കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ കൊടുംക്രൂരത. വ്യാപാരി വ്യവസായി സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദ് ആണ് രക്ഷിക്കാനെന്ന വ്യാജേന എത്തി 25 വയസുകാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത്.
പരാതി പിന്‍വലിക്കാന്‍ 25 ലക്ഷം രൂപവരെയാണ് സിനില്‍ സവാദിന്റെ സുഹൃത്തും കായംകുളത്തെ ഒരു സ്വര്‍ണവ്യാപാരിയും യുവതിക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍, അതിക്രമം തന്നെ മാനസികമായി തകര്‍ത്തെന്നും ഉറങ്ങിയിട്ട് ദിവസങ്ങളായെന്നും കേസുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.
അതേസമയം, പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കായംകുളം പോലീസ് സ്വീകരിച്ചത്. ഒരാഴ്ച പിന്നിടുമ്പോഴും കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യുവതിക്ക് ലഭിച്ചത്.
യുവതിയുടെ വൈദ്യപരിശോധന നടത്താനോ, മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്താനോ പോലീസ് തയാറായില്ല. ആദ്യ രണ്ട് ദിവസം ഒളിവില്‍ പോയ സിനില്‍ സവാദ് പിന്നീട് പുറത്തുവന്ന് പൊതു പരിപാടികളിലടക്കം സജീവമായി. നീതി നിഷേധിക്കപ്പെട്ടതോടെയാണ് താന്‍ നേരിട്ട ദുരനുഭവം യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. വിവാദമായതോടെ സംസ്ഥാന പോലീസ് മേധാവി ആലപ്പുഴ എസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി.















