തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്. തൃശൂർ വല്ലക്കുന്നിലെ ചെമ്മീൻചാലിന് അരികിലുള്ള കുളത്തിലായിരുന്നു അപകടം. ബാച്ചിലർ ഓഫ് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഒന്നാം വർഷ വിദ്യാർഥിയായ അച്ചു പഠനാവശ്യാർത്ഥം വല്ലക്കുന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയായിരുന്നു.
വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അബദ്ധത്തില്‍ ചെമ്മീൻ വലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. അച്ചു വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇരിഞ്ഞാലക്കുടയില്‍ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.












