ന്യൂദൽഹി: അഞ്ചരക്കണ്ടി മെഡിക്കൽ കോളെജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു. അഞ്ചു ദിവസത്തിനകം നടപടികൾ എന്തൊക്കെയെടുത്തുവെന്ന് റിപ്പോർട്ടുനൽകാൻ കേരള ഡിജിപിക്ക് പട്ടികജാതി കമ്മീഷൻ നിർദ്ദേശം നൽകി.
ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് ഈ സംഭവം ദേശീയ പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. തുടർന്ന് കമ്മീഷൻ സ്വയം കേസെടുക്കുകയായിരുന്നു.
പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം എന്തെല്ലാം നടപടി എടുത്തുവെന്ന വിശദമായ റിപ്പോർട്ട് നൽകാനാണ് ഡിജിപിയോട് കമ്മീഷൻ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ചരക്കണ്ടി മെഡിക്കൽ കോളെജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആയിരുന്നു നിതിൻ രാജ്.
















