നരേന്ദ്രമോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച, നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ഭാരത ജനാധിപത്യ ചരിത്രത്തിലെ സൂര്യോദയമാണ്. നിലവില്‍ ലോക്സഭയിലും വിവിധ നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ആകെ അംഗസംഖ്യയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ്. ഈ സാഹചര്യത്തില്‍ 33 ശതമാനം സംവരണം നടപ്പിലാക്കുന്നതോടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളുടെ സജീവസാന്നിധ്യം ഉറപ്പാകും. സ്ത്രീകളെ വെറും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളായിട്ടല്ല, മറിച്ച് രാജ്യത്തിന്റെ ഗതി തീരുമാനിക്കുന്ന കരുത്തുറ്റ നേതാക്കളായിട്ടാണ് ബിജെപി കാണുന്നത്.
സ്ത്രീ ജീവിതം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടേണ്ടതല്ലെന്ന ഉറച്ചതും പുരോഗമനപരവുമായ നിലപാടാണ് ബിജെപി സര്‍ക്കാരിനുള്ളത്. ‘സ്ത്രീകള്‍ എവിടെ ആദരിക്കപ്പെടുന്നുവോ അവിടെ ദൈവങ്ങള്‍ വസിക്കുന്നു’ (‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ:’) എന്ന സങ്കല്‍പ്പത്തെ ആധുനിക ഭരണസംവിധാനവുമായി കോര്‍ത്തിണക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുരക്ഷിതയും ശക്തയും സ്വയംപര്യാപ്തയുമായ ഒരു സ്ത്രീസമൂഹം എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം ഇന്ന് കുതിക്കുന്നത്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണമേറ്റതുമുതല്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളും സ്ത്രീക്ഷേമത്തില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണ്. സ്ത്രീകളെ വെറും ഗുണഭോക്താക്കളായി കാണുന്നതിനു പകരം, വികസനത്തിന്റെ സാരഥികളായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മുസ്ലീം സ്ത്രീകള്‍ക്ക് സാമൂഹിക നീതിയും ലിംഗസമത്വവും ഉറപ്പാക്കുന്നതിനായി മുത്തലാഖ് നിയമവിരുദ്ധമാക്കിയത് ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായി. പുകയില്ലാത്ത അടുക്കളകള്‍ ഉറപ്പാക്കി കോടിക്കണക്കിന് സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കിയത് അവരുടെ ആരോഗ്യത്തിലും ജീവിതനിലവാരത്തിലും വലിയ മാറ്റമുണ്ടാക്കി. വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിച്ചു നല്‍കിയത് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും വര്‍ദ്ധിപ്പിച്ചു. ഗ്രാമീണ, നഗര മേഖലകളിലെ സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിന് മുദ്രാ വായ്‌പ പദ്ധതി വലിയ പങ്കുവഹിച്ചു. ഈ പദ്ധതിക്ക് കീഴില്‍ അനുവദിച്ച വായ്‌പകളില്‍ 70 ശതമാനത്തോളം സ്ത്രീ സംരംഭകര്‍ക്കാണ് ലഭിച്ചത്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന ക്യാമ്പയിനിലൂടെ പെണ്‍കുട്ടികളുടെ ജനനനിരക്കിലും വിദ്യാഭ്യാസത്തിലും വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. സായുധ സേനകളില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കിയതും സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചതും നവഭാരതത്തിന്റെ മാറുന്ന കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നത്. ഇപ്പോള്‍ നാരീശക്തി വന്ദന്‍ അധിനിയത്തിലൂടെ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം സ്ത്രീകളുടെ രാഷ്‌ട്രീയ പങ്കാളിത്തം ഉറപ്പാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ ശബ്ദം നിയമനിര്‍മ്മാണ സഭകളില്‍ അര്‍ഹമായ രീതിയില്‍ കേള്‍പ്പിക്കാന്‍ ഈ സംവരണം അത്യന്താപേക്ഷിതമാണ്. സ്ത്രീകള്‍ ഭരണരംഗത്ത് എത്തുമ്പോള്‍ അത് സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഇതു തെളിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള സംവരണം വഴി മികച്ച പ്രകടനം കാഴ്ചവെച്ച ഒട്ടേറെ വനിതാ നേതാക്കള്‍ നമുക്കുണ്ട്. അവര്‍ക്ക് സംസ്ഥാന, ദേശീയ തലങ്ങളിലേക്ക് ഉയരാന്‍ ഈ പുതിയ നിയമം വലിയൊരു അവസരമൊരുക്കും. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശിശുക്ഷേമം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ വനിതാ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നു. നിയമസഭകളിലും പാര്‍ലമെന്റിലും ഈ മാറ്റം പ്രതിഫലിക്കുമ്പോള്‍ രാജ്യം കൂടുതല്‍ സമഗ്രമായ വികസനത്തിലേക്ക് കുതിക്കും.
ഈ ബില്‍ നിയമമാകുന്നതോടെ നമുക്കു ലഭിക്കാന്‍ പോകുന്നത് വനിതാ നേതാക്കളുടെ വലിയ ശ്രേണിയാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകള്‍ അതുകുറയ്‌ക്കും. ലിംഗസമത്വത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പു കൂടിയാണിത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി നടപ്പിലാക്കുന്നതിനുള്ള നിര്‍ണ്ണായക ചുവടുവെപ്പു കൂടിയാണിത്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ പ്രാപ്തിയുള്ളവരാണെന്നു തെളിയിക്കാന്‍ ഭാരതീയ സ്ത്രീകള്‍ക്ക് ഈ നിയമം കരുത്തുനല്‍കും.
ഇത് സ്ത്രീകളെ കേവലം വോട്ടുബാങ്ക് മാത്രമായി കാണാതെ നയരൂപീകരണത്തിന്റെ ഭാഗമാക്കുന്നു. ഭരണരംഗത്ത് തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍ അവര്‍ക്ക് നിര്‍ണ്ണായക സ്വാധീനം ലഭിക്കുന്നു. സ്ത്രീശബ്ദം കൂടുതല്‍ ഉച്ചത്തില്‍ നിയമനിര്‍മ്മാണ സഭകളില്‍ ഉയരുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കപ്പെടും. സ്ത്രീകള്‍ക്കായി കൂടുതല്‍ പ്രായോഗികമായ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടാന്‍ ഇത് കാരണമാകും. വനിതാ സംവരണ നിയമം കേവലം സീറ്റുകളുടെ എണ്ണം കൂട്ടുക മാത്രമല്ല ചെയ്യുന്നത്, മറിച്ച്, സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന ഒരു ജനാധിപത്യം കെട്ടിപ്പടുക്കുകയാണ്. സ്ത്രീകളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും ഭരണനിര്‍വ്വഹണത്തില്‍ പ്രതിഫലിക്കും. സ്ത്രീകള്‍ ഉയര്‍ന്ന ഭരണപദവികളില്‍ എത്തുന്നത് സമൂഹത്തില്‍ അവര്‍ക്ക് ലഭിക്കുന്ന ബഹുമാനം വര്‍ദ്ധിപ്പിക്കും.
പെണ്‍കുട്ടികള്‍ക്ക് രാഷ്‌ട്രീയത്തെ ഒരു കരിയറായി കാണാനും പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവരാനും ഇത് പ്രചോദനമാകും. നിയമത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കുന്നതിന് സ്ത്രീകള്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കകത്തും അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. നമ്മുടെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ കാലക്രമേണെ ആ തരത്തിലേക്ക് മാറ്റപ്പെടുമെന്നതില്‍ സംശയമില്ല.
ബില്‍ നടപ്പിലാക്കുന്നതിന് മുന്‍പ് മണ്ഡല പുനര്‍നിര്‍ണ്ണയവും സെന്‍സസും ആവശ്യമാണെന്നിരിക്കെ, അതിന്റെ സാങ്കേതിക നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ‘പ്രോക്സി പൊളിറ്റിക്സ്’ അഥവാ സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്മാര്‍ അധികാരം കൈയാളുന്ന രീതി മാറണമെങ്കില്‍ സ്ത്രീകള്‍ക്ക് രാഷ്‌ട്രീയമായ അവബോധവും പരിശീലനവും നല്‍കേണ്ടതും അത്യാവശ്യമാണ്. അതിനും രാഷ്‌ട്രീയപാര്‍ട്ടികള്‍ മുന്‍കൈ എടുക്കണം.
ഇത്തരം കാര്യങ്ങളൊന്നും ശരിയായി മനസ്സിലാക്കാതെയാണ് ചിലരൊക്കെ ബില്ലിനെ എതിര്‍ക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി വിവിധ സര്‍ക്കാരുകള്‍ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിരുന്നില്ല. അന്ന് ബില്‍ കീറിയെറിഞ്ഞവരും നിശബ്ദത പാലിച്ചവരും ഇന്ന് ബില്ലിലെ ‘അപാകതകളെ’ കുറിച്ച് സംസാരിക്കുന്നത് രാഷ്‌ട്രീയമായ ഇരട്ടത്താപ്പാണ്. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് തങ്ങളുടെ ഉറച്ച സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്‌ക്കേണ്ടി വരുമോ എന്നാണ്. പുരുഷാധിപത്യപരമായ ഈ രാഷ്‌ട്രീയ ചിന്താഗതിയെ മറികടക്കാന്‍ നിയമപരമായ സംവരണം അത്യന്താപേക്ഷിതമാണ്.
കേരളത്തിലാണ് എതിര്‍പ്പു കൂടുതല്‍. കഴിഞ്ഞ 70 വര്‍ഷമായി മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് ഇത്രയും കാലമായിട്ടും കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയെ പോലും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല, എന്നാല്‍ മോദി സര്‍ക്കാര്‍ വെറും പ്രസംഗങ്ങളില്‍ ഒതുങ്ങാതെ പാര്‍ലെമന്റിലും നിയമസഭകളിലും സ്തീകള്‍ക്കായി 33% സീറ്റുകള്‍ നിയമപരമായി ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. ഇത് ആരാടും കാണിക്കുന്ന ഔദാര്യമല്ല, മറിച്ച് സ്തീകള്‍ക്ക് ഈ മണ്ണില്‍ ലഭിക്കണ്ട അര്‍ഹമായ അധികാരമാണ്. ‘നാരീ ശക്തി വന്ദന്‍ അധിനി
യം’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് സ്ത്രീകള്‍ക്കായുള്ള രാഷ്‌ട്രീയ പ്രഖ്യാപനമാണ്. ബില്ലിനെതിരെ ഉയരുന്ന സാങ്കേതിക തടസ്സവാദങ്ങള്‍ സ്ത്രീകളുടെ രാഷ്‌ട്രീയ ശാക്തീകരണത്തെ ഭയപ്പെടുന്നതില്‍ നിന്ന് ഉടലെടുക്കുന്നവയാണ്. നാരീശക്തി വന്ദന്‍ അധിനിയം യാഥാര്‍ത്ഥ്യമാകുന്നതോടെ ഭാരത ജനാധിപത്യം കൂടുതല്‍ അര്‍ത്ഥവത്താകും.
ഈ ബില്‍ സ്ത്രീകളുടെ അവകാശമാണ്. ഇത് നടപ്പിലാകുന്നതോടെ ഭാരതം ഒരു വികസിത രാഷ്‌ട്രമായി മാറുന്നതിനുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുന്നു. സ്ത്രീകളുടെ കരുത്തും കരുതലും രാജ്യത്തിന്റെ നയരൂപീ
കരണത്തില്‍ പ്രതിഫലിക്കുമ്പോള്‍ അത് കൂടുതല്‍ മാനുഷികവും സുരക്ഷിതവുമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്നു. രാഷ്‌ട്രീയത്തിന് അതീതമായി നാമെല്ലാവരും ഈ ചരിത്രപരമായ മുന്നേറ്റത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്.
















