നാല്‍പ്പത്തിരണ്ടു വര്‍ഷമായി പ്രൊഫഷണല്‍ നാടക രംഗത്തുള്ള ഫ്രാന്‍സിസ് ടി. മാവേലിക്കര നാടക രചയിതാവെന്നനിലയില്‍ ഇന്നും ഒന്നാമത്തെ പേരുകാരനായി തുടരുന്നു. എഴുത്തുകാരന്റെ പേരുകേട്ട് നാടകം കാണാന്‍ ആസ്വാദകരെത്തുംവിധം സഹൃദയ ഹൃദയങ്ങളെ സ്വാധീനിക്കാന്‍ ഫ്രാന്‍സിസിന്റെ നാടകങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ഇതിവൃത്തങ്ങളും പുരാണ-ചരിത്ര സംഭവങ്ങളും രംഗവേദിക്കുവേണ്ടി ആലോചിക്കുമ്പോള്‍ സമിതികളും സംവിധായകരും ആദ്യം പരിഗണിക്കുന്ന പേരും ഫ്രാന്‍സിസ് ടി. മാവേലിക്കരയുടേതാണ്.

”നാടകത്തിന് നമ്മള്‍ ഒരു ജീവിതം പൂര്‍ണ്ണമായും കൊടുക്കണം. പകരം, നാടകത്തിനു തിരികെത്തരാന്‍ വളരെക്കുറച്ചേയുള്ളൂ. അഷ്ടിമുട്ടി കഴിഞ്ഞുകൂടാന്‍ ഒരു ചെറിയ ജീവിതം അതു തിരിച്ചു തരും. ആ ജീവിതമാണ് ഞാന്‍ അനുഭവിച്ചു തീര്‍ക്കുന്നത്. ഒരു നാടകക്കാരന്റെ മുന്നില്‍ ‘നാളെ’യെന്നത് അനിശ്ചിതത്വത്തിന്റേതാണ്. നാടകക്കാരന് ബാങ്ക് ബാലന്‍സില്ല. എരിച്ചുതീര്‍ത്ത ജീവിതത്തിന്റെ കരിന്തിരി പോലെ അവന്‍ പുകയുന്നത് അതുകൊണ്ടാണ്.” ഈ വാക്കുകളില്‍ ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ നാടകവും ജീവിതവുമുണ്ട്.
പ്രസിദ്ധ അഭിനേത്രിയായിരുന്ന കെപിഎസി സുലോചനയുടെ കായംകുളം ‘സംസ്‌കാര’ എന്ന നാടകസമിതിക്കുവേണ്ടി ‘സൂര്യകാന്തം’ എന്ന നാടകം എഴുതിക്കൊണ്ടാണ് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് ഫ്രാന്‍സിസ് കടന്നുവരുന്നത്. സുന്ദരന്‍ കല്ലായിയായിരുന്നു സംവിധായകന്‍.
തുടക്കത്തില്‍ 14 നാടകങ്ങള്‍ വരെ എഴുതിയ വര്‍ഷങ്ങളുണ്ട്. അമച്വര്‍ നാടക സമിതികള്‍ക്കുവേണ്ടി മുമ്പ് ദീര്‍ഘനാടകങ്ങള്‍, ലഘുനാടകങ്ങള്‍, അമച്വര്‍ നാടകങ്ങള്‍ എന്നിവയെല്ലാം എഴുതിയ പരിചയവും, എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസവും മാത്രമായിരുന്നു കൈമുതല്‍. എഴുത്തു മാത്രമല്ല, അഭിനയവും സംവിധാനവുമൊക്കെ അക്കാലത്തുണ്ടായിരുന്നു.
സുന്ദരന്‍ കല്ലായി മുതല്‍ രാജീവന്‍ മമ്മിളിവരെ, കേരളത്തിലെ അറിയപ്പെടുന്ന 29 സംവിധായകര്‍ ഫ്രാന്‍സിസ് എഴുതിയ നാടകങ്ങള്‍ക്ക് ഇതിനകം രംഗഭാഷ ഒരുക്കിയിട്ടുണ്ട്. അതും ഒരു ചരിത്ര സംഭവമാണ്. വേണമെങ്കില്‍ റെക്കോര്‍ഡെന്നും പറയാം. അവരില്‍ കരകുളം ചന്ദ്രന്‍, വക്കം ഷക്കീര്‍ തുടങ്ങിയ ഈ രംഗത്തെ അതികായന്മാര്‍ അന്‍പതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വത്സന്‍ നിസരി എന്ന സംവിധായകന്‍ നൂറിലധികം നാടകങ്ങള്‍ക്ക് രംഗഭാഷ്യം ഒരുക്കി. മാനസികമായ അടുപ്പംകൊണ്ടാണ് എഴുത്തുകാരന്‍ വരികള്‍ക്കിടയില്‍ ഒതുക്കിവയ്‌ക്കുന്ന മൗനത്തെ ദൃശ്യമായി വ്യാഖ്യാനിക്കാന്‍ ഇവര്‍ക്കാവുന്നത്.
മലയാളികള്‍ ഉള്ളിടത്തെല്ലാം ഫ്രാന്‍സിസിന്റെ നാടകം കളിച്ചിട്ടുണ്ട്. ഗള്‍ഫ് നാടുകളിലും യൂറോപ്യന്‍ നാടുകളിലും ഈ നാടകങ്ങള്‍ എത്താത്ത ദേശങ്ങളില്ല. അടുത്തമാസം ലിവര്‍പൂള്‍ മലയാളികളായ കലാസ്‌നേഹികള്‍ ‘നക്ഷത്രങ്ങള്‍ പറയാതിരുന്നത്’ എന്ന നാടകം ‘കഥയറിയാതെ’ എന്നപേരില്‍ അരങ്ങിലെത്തിക്കുന്നു.
നാടകത്തിലേക്കുള്ള വഴിതുറക്കുന്നു
കുടുംബത്തിന് ചെറിയ നാടക പാരമ്പര്യം ഉണ്ടായിരുന്നു. ഫ്രാന്‍സിസിന്റെ അപ്പന്റെ അമ്മ ഒരു കലാകുടുംബത്തിലെ അംഗമായിരുന്നു- വിരോണിയ ഫെര്‍ണാണ്ടസ്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ അപ്പന്‍ അഗസ്റ്റിന്‍ ജോസഫിന്റെ സഹോദരിയായിരുന്നു അവര്‍.
പഴയകാലത്തെ ചവിട്ടു നാടകങ്ങളുടെ കഥ പറയുകയും ആടിക്കാണിക്കുകയും ചെയ്തുകൊണ്ടാണ് മുത്തശ്ശി തന്നെ ചോറൂട്ടിയിരുന്നതെന്ന് ഫ്രാന്‍സിസ് ഓര്‍ക്കുന്നു. കലയുടെ കൊളുത്ത് ഹൃദയത്തിലേക്ക് കടന്നത് ഈ അമ്മമ്മയില്‍ നിന്നാവണം.
എന്നാല്‍, വളര്‍ന്നപ്പോള്‍ എല്ലാത്തരം പുസ്തകങ്ങളും വായിച്ചു. ആശയങ്ങളുടെ മഹാപ്രപഞ്ചത്തെ ഈ പുസ്തകങ്ങള്‍ തുറന്നു വച്ചുതന്നു. ഇതല്ലാതെ കലാരംഗത്ത് മറ്റ് ഗുരുക്കന്മാര്‍ ഇല്ല. നല്ല നാടകങ്ങള്‍ കണ്ടും വായിച്ചും നാടകകൃത്തായിത്തീര്‍ന്ന ആളാണ് ഫ്രാന്‍സിസ് ടി. മാവേലിക്കര.
അഭിനയ കലയുടെ കുലപതിയായ തിലകനെപ്പോലെയുള്ളവരെ വേദിയില്‍ കണ്ട് ആനന്ദിച്ച കുട്ടിക്കാലം. നാടകത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു അത്. അസാമാന്യ പ്രതിഭകളായ നെല്ലിക്കോട് ഭാസ്‌കരന്‍, കുഞ്ഞാണ്ടി, പി. കെ. വിക്രമന്‍ നായര്‍, ഒ. മാധവന്‍, കാലായ്‌ക്കല്‍ കുമാരന്‍, ഡി. കെ. ചെല്ലപ്പന്‍, എന്‍. എന്‍. പിള്ള തുടങ്ങിയവരൊക്കെ അരങ്ങുവാഴുന്ന കാലം. അവരെ കാണാന്‍ കാത്തുനിന്ന ആവേശഭരിതമായ ബാല്യകൗമാരങ്ങള്‍- ഇവയൊക്കെയാണ് ഫ്രാന്‍സിസിന്റെ രംഗബോധത്തെ പാകപ്പെടുത്തിയതും വളര്‍ത്തിയെടുത്തതും. നാടകത്തെക്കുറിച്ചും നാടകാനുഭവങ്ങളെക്കുറിച്ചും ഇനി ഈ നാടകകൃത്തുതന്നെ പറയട്ടെ:
സാഹസികമായ നാടകാനുഭവം
എന്‍. എന്‍. പിള്ളയുടെ നാടകങ്ങള്‍ സാധാരണയായി ഉത്സവവേദികളിലല്ല അരങ്ങേറിയിരുന്നത്. റിക്രിയേഷന്‍ ക്ലബ്ബുകളായിരുന്നു അവര്‍ക്ക് വേദിയൊരുക്കിയിരുന്നത്. അക്കാലത്തൊരിക്കല്‍ മാവേലിക്കരയില്‍ ‘കാപാലിക’ എന്ന നാടകം കളിക്കുന്നു. ഒരു വേശ്യയായിരുന്നു അതിലെ നായിക. അതുകൊണ്ട് ചില ദുഷ്‌പേരും നാടകം സമ്പാദിച്ചിരുന്നു. അന്നത്തെ പൊതുബോധം അതായിരുന്നു.
ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. 25,10, 5 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിവിധ വാഹനങ്ങളില്‍ ആളുകള്‍ വരുന്നു. പത്ത് പൈസ കയ്യില്‍ ഇല്ല. നാടകം കാണണമെന്ന കലശലായ ആഗ്രഹമുണ്ട്. പെയിന്റിങ് സ്‌കൂള്‍ ഗ്രൗണ്ടാണ് മറച്ചുകെട്ടി നാടകവേദി ആക്കിയിരിക്കുന്നത്. ഒരു സുഹൃത്തുമായി സ്റ്റേജിന്റെ പിന്‍ഭാഗത്ത് ചെന്നു. ഓലമറ പൊക്കി സ്റ്റേജിന്റെ അടിയില്‍ കയറിയിരുന്നു. അവിടെയിരുന്നു നോക്കുമ്പോള്‍, മുന്നില്‍ കസേരയില്‍ വിഐപികള്‍ ഇരിക്കുന്നതു കാണാം. ആഡിറ്റോറിയം നിറഞ്ഞു തുടങ്ങി. സ്റ്റേജിനടിയിലിരുന്ന് മുന്‍വശത്തെ രണ്ടു കസേരകള്‍ ലക്ഷ്യം വെച്ചു. അവയില്‍ ആളില്ല. നാടകത്തിന്റെ ബെല്ലു മുഴങ്ങി. അവതരണ ഗാനം തുടങ്ങി. കര്‍ട്ടന്‍ ഉയരും മുമ്പ് പെട്ടെന്ന് വെളിച്ചം അണഞ്ഞു. ആ തക്കം നോക്കി ഓടിച്ചെന്ന് ഒഴിഞ്ഞ കസേരയില്‍ ഞങ്ങളിരുന്നു. ഏതോ വിഐപികള്‍ക്കു വേണ്ടി ഒഴിച്ചിട്ടവയായിരുന്നു അത്. ഉയര്‍ന്നുവരുന്ന തിരശീലയില്‍ നിന്നും സ്റ്റേജിനു മുന്നിലേക്കു വെളിച്ചം പരന്നൊഴുകി. ഞങ്ങളെ വെളിച്ചം പൊതിഞ്ഞു. പൊടുന്നനെ ആരോ വന്നു ചെവിക്കുപിടിച്ചു പുറത്തേക്കുവലിച്ചു.
ആക്രാന്തത്തോടെ സ്റ്റേജിലേക്ക് നോക്കിയാണ് വെളിയിലേക്ക് വേദനയോടെ നടന്നത്. ഇത് കണ്ടുകൊണ്ട് ആരോ വിളിച്ചു പറഞ്ഞു: ”കുട്ടികള്‍ നാടകം കണ്ടോട്ടെ.” അങ്ങനെ ഞങ്ങള്‍ മോചിപ്പിക്കപ്പെട്ടു. നാടകം ആസ്വദിക്കാനും കഴിഞ്ഞു. നാടകം കഴിഞ്ഞ് വീട്ടിലെത്തി. അപ്പോള്‍ സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. വടിയുമായി അമ്മ വാതില്‍ക്കല്‍ കാത്തുനില്‍ക്കുകയാണ്. പിന്നീട് ചോദ്യം ചെയ്യലായി. നാടകം കാണാന്‍ പോയ വിവരം അമ്മയോടു പറഞ്ഞു. ഏതു നാടകമാണെന്നായി അടുത്ത ചോദ്യം. ‘കാപാലിക!’ ആ പേരു കേട്ടതും അമ്മയുടെ മുഖത്തെ വെളിച്ചം പെട്ടെന്ന് കെട്ടു.
നാടകം ഒരു വ്യഭിചാരിണയുടെ കഥയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതേപ്പറ്റി പള്ളികളില്‍ അക്കാലത്ത് ചില സംസാരങ്ങളൊക്കെയുണ്ടായിരുന്നു. തെറിയാണെന്നൊക്കെയായിരുന്നു അക്കാലത്തെ മുന്‍വിധി. അതുകൊണ്ടുതന്നെ, അമ്മയില്‍ നിന്നും പൊതിരെ തല്ലു കിട്ടി. അന്നത്തെ അത്താഴവും മുടങ്ങി. പിന്നീടൊരിക്കല്‍, കുട്ടിക്കാലത്തെ ഈ അനുഭവം എന്‍. എന്‍. പിള്ളയോട് നേരില്‍ പറയാനവസരം വന്നു. അല്‍പ്പനേരം എന്നെ നോക്കിയിരുന്നു. പിന്നാലെ, ഒരു പുഞ്ചിരിയോടെ ഒരു പുസ്തകമെടുത്ത് കയ്യൊപ്പിട്ടു തന്നു. ‘കര്‍ട്ടന്‍’ എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.
നാടകത്തില്‍ സന്ദേശം ആവശ്യമില്ല
എന്‍.എന്‍.പിള്ള മരണം വരെ തന്റെ നാടകങ്ങള്‍ ഉത്സവ പറമ്പിലേക്ക് കൊടുത്തില്ല. നാടകം എവിടെ കളിക്കണമെന്ന് നല്ല നിശ്ചയമുണ്ടായിരുന്നു. ടിക്കറ്റെടുത്ത്, തികഞ്ഞ അച്ചടക്കത്തോടെയിരുന്ന് തന്റെ നാടകം ആളുകള്‍ കണ്ടാല്‍ മതിയെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ഒരു രാഷ്‌ട്രീയക്കാരുടെയും ചട്ടുകമാകാന്‍ നിന്നില്ല. തനിക്കു ശരിയെന്നു തോന്നുന്നത് തണ്ടെല്ലുറപ്പോടെ വിളിച്ചു പറഞ്ഞു. ഒരംഗീകാരത്തിന്റെയും പിന്നാലെ പോയില്ല. മത്സരത്തിന് നാടകം അയച്ചില്ല. ”പത്താം ക്ലാസുകാരന്റെ പേപ്പര്‍ നാലാം ക്ലാസുകാരന്‍ നോക്കുന്നിടത്തേക്ക് ഞാനെന്റെ ഉത്തരക്കടലാസുമായി പോകണോ” എന്നായിരുന്നു അതേപ്പറ്റി സംശയിച്ചവരോട് എന്‍.എന്‍.പിള്ള തിരിച്ചു ചോദിച്ചത്.
മുഖ്യധാരാ നാടകരംഗത്തുണ്ടായ ഏറ്റവും വ്യത്യസ്തനായ സംഘാടകന്‍ എന്‍. എന്‍. പിള്ളയായിരുന്നു. എന്നല്ല, എഴുത്തുകാരനും സംവിധായകനുമെല്ലാം ഒരാള്‍തന്നെ. ജീവിതം പഠിപ്പിച്ച നാടകമാണ് അരങ്ങില്‍ കാണിച്ചുതന്നത്. ഇങ്ങനെയുള്ള നാടകകാരന്മാമാരുടെയും നാടകങ്ങളുടെയും മുന്നിലിരുന്നാണ് ഞാന്‍ നാടകം പഠിച്ചത്.
സമൂഹത്തിനോട് എഴുത്തുകാരനു പറയാനുള്ളത് ആസ്വാദ്യകരമായി പറയുക. സന്ദേശം ഉണ്ടാകണമെന്ന് ചിലര്‍ ശഠിക്കുന്നു. അത് ശരിയല്ല. അങ്ങനെയുള്ള എഴുത്ത് പ്രചരണാത്മകമാണ്. കുമാരനാശാന്റെ വീണപൂവില്‍ എന്തു സന്ദേശമാണുള്ളത്? ‘മാമ്പഴ’ത്തിലൂടെ എന്തു സന്ദേശമാണ് വൈലോപ്പിള്ളി നല്‍കുന്നത്? അവ ആസ്വദിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരംഗവിശുദ്ധി തന്നെയാണ് അതിന്റെ സന്ദേശം. അത് നാടകത്തിലും അന്തര്‍ലീനമായിരിക്കും. അല്ലാതെ, പ്രത്യേകം എന്തെങ്കിലും സന്ദേശം നല്‍കാന്‍ വേണ്ടിമാത്രം ഒരിക്കലും എഴുതിയിട്ടിയില്ല.

കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോലുള്ള, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള, പു. ക. സ. പോലുള്ള സംഘങ്ങള്‍ നാടകത്തെ ഒരു പ്രചരണോപാധിയായി സ്വീകരിച്ചു. നാടകം ഇടതുപക്ഷത്തിന്റെ നാവാകുന്നു, പരിഷത്തിന്റെ നാവാകുന്നു. വാസ്തവത്തില്‍ നാടകകൃത്തിന്റെ നാടകമല്ല, അവയൊന്നും.
ഇത്തരം, നാടക സങ്കല്‍പ്പത്തില്‍ നിന്നാണ്, നാടകത്തിന് സന്ദേശം വേണമെന്ന് ആളുകള്‍ ശഠിക്കുന്നത്. അടിസ്ഥാന വര്‍ഗത്തെ/തൊഴിലാളി വര്‍ഗത്തെ ഉത്തേജിപ്പിക്കുന്നതാകണം നാടകമെന്ന് തന്മൂലം ആളുകള്‍ തെറ്റിദ്ധരിച്ചു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തില്‍ അവസാനം ഒരു ചെങ്കൊടി ഉയരുന്നുണ്ട്. അതുകൊണ്ട്, എല്ലാ നാടകങ്ങളിലും അതു വേണമെന്ന് അത്തരക്കാര്‍ ശഠിച്ചു.
നാടകത്തെ വേണ്ടവണ്ണം ഉപയോഗിച്ച്, ഉപേക്ഷിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. ഒരുകാലത്ത് ഇടതുപക്ഷത്തോടൊപ്പമായിരുന്നു ഇവിടുത്തെ ജനകീയ കലാകാരന്മാരെല്ലാം. കഥാപ്രസംഗം, നാടകം, എല്ലാം അങ്ങനെയായിരുന്നു. കലാരൂപങ്ങളെല്ലാം ഇടതു പ്രചാരണോപാധികളായി മാറി; അവര്‍ മാറ്റി. എന്തിന്, തെയ്യവും തിറയും കെട്ടുകാഴ്ചയിലെ രൂപങ്ങളുമെല്ലാം അവര്‍ അങ്ങനെ ദുരുപയോഗിച്ചു. അരങ്ങില്‍ ഒരു വിപ്ലവകാരി ഇല്ലെങ്കില്‍, നാടകം പുരോഗമനപരമല്ലെന്നു കൂടി പറയാന്‍ ഇടവന്നു.
1957 ലെ മന്ത്രിസഭ നാടകസ്വാധീനം മൂലം ഉണ്ടായതാണ്. പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയവയുടെ ഫലം കൊയ്‌തെടുത്തതാണത്. തിരിച്ച്, ഈ കലയ്‌ക്കുവേണ്ടി, എണ്ണമറ്റ കലാകാരന്മാര്‍ക്കു വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. കലാകാരന്മാരെ പാര്‍ട്ടിയുടെ നിത്യബന്ധത്തിലാക്കുക മാത്രമാണ് അവര്‍ ചെയ്തത്. അവരെ പ്രത്യേകം കള്ളികളിലാക്കി മാറ്റി. തങ്ങളുടെ അടിമകളാക്കി മാറ്റി.
നാടകാവതരണത്തിനുപറ്റിയ ഒരു ഓഡിറ്റോറിയം ഓരോ ജില്ലയിലും ഉണ്ടാക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. കല്യാണമണ്ഡപങ്ങള്‍ നാടകാവതരണത്തിന് പറ്റിയവയല്ല. അതിനായി പ്രത്യേക അരങ്ങുതന്നെ വേണം. അതെങ്കിലും ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയേണ്ടതായിരുന്നു. നാടകത്തെ സംരക്ഷിക്കാന്‍, നാടക കലാകാരന്‍മാരെ സംരക്ഷിക്കാന്‍- എന്തെങ്കിലും ചെയ്യാന്‍- അതിന്റെ ഗുണഫലം കൊയ്തവര്‍ക്കായിട്ടില്ല.
ഇടതുപക്ഷ ശത്രുവാകുന്നു
പത്തുവര്‍ഷം ഇടതു സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം നടത്തി. ലക്ഷങ്ങള്‍ കൊടുത്ത് സിനിമാക്കാരുടെ നൃത്തം, ഗാനമേള എന്നിവ വയ്‌ക്കും. സിനിമക്കാര്‍ വേണ്ടെന്നല്ല. എന്നാല്‍, കെപിഎസിക്കോ കാളിദാസ കലാകേന്ദ്രത്തിനോ പോലും ഒരവസരം അവിടെ ഇടതു സര്‍ക്കാര്‍ നല്‍കിയില്ല. ഒരൊറ്റ കഥാപ്രസംഗകനെയും ഏഴയലത്ത് അടുപ്പിച്ചിട്ടില്ല. ഒരൊറ്റ നാടകക്കാരനെയും അവിടേക്ക് വിളിച്ചിട്ടില്ല.
എത്രയോ കാലം ഇടതു സഹകാരിയായിരുന്നു ഞാന്‍. ഇതൊക്കെ തുറന്നുപറഞ്ഞതോടെ ശത്രുവായി. അങ്ങനെ അവര്‍ എന്നെയും ശത്രുസ്ഥാനത്ത് നിര്‍ത്തി. ഒരിക്കല്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വേദിയില്‍, ‘എന്തുകൊണ്ടാണ് നാടകത്തെയും കഥാപ്രസംഗത്തെയുമൊക്കെ ഇങ്ങനെ നിര്‍ദാക്ഷിണ്യം അവഗണിക്കുന്നതെന്ന്’ ചോദിക്കേണ്ടിവന്നു. ഇത്തരം ജനകീയ കലകളോട് അധികാരികള്‍ അനുഭാവപൂര്‍വ്വം പെരുമാറണമെന്നു പറഞ്ഞത് പാര്‍ട്ടിയെ വിമര്‍ശിക്കലായി സ്തുതിപാഠകര്‍ കരുതി. പ്രചരിപ്പിച്ചു. അവര്‍ ഉപജാപങ്ങള്‍ നെയ്തു. അതുകൊണ്ടൊക്കെത്തന്നെ സൂതവേഷം വേണ്ടെന്നുവെച്ചു. ഒരു നാടകക്കാരനെന്നനിലയില്‍ നാടകത്തിനുവേണ്ടി സംസാരിക്കേണ്ടത് എന്റെ കടമയാണെന്ന് ഇന്നും കരുതുന്നു. അത് ഇടതുപക്ഷവുമായുള്ള അകല്‍ച്ച കൂട്ടി.
(അടുത്ത ലക്കത്തില്‍ തുടരും)












