ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന കേസില്‍ ആദ്യം ഹര്‍ജി നല്‍കിയത് വിശ്വാസികളല്ലെന്ന സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്‌ന. വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്നും ജഡ്ജി പരാമര്‍ശം നടത്തി.
യുവതി പ്രവേശത്തിനുള്ള പൊതുതാല്‍പര്യ ഹര്‍ജി കോടതി സ്വീകരിക്കാനെ പാടില്ലായിരുന്നു. വിശ്വാസികള്‍ അല്ലാത്തവര്‍ ഹര്‍ജി നല്‍കണ്ടതില്ലെന്നും നാഗരത്‌ന പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹര്‍ജി നല്‍കിയിട്ടുണ്ടോ ? ഇത്തരം കാര്യങ്ങളില്‍ അവിശ്വാസികള്‍ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.പല അജണ്ടുകളുമായി ചിലര്‍ പൊതുതാല്‍പര്യഹര്‍ജിയുമായി എത്തും.അതേസമയം ചില ആചാരങ്ങള്‍ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. വ്യാഴാഴ്ച വാദം തുടരും
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചില്‍ വാദപ്രതിവാദം പുരോഗമിക്കുകയാണ്. ആചാരങ്ങള്‍ നിര്‍വഹിക്കാനും ദേവനെ സ്പര്‍ശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോള്‍ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതിക്കാകുമെന്ന് സുപ്രീം കോടതി പറഞ്ഞു. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതില്‍ അവസാന വാക്ക് നിയമസഭയ്‌ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികള്‍ക്ക് ഇല്ലെന്നും കേന്ദ്രം വാദമുന്നയിച്ചു. എന്നാല്‍ മന്ത്രവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉള്‍പ്പെടെ കാര്യങ്ങള്‍ നടന്നാല്‍ കോടതിക്ക് മറ്റു പരിശോധനകള്‍ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയില്‍ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ആചാരങ്ങള്‍ പൊതു ക്രമത്തേയും ധാര്‍മികതയേയും ബാധിക്കുന്നുവെങ്കില്‍ കോടതിക്ക് ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്റ്റും വ്യക്തമാക്കി.














