ഇന്ത്യയിൽ, പ്രമുഖ കമ്പനികൾ ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പത്തും , പതിനഞ്ചും ലക്ഷം വാർഷികശമ്പളമായി നൽകുന്ന വാർത്തകൾ കേട്ട് ഞെട്ടുന്നവരാണ് നമ്മൾ.
എന്നാൽ, ചൈനയിൽ, ഒരു സമ്പന്ന കുടുംബം അവരുടെ നാല് വയസ്സുള്ള കുട്ടിക്ക് ഒരു ഹോം ട്യൂട്ടർക്കായി വാഗ്ദാനം ചെയ്യുന്ന ശമ്പളത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോർപ്പറേറ്റ് ലോകത്തിലെ ഉയർന്ന റാങ്കിലുള്ള ‘ലെവൽ-എ’ എക്സിക്യൂട്ടീവുകൾക്ക് പോലും ലഭിക്കാത്ത ശമ്പളമാണ് നാലു വയസുകാരനെ പഠിപ്പിക്കുന്ന ട്യൂഷൻ ടീച്ചർക്കായി കുടുംബം നീക്കി വയ്‌ക്കുന്നത്.
‘ഡെയ്‌ലി സ്റ്റാർ‘ റിപ്പോർട്ട് അനുസരിച്ച് ₹2 കോടിയിലധികം ശമ്പളമാണ് പ്രതിമാസം മകനെ പഠിപ്പിക്കാനായി മാതാപിതാക്കൾ നൽകുക. ഇതിനായി നൽകിയിരിക്കുന്ന പരസ്യത്തിൽ അധ്യാപിക നല്ല ഊർജ്ജസ്വലതയും, പ്രകൃതി സ്നേഹിയുമാകണമെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു.
ഈ തസ്തികയിലേക്ക്, സ്ത്രീകൾക്കാണ് മുൻഗണന . ഹോം ട്യൂട്ടർക്ക് മികച്ച ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടാതെ, അവർ ശാരീരികമായി ആരോഗ്യവതിയായിരിക്കണമെന്നും പരസ്യത്തിൽ പറയുന്നു.പുകവലിക്കരുത് , കുടുംബ, യാഥാസ്ഥിതിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ദ്വിഭാഷാ പരിജ്ഞാനമുള്ളവരും, സാംസ്കാരികമായി സമ്പന്നമായ ഒരു പഠന അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരുമായിരിക്കണം അധ്യാപിക . അടുത്ത ദശകത്തിനുള്ളിൽ കുട്ടിയെ യുണൈറ്റഡ് സ്റ്റേറ്റ്സിലോ സമാനമായ ഒരു രാജ്യത്തോ പഠനം തുടരാൻ സജ്ജമാക്കുക എന്നതാണ് ഇത്തരത്തിൽ കുട്ടിയ്‌ക്ക് വിദ്യാഭ്യാസം നൽകുന്നതിന്റെ ലക്ഷ്യമെന്നും പരസ്യത്തിൽ പറയുന്നു.















