തൃശൂർ: മണലൂരിൽ കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് ബിജെപി പ്രവർത്തകനെ മർദിച്ചതായി പരാതി. കണ്ടശാംകടവ് ബൂത്ത് ഏജൻ്റ് ആയി പ്രവർത്തിച്ച ജയപ്രകാശിനാണ് മർദനമേറ്റത്. മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ തടഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദനം. പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ ജയപ്രകാശ് കുഴഞ്ഞുവീണു.
കണ്ടശാങ്കടവ് കോൺവെൻ്റ് സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. ബിജെപിയുടെ ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തുവെന്നാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ മേഖലയിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായി. ജില്ലയിൽ ഏറ്റവും കൂടുതൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് മണലൂർ. കിറ്റ് വിവാദം ഉണ്ടായപ്പോൾ ബിജെപി നേതാവ് ദേവനെ പൂട്ടിയിട്ട സംഭവവും ഇവിടെ ഉണ്ടായി. ഇതിന്റെ തുടർച്ചയായാണ് ഇന്നും പലയിടത്തും സംഘർഷങ്ങൾ നടക്കുന്നത്.
വടക്കാഞ്ചേരിയിൽ സജീവൻ എന്നയാളുടെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്ത സംഭവവും ഉണ്ടായി. ഇവിടുത്തെ ഗേൾസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട്, പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഇതോടുകൂടി വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സജീവ്.
പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി പോളിംഗ് ബൂത്തിന് സമീപം പ്രതിഷേധിച്ചു.
കുറ്റ്യാടി, ഷൊർണൂർ എന്നിവിടങ്ങളിലും കള്ളവോട്ട് ആരോപണമുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ വോട്ട് ചെയ്യാനെത്തിയ സീനത്ത് എന്നയാളുടെ വോട്ട് പോസ്റ്റൽ വോട്ട് ആയി രേഖപ്പെടുത്തി എന്നാണ് ഉദ്യോഗസ്ഥർ നൽകിയ പ്രതികരണം.
ഷൊർണൂരിൽ കന്നിവോട്ടറുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് പരാതിയുണ്ട്. പരുത്തിപ്ര ബിഎംഎസ്എൽപി സ്കൂളിലെ 169 നമ്പർ ബൂത്തിൽ ബി. നിഖിൽ എന്നയാളുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്.
















