ധാന്തങ്ങള്‍ വച്ച് നമ്മെ നയിക്കാന്‍ നോക്കിയിട്ടുപോലും നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നത് നമ്മുടെ സ്ഥിതി. അവര്‍ക്ക് നമ്മെ ഇനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണെന്റെ വിശ്വാസം.
അതുകൊണ്ട് എനിക്ക് പതിത്തിരുപത് വര്‍ഷം കൂടി ജീവിക്കാന്‍ കഴിയണം. ഇനിയും എഴുതാന്‍ ഏറെയുണ്ട്.
മലയാളം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നതിനര്‍ത്ഥം അറിവിന്റെയാളുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നാണ്. അക്ഷരം കൂട്ടിച്ചേര്‍ക്കാനറിഞ്ഞ്, അഹന്തയില്ലായിരുന്നു അവര്‍ക്ക്. ഭാഷയെ അത്രമായി ഉപയോഗിച്ചിരുന്നവര്‍ ഇന്ന് ഇല്ലാതാകുന്നു. ഇന്നിപ്പോള്‍ എവിടുന്നോ കിട്ടുന്നതൊക്കെ തിന്ന് പെരുപ്പിച്ച് കാണിക്കുന്ന ചില അഹന്തത്തുണ്ടങ്ങളാണേറെ. അത് നാടിന് നല്ലതൊന്നുമല്ല. ശ്രീനാരായണഗുരുദേവനെപ്പോലുള്ളവരുണ്ട്. ഒരു നാടിനെയും പകുത്ത്, ഒരു മനുഷ്യനെയും വിദ്വേഷമുള്ളവനാക്കി മാറ്റരുതെന്നന് പറഞ്ഞ അദ്വൈതിയായിരന്നു അദ്ദേഹം. ആര്‍ക്കും എതിര് പറഞ്ഞില്ല. അദ്ദേഹം ശിവനെ പ്രതിഷ്ഠിച്ചു. ബ്രാഹ്‌മണനെ കൊച്ചാക്കിയില്ല. ഏറ്റവും താണവനെന്ന് പറഞ്ഞിരുന്നവരേയും കൊച്ചാക്കിയില്ല. സമന്വയമായിരുന്നു ലക്ഷ്യം. ‘അവര്‍ണ’നെ ‘സ’വര്‍ണനാക്കി. ‘വര്‍ണം’ എന്നാല്‍ ‘അക്ഷരം’. അക്ഷരമറിയാത്തവന്‍ അവര്‍ണന്‍. അവരെ അക്ഷരജ്ഞാനിയാക്കി സവര്‍ണനാക്കാമെന്ന് തെളിയിച്ചു. അവരെ തള്ളിക്കളയാനാവില്ലെന്ന് വാദിച്ച് പരിഗണിച്ചു. സി.വി. രാമന്‍പിള്ള പറഞ്ഞതുപോലെ അവരും ഇവിടത്തെ പ്രജകളല്ലേ. ദൈവത്തിന്റെ മക്കള്‍. ജ്ഞാനം കൊടുത്ത് എല്ലാവരെയും സമന്മാരാക്കുക. ഭേദബുദ്ധി ഇല്ലാതാക്കുക. ഇത് തീരെ ഇല്ലാതിരുന്ന മറ്റെരാള്‍ ചട്ടമ്പിസ്വാമിയാണ്. ഉറുമ്പിനെയും ‘എടേയ്’ എന്നു വിളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നമ്മളില്‍ നിന്നൊക്കെ എത്രയോ അവര്‍ വളര്‍ന്നിരുന്നു. ‘എണ്ണപ്പുഴുക്കള്‍’ എന്ന കവിതയില്‍ മഹാ കവി വൈലോപ്പിള്ളി പാടുന്നുണ്ട്, അവയെക്കുറിച്ച്; അവ ചിറ്റൂരപ്പനാടാന്‍ എണ്ണയും കൊണ്ടുപോകുകയാണെന്ന്.
‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിതാസമാഹാരമുണ്ട് എന്റെ. 21 ഭാഗമാണ് അതില്‍. വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ് അവതാരിക. ‘പൂമുഖം’ എന്ന ആദ്യഭാഗം, നാട്ടില്‍ താമസിക്കുന്ന അച്ഛന്റെയടുത്ത് വെക്കേഷനില്‍ പിക്നിക്കിന് പോകാമെന്നും അച്ഛന്‍ ജനിച്ച വീട്ടിലേക്ക് പോകാമെന്നും കുട്ടികള്‍ പറയുന്നതാണ് തുടക്കം. ആ വീടിന്നില്ല. അത് മനസ്സുകൊണ്ട് പുനര്‍നിര്‍മ്മിക്കുന്നു. ആ വീടിനെ വര്‍ണിക്കുമ്പോള്‍ അത് പ്രപഞ്ചമാകുന്നു. അതില്‍ അമ്മ പ്രവേശിക്കുന്നു.
‘തുമ്പിവാലില്‍ നാരുകെട്ടി പറപ്പിക്കുമ്പോള്‍
അന്‍പുവേണം ഉയിരല്ലേ, വിലക്കുന്നമ്മ
തളിര്‍ത്തണ്ടുപറിക്കുമ്പോള്‍ തടുക്കുന്നമ്മ
നടുതല പിഴുകല്ലേ പാപമാണല്ലോ
ആറ്റുവെള്ളത്തിലെങ്ങാനും മൂത്രമൊഴിച്ചാല്‍
കണ്ണനോ നീ വിഷം തുപ്പും കാളിയന്‍താനോ
എന്നു ചോദിക്കുന്ന,
ഉണ്ണിയായാല്‍ കണ്ണനെപ്പോലിരിക്കണം,
തനിച്ചുണ്ണുവാനല്ലീയുലകമുണ്ണീ
ചതിച്ചുനേടുവാനല്ലീപ്പഠിത്തമുണ്ണീ’ എന്ന് പറഞ്ഞുതരുന്ന അമ്മ.
ഇതാണ് നമുക്ക് കിട്ടുന്ന സാമൂഹ്യപാഠം. ഇതാണ് വിദ്യാഭ്യാസം കൊണ്ട് കിട്ടേണ്ട അറിവ്. ഇതാണ് നമുക്ക് വിട്ടുപോയത്. ‘തനിച്ചായാല്‍ കുലമുണ്ടോ കുടുംബമുണ്ടോ’ എന്ന് അമ്മ ചോദിച്ചത് എനിക്ക് മനസ്സിലായി. അത് ഞാനറിയുന്നു. ഈ അറിവ് പ്രകൃതിയിലൂടെ നമുക്ക് പണ്ട് കിട്ടിയ അറിവാണ്. നമ്മുടെ പ്രകൃതി ആരാധനയും പൊങ്കലയും എല്ലാമെല്ലാം ഇതാണ്. ഇത് മൂഢവിശ്വാസമല്ല. അതില്‍ പരിസ്ഥിതി ചിന്തയുണ്ട്. ഈ വിശ്വാസത്തിലൂടെ നമുക്ക് മനുഷ്യനെ നയിക്കാനാവും. എല്ലാ ഇക്കോളജിമീറ്റിങ്ങിലും കുപ്പിവെള്ളവും പ്ലാസ്റ്റിക്ക് കുപ്പിയുമൊക്കെയാണ് ഉപയോഗിക്കുന്നത്.
നമ്മുടെ വിദ്യാഭ്യാസപദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ ഏറെ വേണം. അത് സര്‍ക്കാരിന്റെ മാത്രം തീരുമാനത്തിലൂടെ നടപ്പിലാക്കാന്‍ കാത്തിരിക്കരുത്. കൂട്ടായ ചിന്തകള്‍ വേണം. എതിര്‍പ്പുകള്‍ ഉണ്ടാവും. അത് നിക്ഷിപ്തതാത്പര്യക്കാരില്‍ നിന്നാവും. അതിനെ അതിജീവിക്കണം. അതിന് കൂട്ടായ പ്രയത്നം വേണം. ഭാഷയെ, സംസ്‌കാരത്തെ, വിദ്യാഭ്യാസത്തെ, അതിലുപരി തലമുറകളെ നമുക്ക് രക്ഷിക്കണം.
പുലര്‍കാലത്ത് അയലത്തെ അമ്പലത്തില്‍നിന്ന് ഇളംകാറ്റിനൊത്ത് ഒഴുകി വരുന്ന ‘ഹരിനാമ കീര്‍ത്തനം’ കേട്ടിട്ടില്ലാത്തവരില്ല. അതിന്റെ ഭക്തിഭാവത്തില്‍നിന്ന് വിഭക്തിയിലൂടെ കേള്‍വിക്കാരെ ആത്മോന്നതിയിലേക്ക് നയിച്ചത്് ഹരിനാമ കീര്‍ത്തനം കവി മധുസൂദനന്‍ നായര്‍ ആലപിച്ചപ്പോഴാണ്. വയലാര്‍ രാമവര്‍മയുടെ ചലച്ചിത്രഗാനങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത അദ്ദേഹത്തിന്റെ കവിതകള്‍ കേള്‍പ്പിച്ച് മലയാളില്‍ നേടിക്കൊടുത്തത് ഈ കവിയാണ്. സംഗീതത്തെ സന്നിവേശിപ്പിച്ച് അത് കവിതയുടെ ഹൃദയവുമായി ലയിപ്പിച്ച് അവതരിപ്പിച്ചതിന് മധുസൂദനന്‍ നായര്‍ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കവിതയ്‌ക്ക് സംഗീതം വേണ്ട എന്നായിരുന്നു വാദം. കവിതയ്‌ക്ക് വൃത്തംപോലും വേണ്ടെന്ന വാദക്കാരോട് കവി വാദിക്കാന്‍ പോയില്ല. അത് കവിയുടെ നിലപാടാണ്. അത് സ്ഥാപിക്കുകയേ വേണ്ടൂ, വാദിക്കേണ്ടതല്ല.
സംഭാഷണം എത്രവേണമെങ്കിലും നീണ്ടുപോകുമെന്നായി. അതിനിടെ തല്‍ക്കാല വിരാമത്തിന് കവി ചങ്ങമ്പുഴയെ കൂട്ടുപിടിച്ചു. കവി പറഞ്ഞു:
ചൊല്ലിക്കേട്ടതാണ് നമ്മുടെ സാഹിത്യ പാരമ്പര്യം. ആദ്യകാലത്ത് എഴുത്ത് അത്ര സുഗമമായിരുന്നില്ലല്ലോ. പാടിയും പാടിക്കേട്ടുമാണ് പഠിച്ചത്. ഭാഷ വളര്‍ന്നത്. ചങ്ങമ്പുഴ 16 പ്രത്യേക താളങ്ങളില്‍ കവിതകളെഴുതി. അന്ന് അദ്ദേഹത്തിന് 18 വയസേ ഉള്ളു. അദ്ദേഹം സംഗീതം പഠിച്ചിരുന്നില്ല. കവിത പാടാനുള്ളതാണ്.

(2023 ഏപ്രിൽ ലക്കം ഹിന്ദു വിശ്വയോട് കടപ്പാട്)

Tags: #KochiBookFest#VMadhusoodananNair#AkkithamPuraskaramThapasyaPoemKavitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കാലത്തിന്റെ കനൽപ്പാട്ടുകാരൻ: ഒഎൻവിയെന്ന ഭാവുകത്വവസന്തം

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.