ക്വാലാലംപുർ: മലേഷ്യയിലെ ബോർണിയോ സദ്വീപിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ആയിരത്തോളം വീടുകൾ കത്തിനശിച്ചു. ആയിരത്തിലേറെ പേർ ബന്ധുക്കളെ പിരിഞ്ഞ് എവിടെയെന്നറിയാതെ ചിതറിപ്പോയി. ജീവാപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് കാലത്തായിരുന്നു സംഭവം.
മലേഷ്യയിലെ സബാജില്ലയി തീരദേശ ഗ്രാമത്തിലെ താത്ക്കാലിക വീടുകൾക്കാണ് നാശം സംഭവിച്ചത്. ഇവയിൽ പലതും ദ്വീപിലെ വെള്ളക്കെട്ടുകൾക്ക് മുകളിൽ തൂണുകളിലാണ് നിർമ്മിച്ചിരുന്നത്. ‘വാട്ടർ വില്ലേജ്’ എന്നാണ് ഇവിടം അറിയപ്പെടുന്നത്.
മലേഷ്യയിലെ ഏറ്റവും ദരിദ്രവിഭാഗക്കാരും പൗരത്വം ഇല്ലാത്തവരുമാണ് ഇവിടെ താമസിക്കുന്നത്. മിക്ക താൽക്കാലിക വീടുകളും മരം കൊണ്ടു നിർമ്മിച്ചവയാണ്. അതിനാൽ തീപ്പിടിച്ച് മണിക്കൂറുകൾക്കുള്ളിൽ വൻ നാശം സംഭവിച്ചു. ഇവിടത്തെ 9,000 താമസക്കാരെ ഏതെങ്കിലും തരത്തിൽ തീപ്പിടിത്തം ബാധിച്ചതായി രക്ഷാ പ്രവർത്തനത്തിന്റെ തലവൻ ജിമ്മി ലാഗുങ്ഗ് പറഞ്ഞു.











