നാഗ്പൂര്‍: സമാജത്തിലും രാഷ്ട്രത്തിലും സത്യശിവസൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യത്യസ്ത നാദ, സ്വരങ്ങളുതിരുന്ന വിവിധ സംഗീതോപകരണങ്ങളിലൂടെ ഒരേ താളബോധത്തോടെ, ഒരേ ചുവടുവയ്പോടെ സ്വയംസേവകര്‍ ഉയര്‍ത്തുന്ന രാഷ്ട്രരാഗം ചൂണ്ടിക്കാട്ടുന്നത് ഹൃദയം സമര്‍പ്പിച്ച് ചെയ്യുന്ന കര്‍മ്മത്തിന്റെ പൂര്‍ത്തീകരണമാണ്. അതിലൂടെയാണ് സത്യം, ശിവം, സൗന്ദര്യം എന്നിവ അനുഭൂതിയായി മാറുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. രേശിംബാഗിലെ വ്യാസസഭാഗൃഹത്തില്‍ നാഗ്പൂര്‍ മഹാനഗര്‍ ഘോഷ് പഥക്കിന്റെ ചരിത്രം രേഖപ്പെടുത്തിയ ‘രാഷ്ട്ര സ്വരാധന’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങള്‍ വളര്‍ത്തുകയാണ് എല്ലാ സംഘപരിപാടികളുടെയും ലക്ഷ്യം. ശക്തമായ ശരീരവും സംസ്കൃതമായ മനസ്സും സംയോജിപ്പിച്ച് ഗുണനിലവാരമുള്ള ഒരു ജീവിതത്തിലേക്ക് പുരോഗമിക്കണം. രാഷ്ട്രസ്വരാധന അതിലേക്കുള്ള കൈപ്പുസ്തകമാണ്. സമയം മുന്നോട്ടാണ്. പ്രവര്‍ത്തനവും മുന്നോട്ടാണ്. ആ യാത്രയില്‍ തുടക്കത്തിലുണ്ടായിരുന്ന ഗുണനിലവാരം നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. പ്രതിസന്ധികളുടെ കാലങ്ങളില്‍ നാമെങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നും എന്തായിരുന്നു ഉദ്ദേശ്യമെന്നും ഈ പുസ്തകം ഓര്‍മ്മപ്പെടുത്തും. വിദഗ്ധരായ ഗായകരോ വാദകരോ അല്ലായിരുന്നുവെങ്കിലും സ്വയംസേവകര്‍ ഒരു കടലാസ് കഷ്ണം പോലും മുന്നിലില്ലാതെ ഇത്രയധികം രചനകള്‍ എങ്ങനെ അവതരിപ്പിക്കുന്നുവെന്നത് ആളുകള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. എന്നാല്‍ സംഘത്തിന് അതൊന്നും അത്ഭുതങ്ങളല്ല, സ്വാഭാവികമായി സംഭവിക്കുന്നതാണ്. മുന്‍പേ നടന്ന സ്വയംസേവകരുടെ പ്രതിഭകള്‍ ഈ രചനകളിലുണ്ട്. ഇത് നമുക്ക് മനസ്സാക്ഷിയുടെ കാര്യമാണ്. ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ യാത്രയുടെ ബഹുമതി ജനങ്ങള്‍ക്കും സമാജത്തിനുമാണ്.
സംഘം മുന്നോട്ടുപോയത് ആരുടെയെങ്കിലും ദയ കൊണ്ടല്ല. ആരുടെയെങ്കിലും നിസംഗത കൊണ്ട് ആ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുമില്ല. സ്വയംസേവകരുടെ കഠിനാധ്വാനമാണ് അതിനെ വളര്‍ത്തിയത്. സംഘത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിന് അവര്‍ സമ്പൂര്‍ണ ഊര്‍ജ്ജവും ചെലവഴിച്ചു. അതുകൊണ്ടാണ് ഇന്ന് സംഘം രാഷ്ട്രത്തെ നയിക്കുന്ന സംഘശതാബ്ദി നൂറു വര്‍ഷത്തിന്റെ പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്ന ഒരു ആഘോഷമല്ല, മറിച്ച് ആത്മപരിശോധനയ്ക്കുള്ള ഒരു അവസരമാണ്. ഇന്നത്തെ സ്വയംസേവകര്‍ക്ക് പൂര്‍വ്വികരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അവരുമായി സ്വയം താരതമ്യം ചെയ്യാനും മുന്നോട്ട് പോകാനും ഉത്തരവാദിത്തമുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.
വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് തംശേട്ടിവാര്, സഹ സംഘചാലക് ശ്രീധര്‍ ഗാഡ്ഗെ, മഹാനഗര്‍ സംഘചാലക് രാജേഷ്ജി ലോയ എന്നിവര്‍ പങ്കെടുത്തു.
















