തിരുവനന്തപുരം: ചൂട് കാലാവസ്ഥ മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വരാതിരിക്കുന്ന കുട്ടികള്‍ക്ക്, അര്‍ഹമായ പോഷകാഹാരങ്ങള്‍ അവരുടെ വീട്ടടുകളില്‍ എത്തിച്ച് നല്‍കണം. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ. വി. മനോജ്കുമാര്‍ അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍, സിസിലി ജോസഫ് എന്നിവരുടെ ഫുള്‍ബഞ്ചിന്റേതാണ് ഉത്തരവ്.
കൃത്യമായ വായു സഞ്ചാരമില്ലാത്തതും ടിന്‍ഷീറ്റ് മേല്‍ക്കൂരയുള്ളതും സൗകര്യങ്ങള്‍ കുറവുള്ളതുമായ അങ്കണവാടികള്‍ പ്രവര്‍ത്തിക്കരുത്. ഇക്കാര്യം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഉറപ്പുവരുത്തണം. പകല്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടേണ്ടതില്ല. കളികള്‍ രാവിലെയോ വൈകുന്നേരമോ മാത്രമായി ക്രമീകരിക്കണം.
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇടയ്‌ക്കിടെ കുട്ടികള്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.മതിയായ ഭക്ഷണം ശുചിത്വ സൗകര്യങ്ങള്‍, സുരക്ഷിതത്വം എന്നിവ ഉണ്ടാകണം.കുഞ്ഞുങ്ങള്‍ക്ക് ചൂട് താങ്ങാവുന്ന അവസ്ഥയല്ലെന്നും കാലാവസ്ഥ മാറുന്നതു വരെ അങ്കണവാടികള്‍ക്ക് അവധി നല്‍കണമെന്നുമുള്ള പരാതികള്‍ പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.
















