
കൊച്ചി : . ഒരു മതത്തിലെയും പൂജ്യബിംബങ്ങളെയോ, നമ്മുടെ സാംസ്കാരികബിംബങ്ങളെയോ അവഹേളിക്കാനുള്ള അവിവേകം ആർക്കും ഉണ്ടാവരുതെന്ന് സ്വാമി ചിദാനന്ദപുരി . അതിനുള്ള പ്രതികരണപ്രവർത്തനങ്ങൾ സമാജത്തിൽ ഉണ്ടാവേണ്ടതുണ്ട്. ഇത് ഏതെങ്കിലും മതവുമായോ മതങ്ങളുമായോ കൂട്ടിക്കുഴയ്‌ക്കേണ്ടുന്ന വിഷയമല്ല, രാഷ്‌ട്രവിഘടനവാദവുമായും മതഭീകരതയുമായും ബന്ധിപ്പിക്കേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ ഇക്കഴിഞ്ഞ വിഷുപുണ്യനാളിൽ ഹൈന്ദവചേതനയെയും നമ്മുടെ വിശ്വാസങ്ങളെയും ധന്യമായ വിഷുക്കണിസങ്കല്പത്തെയുമൊക്കെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ട് ഒരേ ദിവസം കേരളത്തിന്റെ വിഭിന്നങ്ങളായ സ്ഥലങ്ങളിൽ നിന്നും ഒരേപോലെ, സമാനതകളുള്ള ആശംസാ- അവഹേളനപരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. വ്രണിതസമാജത്തിൽ നിന്നും സ്വാഭാവികമായി പ്രതികരണങ്ങളുണ്ടായി.
സമൂഹത്തിൽ ചർച്ചകളായി. “വന്നുപോയ അബദ്ധം”, “സദുദ്ദേശപൂർണ്ണം”, “മതേതരം” എന്നൊക്കെയുള്ള നിലയിൽ ആ നെറികേടിനെ ന്യായീകരിക്കാനും വെള്ളപൂശാനും ഒട്ടേറെ പേർ രംഗത്തു വന്നു. പരിമിതമായ ആശയപ്രചരണസ്വാതന്ത്ര്യമുള്ള നമ്മുടെ സമൂഹത്തിൽ അതൊക്കെയാവട്ടെ. എന്നാൽ സത്യം മാത്രമല്ലേ ആത്യന്തികമായി നിലകൊള്ളൂ.
ഒരേ സമയം കേരളത്തിലെ എട്ടോ- ഒമ്പതോ സ്ഥലങ്ങളിൽ നിന്നു സമാനമായ പരസ്യങ്ങൾ ഇറക്കപ്പെട്ടത് ആകസ്മികമെന്നോ, സദുദ്ദേശപൂർണ്ണമെന്നോ സാമാന്യബോധമുള്ള ആർക്കും ഉൾക്കൊള്ളാനാവുകയില്ല. നമ്മുടെ നാട്ടിൽ സാഹോദര്യവും സഹവർത്തിത്വവും പുലരണം എന്നിച്ഛിക്കുന്നുവെങ്കിൽ അതിനെ സംബന്ധിച്ച് ന്യായവും നീതിയുക്തവുമായ അന്വേഷണവും തുടർനടപടികളും നിയമപാലകർ നടത്തട്ടെ. ഈ വിഷയത്തിൽ ഇത്തരം നെറികേട് ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക എന്നതാണു രാഷ്‌ട്രസ്നേഹികളായ സാമാന്യജനങ്ങളുടെ അടിയന്തിരകർത്തവ്യം. ഒരുമതത്തിലെയും പൂജാബിംബങ്ങളെ അപമാനിക്കാനുള്ള ഔദാര്യം ആർക്കും ഇവിടെ തോന്നരുത്.
ഉണ്ണിക്കണ്ണനെ അപമാനിക്കുന്ന, ശാസ്ത്രവിരുദ്ധമായ പ്രവൃത്തിയെ ന്യായീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ പലരും ‘ശ്രീരാമൻ മാംസം കഴിച്ചിട്ടില്ലേ’, ‘മുത്തപ്പന് കള്ളും മത്സ്യവും നേദ്യമല്ലേ’ എന്നെല്ലാമുള്ള അയുക്തയുക്തികളുമായി ഇറങ്ങുന്നുണ്ട്. അതിനു നമ്മുടെ പ്രഭാഷണങ്ങളിൽനിന്ന് അടർത്തിയെടുത്ത അല്പഭാഗങ്ങളെ കൂട്ടുപിടിക്കുന്ന മൂഢതയും അവരിൽ ചില മൂഢർ കാണിക്കുന്നുമുണ്ട്. ക്ഷത്രിയമഹാരാജാവായിരുന്ന ശ്രീരാമൻ മാംസം കഴിച്ചവിഷയം വിഷുക്കണിയും ഉണ്ണിക്കണ്ണനുമായി ബന്ധപ്പെടുത്താൻ യോഗ്യമോ? ഇനി, അന്നുള്ള ക്ഷത്രിയർക്കു വിഹിതമായ വിധം കാട്ടിൽ വേട്ടയാടി ഭക്ഷിച്ച രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ അപമാനിക്കാൻ വേണ്ടി ഇന്നു തയ്യാറാക്കിയാൽ അതിനെ ഹിന്ദുസമാജം സഹിക്കണമെന്നാണോ പറയുന്നത്? അതു നടപ്പില്ല. അവിടെ രാമബാണം തന്നെയേ വഴിയുള്ളൂ.
ഇതുപോലെ അവിവേകത്താൽ ആരെങ്കിലും ഇതരമതബിംബങ്ങളെ അവഹേളിക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യമായി മാനിക്കപ്പെടുമോ ആവോ! മാത്രവുമല്ല, ശ്രീകൃഷ്ണനെ അപമാനിച്ചത് പറയുമ്പോൾ ശ്രീരാമചരിതം സമുദ്ധരിക്കുന്നവർ ഭഗവാൻതന്നെ ഉഗ്രനരസിംഹമൂർത്തിയായി വന്നപ്പോൾ ഹിരണ്യകശിപുവിന്റെ മാറുപിളർന്നു രക്തം കുടിച്ചിട്ടുണ്ടെന്നുമറിയുക. അപമാനഭാരമേറുകയും ഭക്തധർമ്മരക്ഷണത്തിനുള്ള അനിവാര്യത വരികയും ചെയ്തപ്പോൾ ജഡമായ തൂണിൽ നിന്നാണ് ആ ചൈതന്യസ്വരൂപം പ്രകടമായത് എന്നും ഓർമ്മിക്കുക! മത്സ്യം, വരാഹം, കൂർമ്മം, തുടങ്ങിയ അവതാരങ്ങളിൽ എന്തൊക്കെ കഴിച്ചിട്ടുണ്ടാവാം. അത് വാമനമൂർത്തിയുമായോ ഭാർഗ്ഗവരാമാനുമായോ ഒക്കെ ബന്ധിപ്പിക്കുന്നത് മൂഢതയല്ലാതെ മറ്റെന്ത്?
സാത്വികവും രാജസികവും താമസികവുമൊക്കെയായ ആരാധനാക്രമങ്ങളിൽ ഉള്ള വിഭിന്നതകൾ അറിയാത്തവർ ഭദ്രകാളിയുമായും മുത്തപ്പനുമായും ഗുളികനുമായും മറ്റും ഉണ്ണികൃഷ്ണനെ ചേർത്തു പുലമ്പുന്നത് അസ്വീകാര്യം മാത്രം. ഈവിധത്തിലുള്ള എല്ലാ ആരാധനാക്രമങ്ങളെയും അതതിന്റെ ദിവ്യതയിൽ കാണുകയും ആദരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ മനസ്സ്.
പോരെങ്കിൽ, ശ്രീകൃഷ്ണൻ മാംസം കഴിച്ചിരുന്നു എന്നാണു മറ്റൊരു വാദം. വ്രജവാസിയായിരുന്ന ഉണ്ണികൃഷ്ണനോ വൃന്ദാവനവിഹാരിയായിരുന്ന ബാലഗോപാലകൃഷ്ണനോ മാംസം ഭുജിച്ചിരുന്നു എന്നുള്ളതിന് എന്തെങ്കിലും ശാസ്ത്രപ്രമാണം ചൂണ്ടിക്കാണിക്കാൻ ആർക്കെങ്കിലും പറ്റുമോ?
ആദ്യം ചെയ്ത തെറ്റിനേക്കാൾ വലിയ തെറ്റുകൾ ചെയ്യാതിരിക്കുക. ഒരു മതത്തിലെയും പൂജ്യബിംബങ്ങളെയോ, നമ്മുടെ സാംസ്കാരികബിംബങ്ങളെയോ അവഹേളിക്കാനുള്ള അവിവേകം ആർക്കും ഉണ്ടാവരുത്. അതിനുള്ള പ്രതികരണപ്രവർത്തനങ്ങൾ സമാജത്തിൽ ഉണ്ടാവേണ്ടതുണ്ട്. ഇത് ഏതെങ്കിലും മതവുമായോ മതങ്ങളുമായോ കൂട്ടിക്കുഴയ്‌ക്കേണ്ടുന്ന വിഷയമല്ല, രാഷ്‌ട്രവിഘടനവാദവുമായും മതഭീകരതയുമായും ബന്ധിപ്പിക്കേണ്ടതാണ്. ഉണരുക, ചരിത്രത്തിൽ നിന്നു പാഠം ഉൾക്കൊള്ളുക