പാലാ: ദീപിക ദിനപത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ് . കെസി വേണുഗോപാലിനും ജോസ് കെ മാണിക്കും വേണ്ടി ദീപിക വിടുപണി ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ദീപിക രാഷ്‌ട്രീയം കളിക്കുകയായിരുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു.
നിരവധി വിഷയങ്ങളിൽ സഭകളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് താൻ ഇടപെട്ടിട്ടുണ്ട്. ദീപികയിലെ ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ലെന്നും ഇതിലെ പ്രതിഷേധം സഭാ നേതൃത്വങ്ങളെ നേരിട്ട് അറിയിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. പിണറായി വിജയനുമായി ബന്ധമുള്ളവർക്ക് ദീപികയിൽ നിക്ഷേപമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരസ്യങ്ങൾ ദീപികയ്‌ക്ക് എവിടെ നിന്ന് ലഭിച്ചു. ഇത്തരം കാര്യങ്ങളാണ് ദീപികയുടെ രാഷ്‌ട്രീയ നിലപാടുകൾക്ക് കാരണം.
കെ.സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദപ്രകാരമാണ്. എന്നാൽ ബിജെപിയെ പല സ്ഥലത്ത് നിന്നും ഉപദ്രവിക്കുന്ന സംഭവങ്ങളുണ്ടായി. സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്.
മാണി സി കാപ്പൻ 65000ൽ പരം വോട്ട് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞാൽ നന്നായിരുന്നു.കാപ്പന്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർത്ഥന. ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്ക് കിട്ടും. ഭൂരിപക്ഷം എത്രയെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















