തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക പൊതുപരിപാടികളില്‍ സ്വകാര്യ ഏജന്‍സികളിലെ ബൗണ്‍സര്‍മാരെ നിയോഗിക്കുന്നത് വിലക്കി. ഔദ്യോഗിക പരിപാടികളിലെ ക്രമസമാധാന ചുമതലയും പങ്കെടുക്കുന്നവരുടെ സുരക്ഷാ ചുമതലയും പൊലീസിന്റെ മാത്രം ഉത്തരവാദിത്തമാക്കി.
സര്‍ക്കാര്‍ പരിപാടികളില്‍ സെലിബ്രിറ്റി സുരക്ഷയുടെ പേരില്‍ ബൗണ്‍സര്‍മാരുടെ അമിതാധികാരവും കടന്നുകയറ്റവും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
സര്‍ക്കാര്‍ ഔദ്യോഗിക പൊതുപരിപാടികളുടെ സുരക്ഷാ ചുമതല പൊലീസില്‍ മാത്രം നിക്ഷിപ്തമായിരിക്കും. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളുടെയോ ബൗണ്‍സര്‍മാരുടെയോ ഇടപെടല്‍ ഇത്തരം പരിപാടികളില്‍ അനുവദിക്കരുതെന്ന് ആഭ്യന്തരവകുപ്പ് ഡിജിപിക്കും വിവിധ വകുപ്പ് മേധാവികള്‍ക്കും കത്ത് കൈമാറി.















