തിരുവനന്തപുരം: പെരുമാറ്റ ചട്ടം നിലനില്‍ക്കെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് തിരക്കിട്ട് നിയമനം നടത്താനാണ് നീക്കം.
മുഖ്യമന്ത്രി അധ്യക്ഷനായുള്ള കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ നിയമിക്കുന്നത് സര്‍ക്കാരാണ്. മാര്‍ച്ച് മാസത്തിലാണ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തസ്തികയിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കിയത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും കോളജുകളിലും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രൊജക്ടുകള്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ചുമതലയിലാണ് നടക്കുന്നത്. തിരുവനന്തപുരം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വാട്ടര്‍ റിസോഴ്‌സസ് സെന്റര്‍, വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവനാണ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ വി.കെ. രാമചന്ദ്രനെയാണ് സേര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് വിസി നിയമനങ്ങള്‍ക്കുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ സ്ഥിരമായി പ്രതിനിധീകരിക്കുന്ന വ്യക്തിയെ തന്നെ വിവാദ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ അധ്യക്ഷനായി നിയോഗിച്ചത് ആസൂത്രിതമായാണെന്ന് ആക്ഷേപമുണ്ട്. ശാസ്ത്രജ്ഞരല്ലാത്ത പ്ലാനിങ് ബോര്‍ഡ് ചെയര്‍മാനും, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. സജി ഗോപിനാഥും, മെഡിക്കല്‍ ഡോക്ടറായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ചേര്‍ന്നുള്ള സമിതിയെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സിലിന്റെ തലവനായ ഒരു ശാസ്ത്രജ്ഞനെ തെരഞ്ഞെടുക്കുവാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലേയ്‌ക്ക് നിയോഗിച്ചതില്‍ അനൗചിത്യമുണ്ട്. നാല്‍പതോളം പേര്‍ അപേക്ഷകരായുണ്ട്. ഏപ്രില്‍ 25നാണ് ഇന്റര്‍വ്യൂ നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷ കാലാവധിയിലാണ് നിയമനം.
സമാന രീതിയില്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത പിഎസ്‌സി അംഗങ്ങളുടെയും, ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെയും പഞ്ചായത്ത് ഓംബുഡ്‌സ്മാന്റെയും നിയമനങ്ങള്‍ ഗവര്‍ണര്‍ തടഞ്ഞിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിയമനം നടത്താന്‍ തിരക്കുകൂട്ടുന്നത്. വിസി പദവിക്ക് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്ന വ്യക്തിയെ നിയമിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ തിരക്കിട്ട് ഇന്റര്‍വ്യൂ നിശ്ചയിച്ചതെന്ന് ആരോപണമുണ്ട്.
















