കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ. കാസർഗോഡ് മൊഗ്രാൽ സ്വദേശി അബ്ദുൽ റസാക്കിനെയാണ് (38) പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പ്രതി കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട ഇയാളുടെ സുഹൃത്ത് വിവരം ശിശു സംരക്ഷണ സമിതിയെ (CWC) അറിയിക്കുകയായിരുന്നു.
തുടർന്ന് സമിതി അധികൃതർ സ്ഥലത്തെത്തി കുട്ടികൾക്ക് നൽകിയ കൗൺസലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. പെരുമ്പാവൂരിലെ വിവിധ പ്ലൈവുഡ് ഫാക്ടറികളിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ് പ്രതി. പെൺകുട്ടികളുടെ കുടുംബം താമസിക്കുന്ന അതേ ക്യാമ്പിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് കുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായി പോലീസ് പറയുന്നു.
സിഡബ്ല്യുസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















