Editorial

ക്യാമ്പസിലെ ജാതിവെറി നിയന്ത്രിച്ചേ പറ്റൂ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി, തിരുവനന്തപുരം സ്വദേശി നിതിന്‍ രാജ് അധ്യാപകരുടെയടക്കം പീഡനങ്ങളെയും ജാതിയധിക്ഷേപങ്ങളെയും തുടര്‍ന്ന് ജീവനൊടുക്കിയ സംഭവം പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ മുഖത്ത് ഒരിക്കല്‍ക്കൂടി കരിവാരിത്തേച്ചിരിക്കുന്നു. ഒരിക്കല്‍ക്കൂടിയെന്ന് പറയുന്നത് ബോധപൂര്‍വമാണ്. കേരളത്തിലെ ക്യാമ്പസുകളില്‍ ജാതീയമായ വിവേചനങ്ങളെ തുടര്‍ന്നും പീഡനങ്ങളെ തുടര്‍ന്നും വിദ്യാര്‍ഥികള്‍ ജീവനൊടുക്കുകയോ പഠനം നിര്‍ത്തുകയോ ചെയ്ത നിരവധി സംഭവങ്ങളുണ്ട്. നവോത്ഥാന മതിലുകളും നവകേരള സദസ്സുകളും പൊടിപൊടിക്കുമ്പോഴും ജാതീയമായ അധിക്ഷേപവും അടിച്ചമര്‍ത്തലും സഹിക്കാനാവാതെ വിദ്യാര്‍ഥികള്‍ക്ക് പഠനവും ജീവിതവും തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയാണ് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. രജനി എസ്. ആനന്ദിന്റെയും സിദ്ധാര്‍ത്ഥിന്റെയും മുഖങ്ങള്‍ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല.

പട്ടികജാതിക്കാരനായ, പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ് അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിതിന്‍ രാജ്. ഈ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സ്വന്തമായി ഒരു വീടു പോലും ഇല്ലാത്ത, പെയിന്റിങ് തൊഴിലാളിയായ അച്ഛന്റെയും കാന്‍സര്‍ രോഗിയായ അമ്മയുടെയും മകന്‍. പരിതാപകരമായ ഈ ചുറ്റുപാടിലും പഠനത്തില്‍ മിടുക്കു കാണിച്ചയാളാണ് നിതിന്‍. എസ്എസ്എല്‍സിക്കും പ്ലസ് ടുവിനും മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി എന്‍ട്രന്‍സ് ടെസ്റ്റില്‍ നല്ല മാര്‍ക്കോടെയാണ് ദന്തല്‍ കോളജില്‍ ചേര്‍ന്നത്. ഈ വിദ്യാര്‍ത്ഥിയുടെ ജീവിതവിജയം ആ കുടുംബത്തിന്റെ സ്വപ്‌നമായിരുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ചിലര്‍ ഈ സ്വപ്‌നം തല്ലിക്കെടുത്തി.

അറിയുന്നിടത്തോളം, ആത്മാഭിമാനിയായ വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍. ചില അധ്യാപകരും മറ്റും തന്നെ നിരന്തരം അധിക്ഷേപിച്ചതിന്റെ വിവരങ്ങള്‍ ഈ വിദ്യാര്‍ത്ഥിയുടെയും വീട്ടുകാരുടെയും വാക്കുകളില്‍ നിന്ന് വ്യക്തമാണ്. പുറത്തു പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപങ്ങള്‍. ഇതെല്ലാം ജാതിയുടെയും നിറത്തിന്റെയും പേരിലാണ് എന്നറിയുമ്പോള്‍ ജാതിയും വിവേചനങ്ങളും ഇല്ലാത്ത കേരളം വിഭാവനം ചെയ്ത നമ്മുടെ നവോത്ഥാന നായകന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നു പറയേണ്ടിവരും. എന്തുകൊണ്ടാണ് സമൂഹത്തിന്റെ താഴെത്തട്ടില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മാത്രം ഇങ്ങനെ അപമാനിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നത്? ഈ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തി പരിഹാരങ്ങള്‍ ഉണ്ടാകുന്നതുവരെ കേരള ജനത പ്രബുദ്ധരാണെന്ന് കരുതാനാവില്ല. അപ്രിയ സത്യങ്ങള്‍ കാണാന്‍ കൂട്ടാക്കാത്ത രാഷ്‌ട്രീയഭരണ നേതൃത്വവും സാംസ്‌കാരിക നായകന്മാരുമൊക്കെ ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചു.

നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പൂക്കോട് കോളജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തിലും നമ്മള്‍ ഇതു കണ്ടതാണ്. പ്രതിഷേധം മുന്‍നിര്‍ത്തി ഇങ്ങനെ ചില നടപടികള്‍ എടുക്കുന്നതല്ലാതെ ആരും ശിക്ഷിക്കപ്പെടുന്നില്ല. സിദ്ധാര്‍ത്ഥിനെ ക്രൂരമായി കൊലചെയ്ത വിദ്യാര്‍ഥികള്‍ എത്ര വേഗമാണ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പതിവ് ജീവിതത്തിലേക്ക് മടങ്ങിയത്. നിതിന്‍ രാജിനെ ആത്മഹത്യയിലേക്ക് നയിച്ച അധ്യാപകരും രക്ഷപ്പെടാനാണ് സാധ്യത. ഇവര്‍ക്കൊപ്പം നില്‍ക്കാനും ജാതിവെറിയന്മാര്‍ തയ്യാറായെന്നു വരും. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇടതുപക്ഷ ‘നവോത്ഥാന കേരളത്തില്‍’ തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം.

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അനുശോചിക്കാനും ആ വിദ്യാര്‍ത്ഥിയുടെ വീട് സന്ദര്‍ശിക്കാനും രാഷ്‌ട്രീയ ഭരണനേതൃത്വം ഇപ്പോള്‍ തിക്കിത്തിരക്കുന്നുണ്ട്. പക്ഷേ ഇതുകൊണ്ടായില്ല. സിദ്ധാര്‍ത്ഥിന്റെ മരണത്തിലും നാം ഇത് കണ്ടതാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആ വീട്ടിലെത്തി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതാണ്. പക്ഷേ ആ കുടുംബത്തിന് ഇന്നും നീതി ലഭിച്ചിട്ടില്ല. ഈ രീതിക്ക് മാറ്റം വരണം. ജാതിബോധത്തില്‍ അഭിരമിക്കുന്നവരും, ജാതീയമായ വിവേചനങ്ങള്‍ കാണിക്കുന്നവരുമായ അധ്യാപകര്‍ കര്‍ശനമായി ശിക്ഷിക്കപ്പെടുക തന്നെ വേണം. കാരണം അവര്‍ ഗുരുക്കന്മാരാണ്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവര്‍ അതിന് കടകവിരുദ്ധമായി പെരുമാറിയാല്‍ സമൂഹം തന്നെ അധഃപതിക്കും.