ന്യൂദല്‍ഹി: അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗ് ഉയര്‍ന്നു.പുതുച്ചേരിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് (86.92 ശതമാനം).അസമില്‍ 84.42 ശതമാനം പോളിംഗും കേരളത്തില്‍ 75.01 ശതമാനവുമാണ് പോളിംഗ്.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായി നടന്ന പോളിംഗില്‍ വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021ല്‍ 82.04 ശതമാനമായിരുന്നു പോളിംഗ്. അസമില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്.
അസമില്‍ ദല്‍ഗാം മണ്ഡലത്തിലായിരുന്നു (94.57 ശതമാനം)ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. അമ്രിയിലാണ് ഏറ്റവും കുറവ് (70.40 ശതമാനം). ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആകെ 722 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
കേരളത്തിലെ 140 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു, ചില പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ ആറ് മണിക്ക് ശേഷവും ക്യൂവില്‍ നില്‍ക്കുന്നതായി കാണപ്പെട്ടു. ആറ് മണിക്ക് പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് ടോക്കണുകള്‍ നല്‍കുകയും വോട്ട് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.
















