ഗുവാഹതി: ഹിമന്ത ശര്‍മ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന വ്യാജ ആരോപണം ഉയര്‍ത്തിയ കോണ്‍ഗ്രസ് വക്താവ് പവന് ഖേരയുടെ ദല്‍ഹിയിലെ വീട്ടില്‍ റെയ്ഡ് നടത്തി അസം പൊലീസ്. കുറ്റം ചാര്‍ത്താവുന്ന ചില തെളിവുകള്‍ റെയ്ഡില്‍ കണ്ടെത്തിയെന്ന് അസം പൊലീസ് അറിയിച്ചു. പക്ഷെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.
പവന്‍ഖേരയുടെ ദല്‍ഹിയിലെ വീട്ടില്‍ അസം പൊലീസ് എത്തിയപ്പോള്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അസം പൊലീസ് ദല്‍ഹി പൊലീസിനെ ഔദ്യോഗികമായി വിവരം അറിയിച്ചു. അതിന് ശേഷമാണ് അസം പൊലീസ് സംഘം വീട്ടിനകത്ത് കയറി റെയ്ഡ് നടത്തിയത്. പവന് ഖേര അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന് കരുതുന്നു. ഏത് നരകത്തില്‍ പോയി ഒളിച്ചാലും പവന്‍ഖേരയെ കണ്ടുപിടിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വെല്ലുവിളിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മയ്ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്നും വിദേശത്ത് വെളിപ്പെടുത്താത്ത നിക്ഷേപങ്ങള്‍ ഉണ്ടെന്നുമായിരുന്നു പവന് ഖേരയുടെ ആരോപണം. പക്ഷെ ഇത് വെറും വ്യാജ ആരോപണമാണെന്നും ഇനി മേലാല്‍ മറ്റൊരു വ്യാജ ആരോപണം ഉന്നയിക്കാന്‍ പവന് ഖേരയെ അനുവദിക്കില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ മറുപടി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് റെയ്ഡ് നടന്നത്.
വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആളാണ് പവന് ഖേര. നേരത്തെ അദാനിയ്ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ പവന്‍ഖേര ഉയര്‍ത്തിയിരുന്നു. അതുപോലെ സെബി മേധാവിയായിരുന്ന മാധബി പുരി ബുച്ചിനെതിരെയും നിരവധി വ്യാജ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയിരുന്നു. ചില നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാന്‍ എന്ത് ആരോപണങ്ങളും വാര്‍ത്താസമ്മേളനത്തില്‍ വിളിച്ചുപറയാന്‍ മടിയില്ലാത്ത വ്യക്തിയാണ് കോണ്‍ഗ്രസ് വക്താവ് പവന് ഖേര.
















