ചെന്നൈ:: ബിജെപി പറഞ്ഞ വാക്ക് പാലിച്ച് തെരഞ്ഞെടുപ്പുകളില്‍ മഹിളകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ കൃത്യമായി നല്‍കുമ്പോള്‍ കോണ്‍ഗ്രസില്‍ അത് വെറും കടലാസിലാണെന്ന് തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഹസീന സെയ്ദ്. കോണ്‍ഗ്രസിന്റെ സ്ത്രീകളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഹസീന സെയ്ത് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം വെള്ളിയാഴ്ച രാജിവെച്ചു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 27 സീറ്റുകളില്‍ അഞ്ചെണ്ണം വനിതകള്‍ക്ക് നല‍്കി. കോണ്‍ഗ്രസ് ആകെയുള്ള 28 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്ക് നല്‍കിയത്. “പുതുച്ചേരിയിലും തമിഴ്നാട്ടിലും കോണ്‍ഗ്രസ് സ്ത്രീകളെ തഴഞ്ഞു. 33 ശതമാനം സംവരണപ്രകാരം 28 സീറ്റുകളില്‍ 9 സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ സെല്‍വപെരുന്തുഗൈ എനിക്ക് സീറ്റ് നല്‍കിയില്ല. വ്യക്തിപരമായ വിദ്വേഷം എന്നോട് പോക്കുകയായിരുന്നു. കൃഷ്ണഗിരി സീറ്റില്‍ എന്റെ പേരുണ്ടായിരുന്നു. പക്ഷെ ഗീരീഷ് ചോദങ്കര്‍ ഇടപെട്ട് എന്നെ വെട്ടി. എന്നെ പരസ്യമായി അപമാനിച്ച ചെല്ലകുമാറിനാണ് ഇപ്പോള്‍ ആ സീറ്റ് നല്‍കിയത്. ഇതിനെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തതാണ്. പിന്നീട് രാഹുല്‍ ഗാന്ധി ഇടപെട്ട് ചെല്ലകുമാറിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. പിന്നീട് ചെല്ലകുമാറിന് ആ സീറ്റ് നല്‍കുകയായിരുന്നു. എന്നോട് മാപ്പ് പറഞ്ഞതോടെ ചെല്ലകുമാര്‍ ചെയ്ത കുറ്റം ഇല്ലാതായി. “- കോണ്‍ഗ്രസില്‍ തനിക്ക് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിവരിച്ചുകൊണ്ട് ഹസീന സെയ്ദ് വിവരിച്ചു.
തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കപ്പെടുകയായിരുന്നുവെന്നും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇടപെടലിലൂടെയാണ് അത് നടന്നതെന്നും ഹസീന സെയ്ദ് പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി വര്‍ഷങ്ങളായി വെള്ളംകോരിയ സാധാരണ മഹിളാ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുകയായിരുന്നുവെന്നും ഹസീന സെയ്ദ് പറഞ്ഞു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സെല്‍വപെരുന്തുഗൈയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചേര്‍ന്നാണ് സീറ്റുകള്‍ വിറ്റതെന്നും ഹസീന സെയ്ദ് വിമര്‍ശിച്ചു. തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ശോഭന സെല്‍വം, കഴിഞ്ഞ 38 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ശാന്തി ജോസഫ് തുടങ്ങിയ സീറ്റ് നിഷേധിക്കപ്പെട്ട വനിതാനേതാക്കള്‍ക്കൊപ്പമാണ് ഹസീന സെയ്ദ് വാര്‍ത്താസമ്മേളനം നടത്തിയത്.
കെ.സി. വേണുഗോപാലിനും അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് അല്‍ക്കാലാംബയ്‌ക്കും തമിഴ്നാട്ടിലെ സീറ്റുകള്‍ വില്‍ക്കുന്നതില്‍ പങ്കുണ്ടെന്നും ഹസീന സെയ്ദ് പറഞ്ഞു.
















