പത്തനംതിട്ട: അടൂരിലെ ലഘുലേഖ വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ പ്രചരിപ്പിച്ചതില്‍ സിപിഐക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് , സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തകുമാറിനെതിരെയും കേസെടുക്കാന്‍ നിര്‍ദേശം.
അപവാദ പ്രചാരണത്തിന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ നോട്ടീസ് നല്‍കി വിട്ടയച്ചു. സിപിഐ ഉപരോധത്തെതുടര്‍ന്നാണ് കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചത്. ആര്‍ഡി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച ശാന്തകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടികരഞ്ഞിരുന്നു.വ്യാജ ആരോപണം ഉന്നയിച്ച് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. എന്നാല്‍, ലഘുലേഖയില്‍ എല്‍ഡിഎഫും യുഡിഎഫും നാടകം കളിക്കുകയാണെന്ന് ബിജെപി സ്ഥാനാര്‍ഥി പന്തളം പ്രതാപന്‍ ആരോപിച്ചു.
വോട്ടടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അടൂരില്‍ ലഘുലേഖ വിവാദം ആളിപടര്‍ന്നത്. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ സി വി ശാന്തകുമാറിനെതിരെ കൊലക്കേസ് പ്രതി സ്ഥാനാര്‍ഥി എന്ന തലക്കെട്ടില്‍ ആണ് ലഘുലേഖ വിതരണം ചെയ്തത്. 2008ലെ കല്ലേലി രാമചന്ദ്രന്‍ വധകേസില്‍ ശാന്തകുമാര്‍ ഒന്നാംപ്രതി ആയിരുന്നുവെന്നാണ് ലഘുലേഖയില്‍ പറയുന്നത്. ശാന്തകുമാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് അഞ്ച് സിപിഐ പ്രവര്‍ത്തകര്‍ പിടിയിലായത്. വ്യാജ നോട്ടീസ് വിതരണം ചെയ്ത് സിപിഐ പ്രവര്‍ത്തകര്‍ ലഹളയ്‌ക്ക് ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കസ്റ്റഡിയില്‍ എടുത്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്തവരെ നോട്ടീസ് നല്‍കി പൊലീസ് വിട്ടയച്ചു.
















