കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന് അന്ത്യാഞ്ലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മയും എത്തി. ഇത്രനാളും പോരാടിയത് വെറുതെയായെന്നും മറ്റൊരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും സിദ്ധാര്‍ഥിന്റെ അമ്മ പറഞ്ഞു.
രണ്ടുവര്‍ഷം കൊണ്ട് ഞങ്ങള്‍ എന്താണോ പ്രാര്‍ത്ഥിക്കുന്നത് അത് തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. ഇതൊന്നും ഒരിക്കലും നടന്നുകൂടാത്തതാണ്.
ശിക്ഷയില്‍ ഇളവ് നല്‍കുന്നതിനാല്‍ ആര്‍ക്കും ഒരു പേടിയും ഇല്ല. അധ്യാപകരുടെ സസ്പെന്‍ഷന്‍ വെറും പുകമറയാണ്.അവര്‍ക്ക് വീണ്ടും ജോലിയില്‍ കയറാനും ശമ്പളം വാങ്ങാനുമാകും. സിദ്ധാര്‍ഥനും നിതിനുമെല്ലാം കഷ്ടപ്പെട്ട് മെറിറ്റ് വാങ്ങിയവരാണ്.സംവരണത്തില്‍ കയറുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ഇത് മൂലം മറ്റുള്ളവരുടെ അവസരം നഷ്ടമാകുന്നതുകൊണ്ടാണോയെന്ന് അറിയില്ല. ഇത്തരം കേസുകളില്‍ ചെറിയ ശിക്ഷ ലഭിക്കുന്നിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ലെന്ന്
സിദ്ധാര്‍്ഥിന്റെ അമ്മ പറഞ്ഞു.
മകന്‍ മരിച്ച ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് ഇന്നാണ്. ഒരു ചടങ്ങിനും താന്‍ വീട്ടില്‍ നിന്ന് പുറത്ത് പോയിട്ടില്ല. എന്നാല്‍ ഈ സംഭവം അറിഞ്ഞപ്പോള്‍, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാന്‍ എത്തണമെന്ന് തോന്നിയെന്നും സിദ്ധാര്‍ഥന്റെ അമ്മ പറഞ്ഞു.















