തിരുവനന്തപുരം: വോട്ടർപട്ടിക സൂക്ഷ്മ പരശോധനയിൽ കേരളത്തിലെ 25 ലക്ഷത്തോളം വ്യാജവോട്ടർമാരെ തെരഞ്ഞെടുപ്പുകമ്മീഷൻ വോട്ടർപട്ടികയിൽനിന്ന് നീക്കിയിരുന്നു. ഏപ്രിൽ 9ന് കേരളത്തിൽ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ ഈ കാരണത്താൽ വ്യാജവോട്ടുകൾ കുറഞ്ഞു. കള്ളവോട്ടുകളുടെ കാര്യത്തിൽ ആക്ഷേപിക്കപ്പെടുന്ന സിപിഎമ്മിന് ഈ വോട്ടൊഴിവാക്കൽ വലിയ അസ്വസ്ഥതയും തെരഞ്ഞെടുപ്പുഫലത്തിൽ ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്.
ഇതിനു പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽനിന്ന് 90 ലക്ഷം പേരെ ഒഴിവാക്കിയത് വ്യവസ്ഥാപിത കൂട്ടവോട്ടവകാശ നിഷേധമാണെന്ന് പ്രസ്താവന ഇറക്കിയത് ഏറെ കൗതുകമായി.
പശ്ചിമ ബംഗാളിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ വോട്ടർമാരെ ഒഴിവാക്കിയതായി ആരോപിക്കപ്പെടുന്നതിനെതിരെയാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ഇസിഐ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ എം.എബേബി ഈ പ്രക്രിയയെ ‘വ്യവസ്ഥാപിതമായ കൂട്ട വോട്ടവകാശ നിഷേധം’ എന്ന് വിശേഷിപ്പിച്ചു. സംസ്ഥാനത്തെ വോട്ടർമാരിൽ ഏകദേശം 12 ശതമാനം വരുന്ന 90 ലക്ഷത്തിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
















