ഭൂമിയുടെ ചില പ്രത്യേക ഭാഗങ്ങളിൽ മാത്രം സ്വർണം വൻതോതിൽ അടിഞ്ഞുകൂടുന്നത് എന്തുകൊണ്ടെന്ന ചോദ്യം ദശകങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്നു. ഈ പ്രഹേളികയ്‌ക്കുള്ള ഉത്തരമാണ് കെർമാഡെക് സമുദ്രമേഖലയിലെ പഠനം നൽകുന്നത്.
സ്വർണത്തിന്റെ തിളക്കത്തിനും അപൂർവതയ്‌ക്കും പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ ശാസ്ത്രലോകം ഇപ്പോൾ എത്തിനിൽക്കുന്നത് ന്യൂസീലൻഡിന് വടക്കുകിഴക്കായുള്ള പസിഫിക് സമുദ്രത്തിന്റെ ആഴങ്ങളിലാണ്. കെർമാഡെക് ദ്വീപ് സമൂഹത്തിന് സമീപം ആഴക്കടലിലെ അഗ്നിപർവതങ്ങൾ പ്രകൃതിദത്തമായ ‘സ്വർണ ഫാക്ടറികളായി’ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ജർമനിയിലെ ജിയോമാർ ഹെൽംഹോൾട്ട്സ് സെന്റർ ഫോർ ഓഷ്യൻ റിസർച്ചിലെ ക്രിസ്റ്റ്യൻ ടിമ്മിന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് സ്വർണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ നൽകുന്നത്.
ഭൂമിയുടെ ഉൾഭാഗത്തുള്ള പാറകളിൽ ‘സൾഫൈഡ്’ (Sulfides) എന്ന ധാതുക്കൾ അടങ്ങിയിട്ടുണ്ട്. സ്വർണം സാധാരണയായി ഈ സൾഫൈഡ് ധാതുക്കൾക്കുള്ളിലാണ് ഒളിഞ്ഞിരിക്കുന്നത്. സബ്ഡക്ഷൻ സോണിലെ കടുത്ത ചൂടും ജലത്തിന്റെ സാന്നിധ്യവും ഈ സൾഫൈഡുകളെ തകർക്കുന്നു. ഫലമായി, അവയ്‌ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന സ്വർണം ഉരുകിയ ലാവയിലേക്ക് പുറന്തള്ളപ്പെടുന്നു.
ഈ ഉരുകൽ പ്രക്രിയ ആവർത്തിക്കപ്പെടുമ്പോൾ ലാവയിലെ സ്വർണത്തിന്റെ സാന്ദ്രത വർധിക്കുന്നു. കെർമാഡെക് മേഖലയിൽ നിന്ന് ശേഖരിച്ച 66 അഗ്നിപർവത ഗ്ലാസ് സാംപിളുകൾ പരിശോധിച്ചപ്പോൾ സാധാരണ സമുദ്രനിരപ്പുകളിലുള്ള ലാവയേക്കാൾ പലമടങ്ങ് സ്വർണം ഇവിടെ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
ഈ പ്രദേശം ഒരു ‘സ്വർണ ഫാക്ടറി’ ആണെന്ന് വിളിക്കപ്പെടുമ്പോഴും അവിടെ നിന്ന് സ്വർണം ഖനനം ചെയ്തെടുക്കുക എന്നത് നിലവിൽ അസാധ്യമാണ്. ഈ നിക്ഷേപങ്ങൾ സമുദ്രത്തിന്റെ അതിശയിപ്പിക്കുന്ന ആഴങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് അവിടെ ഖനനം നടത്തുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സ്വർണം ലാവയിൽ അടങ്ങിയിട്ടുണ്ടെങ്കിലും അത് വ്യാവസായികമായി ലാഭകരമായ രീതിയിൽ ഒരിടത്ത് മാത്രം കേന്ദ്രീകരിച്ചിട്ടില്ല. സമുദ്രാന്തർ ഖനനം കടലിലെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും.
















