തിരുവനന്തപുരം: മതത്തെയും വിശ്വാസത്തെയും ഏതെങ്കിലും പാര്‍ട്ടിയുടെ താത്പര്യത്തിനായി ഉപയോഗിച്ചാല്‍ വിമര്‍ശിക്കാനുള്ള അവകാശം ബിജെപിക്കുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ ബിജെപി അംഗങ്ങളായിട്ടുണ്ട്. ആത്മീയ നേതാക്കളെയും പുരോഹിതരെയും ആദരിക്കുന്നത് ബിജെപിയുടെ സംസ്‌കാരമാണ്. എന്നാല്‍ ഏതെങ്കിലും മതത്തെയോ സമുദായത്തെയോ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ ബിജെപി എതിര്‍ക്കുമെന്നു സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും ദീപിക പത്രവും നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ക്കും രാഷ്‌ട്രീയ നീക്കങ്ങള്‍ക്കുമെതിരേയാണ് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. അദ്ദേഹം ബിജെപിയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സമുദായത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ്. രാഷ്‌ട്രീയ താത്പര്യത്തിനായി ഷോണിന്റെ മതത്തിനെതിരേ ദുഷ്പ്രചാരണം നടത്തുന്ന മാധ്യമത്തിനെതിരേ പ്രതികരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. പൂഞ്ഞാറിലെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പി.സി. ജോര്‍ജിന്റെ പ്രസ്താവന.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ അംഗങ്ങളുള്ളതു ബിജെപിയിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപി. സഭാധ്യക്ഷന്മാരുമായും സാധാരണക്കാരായ ക്രൈസ്തവരുമായും പാര്‍ട്ടിക്കു നല്ല ബന്ധമാണ്. ക്രൈസ്തവരുടെ അട്ടിപ്പേറവകാശം സ്ഥാപിക്കാന്‍ കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ വരേണ്ട. കേരളത്തില്‍ ബിജെപിയുടെ വോട്ട് വര്‍ധനയ്‌ക്കു പിന്നില്‍ ക്രൈസ്തവ വിശ്വാസികളുടെ വലിയ പിന്തുണയുണ്ട്.
മതങ്ങളെയും വിശ്വാസങ്ങളെയും ഒരേ പോലെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. 12 വര്‍ഷമായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ കേന്ദ്ര ഭരണത്തിലോ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനമുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷാവകാശങ്ങളില്‍ പോലും വിവേചനമുണ്ട്. കേരളത്തിലെ ന്യൂനപക്ഷ സംവരണത്തില്‍ 80:20 വിവേചനമുണ്ട്. മുനമ്പം വിഷയത്തില്‍ മതപരമായ വിവേചനം കേരളം കണ്ടതാണ്. പാലാ ബിഷപ്പിനെ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ മതേതരത്വം പറയുന്ന കോണ്‍ഗ്രസിനെയോ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയോ കണ്ടില്ല. എസ്ഡിപിഐ താത്പര്യത്തിനനുസരിച്ച് പാലാ ബിഷപ്പിനെ ഒറ്റുകൊടുക്കാനാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ശ്രമിച്ചത്.
മധ്യപ്രദേശിലെ പെണ്‍കുട്ടിയുടെ വിവാഹം സംബന്ധിച്ച് എം.വി. ഗോവിന്ദന്‍, വി. ശിവന്‍കുട്ടി, എ.എ. റഹീം എന്നിവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കും എസ്‌സി/എസ്ടി നിയമമനുസരിച്ചും കേസെടുക്കണം. 16കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുന്നത് നിയമ വിരുദ്ധമാണ്. ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത ഇവരെ ജയിലിലടയ്‌ക്കണം, അഡ്വ. സുരേഷ് കൂട്ടിച്ചേര്‍ത്തു.
















