ചെന്നൈ: തമിഴ്നാട്ടിലും കേരളത്തിലും നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല‍്കിയ പാര്‍ട്ടിയായി ബിജെപി. തമിഴ്നാട്ടില്‍ ബിജെപി വനിതകള്‍ക്ക് വാരിക്കോരി സീറ്റുകള്‍ നല്‍കിയതിനെ തമിഴ്നാട്ടിലെ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ഹസീന സെയ്ദ് അഭിനന്ദിച്ചിരുന്നു. കോണ്‍ഗ്രസിലെ പുരുഷമേധാവിത്വ സമീപനങ്ങളിലും പണം വാങ്ങി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സീറ്റുകള‍് വില്‍ക്കുന്നതിലും പ്രതിഷേധിച്ച് ഹസീന സെയ്ദ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്‌ക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 27 സീറ്റുകളില്‍ അഞ്ചെണ്ണം വനിതകള്‍ക്ക് നല‍്കി. കോണ്‍ഗ്രസ് ആകെയുള്ള 28 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്ക് നല്‍കിയത്.
ഇനി കേരളത്തിലെ കാര്യം പരിശോധിക്കാം. ആകെയുള്ള 95 സീറ്റുകളില്‍ 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വനിതകളെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസാകട്ടെ തോല്‍ക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളാണ് വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേ സമയം ബിജെപിയാകട്ടെ ആകെയുള്ള 98 സീറ്റുകളില്‍ 14 സീറ്റുകളാണ് വനിതകള്‍ക്ക് നീക്കിവെച്ചത്.
“പുതുച്ചേരിയിലും തമിഴ്നാട്ടിലും കോണ്‍ഗ്രസ് സ്ത്രീകളെ തഴഞ്ഞു. 33 ശതമാനം സംവരണപ്രകാരം 28 സീറ്റുകളില്‍ 9 സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ സെല്‍വപെരുന്തുഗൈ എനിക്ക് സീറ്റ് നല്‍കിയില്ല. വ്യക്തിപരമായ വിദ്വേഷം എന്നോട് പോക്കുകയായിരുന്നു. കൃഷ്ണഗിരി സീറ്റില്‍ എന്റെ പേരുണ്ടായിരുന്നു. പക്ഷെ ഗീരീഷ് ചോദങ്കര്‍ ഇടപെട്ട് എന്നെ വെട്ടി. എന്നെ പരസ്യമായി അപമാനിച്ച ചെല്ലകുമാറിനാണ് ഇപ്പോള്‍ ആ സീറ്റ് നല്‍കിയത്. രാഹുല്‍ ഗാന്ധി ഇടപെട്ട് ചെല്ലകുമാറിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. പിന്നീട് ചെല്ലകുമാറിന് ആ സീറ്റ് നല്‍കുകയായിരുന്നു. എന്നോട് മാപ്പ് പറഞ്ഞതോടെ ചെല്ലകുമാര്‍ ചെയ്ത കുറ്റം ഇല്ലാതായി. “- കോണ്‍ഗ്രസില്‍ തനിക്ക് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ കഴിഞ്ഞ ദിവസം ഹസീന സെയ്ദ് വിവരിച്ചിരുന്നു. .തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കപ്പെടുകയായിരുന്നുവെന്നും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇടപെടലിലൂടെയാണ് അത് നടന്നതെന്നും ഹസീന സെയ്ദ് പറഞ്ഞു.















