നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ക്കൊപ്പം എന്‍ഡിഎയും അരയും തലയും മുറുക്കി ഇറങ്ങിയതോടെ കേരളമൊട്ടാകെ ത്രികോണപ്പോരിന്റെ പ്രതീതിയാണ്. മോദി സര്‍ക്കാരിന്റെ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും പ്രധാന ചര്‍ച്ചയായ തെരഞ്ഞെടുപ്പാണിത്. കേരളത്തില്‍ അങ്ങോളമിങ്ങോളം എന്‍ഡിഎയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപി
ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ജന്മഭൂമിയോടു സംസാരിക്കുന്നു.
കേരളത്തിലും മോദിയോടുള്ള ഭക്തിയും, ആരാധനയും കൂടുന്നുണ്ടോ?
നരേന്ദ്രമോദിയുടെ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍, അഴിമതി ഇല്ലാത്ത ഭരണം എന്നിവയാണ് കേരളത്തിലും മോദി ആരാധകര്‍ ഗണ്യമായി കൂടാനുള്ള കാരണം. ഉള്ളില്‍ തട്ടിയ മൂന്ന് അനുഭവം പറയാം.
ഒന്ന് ജന്‍ഔഷധി മെഡിക്കല്‍ ഷോപ്പ്. എന്റെ അയല്‍ക്കാരിയായ മുത്തശ്ശി നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. മാസം 3800 രൂപ മരുന്നിന് വേണം. ജന്‍ഔഷധിയില്‍ നിന്ന് ഇതേ മരുന്ന് 1300 രൂപയ്‌ക്ക് കിട്ടുന്നു. ആ മുത്തശ്ശി ഇന്ന് നരേന്ദ്രമോദിയുടെ ഫോട്ടോ പൂജാമുറിയില്‍ വച്ച് അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ജന്‍ഔഷധി വഴി മരുന്ന് വാങ്ങി ആശ്വാസം കണ്ടെത്തുന്നവരുടെ പ്രാര്‍ത്ഥന മാത്രം മതി കേരളത്തില്‍ എന്‍ഡിഎയ്‌ക്ക് വിജയിക്കാന്‍.
രണ്ടാമത്തെ അനുഭവം. എന്റെ വാപ്പ നല്ല കൃഷിക്കാരനായിരുന്നു. വോട്ട് തേടി വരുന്ന കമ്മ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രസ്‌കാരോടും വാപ്പ പറഞ്ഞത് ‘മാറിമാറി ഭരിച്ചിട്ടും കൃഷിക്കാര്‍ക്ക് ഒരു നയാപൈസയും തന്നില്ലല്ലോ’ എന്നാണ്. ഇതു കേട്ടു തലയും താഴ്‌ത്തിപോകുന്ന പാര്‍ട്ടികാരെ ഞാന്‍ കണ്ടിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് കേന്ദ്ര സര്‍ക്കാരിന്റെ കൃഷി സമ്മാന്‍ നിധി. വര്‍ഷം 6000 രൂപവച്ച് 27 ലക്ഷം കൃഷിക്കാര്‍ക്ക് ഇതിനകം അക്കൗണ്ടില്‍ പണം വന്നു കഴിഞ്ഞു.
മൂന്നാമത്തേത് പിഎം സ്വ നിധി. തെരുവ് കച്ചവടക്കാര്‍ക്ക് പലിശയില്ലാതെ കിട്ടുന്ന വായ്‌പയാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് യാത്രക്കിടെ വടകര റോഡ് സൈഡിലെ തട്ടുകടയില്‍ ഞാനും ഡ്രൈവറും ചായകുടിക്കാന്‍ കയറി. കട നടത്തുന്ന ചെറുപ്പക്കാരന്‍ എന്റെ ചെവിയില്‍ പറഞ്ഞു: ‘പണ്ട് സോഷ്യല്‍മീഡിയയില്‍ നിങ്ങളെ വിമര്‍ശിച്ച ആളാണ്. ഞാന്‍ ഇപ്പോള്‍ മോദിയുടെയും നിങ്ങളുടെയും ആരാധകനാണ്. എനിക്ക് സ്വ നിധിയില്‍ നിന്ന് ഒരുലക്ഷം രൂപ പലിശയില്ലാതെ ലഭിച്ചു. ഇന്ന് എന്റെ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നതിന്റെ കാരണവും അതാണ്.’
എങ്കില്‍ മോദിയുടെ ചിത്രം കടയുടെ മുന്നില്‍ ഒട്ടിച്ചുകൂടെ എന്ന ചോദ്യത്തിനുള്ള മറുപടി: ‘അങ്ങനെ ചെയ്താല്‍ ചിലര്‍ കടയില്‍ കയറിയില്ലെന്നു വരും. എന്റെ മാത്രമല്ല, ഭാര്യയുടെയും മക്കളുടെയും ഹൃദയത്തിനുള്ളില്‍ മോദിയുടെ ചിത്രം കൊത്തിവച്ചിട്ടുണ്ടല്ലോ.
കേന്ദ്രസര്‍ക്കാരിന്റെ വികസനം കേരളത്തില്‍ അനുഭവവേദ്യമായോ?
പലരും മോദി ഭരണത്തെ ഇഷ്ടപ്പെടുന്നതിന്റെ കാരണം അടിസ്ഥാനസൗകര്യ വികസനമാണ്. റോഡ്, റെയില്‍വേ, സീപോര്‍ട്ട്, എയര്‍പോര്‍ട്ട് തുടങ്ങിയ അടിസ്ഥാന സൗകര്യവികസന രംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ വികസനം ആറുവരിപ്പാതയായ നാഷണല്‍ ഹൈവേയാണ്. അപകട രഹിതമായ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുക വഴി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.
വികസനത്തിനായി ഇത്രമാത്രം പണം കേന്ദ്രം എവിടെ നിന്നാണ് കണ്ടെത്തുന്നത്?
മോദിയുടെ ഏറ്റവും വലിയ വിജയം അഴിമതി ഇല്ലാത്ത ഭരണമാണ്. അവസാനത്തെ യുപിഎ സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് 12 ലക്ഷം കോടിയുടെ ടുജി സ്‌പെക്ട്രം ഉള്‍പ്പടെയുള്ള അഴിമതിയാണ് നടത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ മൂലധനനിക്ഷേപത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി 12 ലക്ഷം കോടിയാണ് മാറ്റിവച്ചത്.
ശബരിമല ഇക്കുറി തെരഞ്ഞെടുപ്പിനെ എത്രമാത്രം സ്വാധീനിക്കും?
ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമല തന്നെയാണ്. പോറ്റിയെ കയറ്റിയത് യഥാര്‍ത്ഥത്തില്‍ കടകംപള്ളിതന്നെയാണ്. ആ പോറ്റി ‘പൊന്ന്’ അന്താരാഷ്‌ട്ര മാഫിയക്കാണ് വിറ്റത്. അത് സോണിയാഗാന്ധി വഴിയാണെന്നാണ് പോറ്റിയുടെ അടുപ്പക്കാര്‍ പറയുന്നത്. അതുകൊണ്ട് പോളിങ് ബൂത്തില്‍ എത്തുന്ന ജനങ്ങള്‍ അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ചായിരിക്കും വോട്ട് ചെയ്യുക. പിണറായിക്ക് മാത്രമല്ല സോണിയാഗാന്ധിക്കും അയ്യപ്പന്റെ ശാപം കിട്ടിയകാലമാണിത്.
ഭരണ വിരുദ്ധ വികാരം എന്‍ഡിഎക്കാണോ യുഡിഎഫിനാണോ ഗുണം ചെയ്യുക?
ഭരണ വിരുദ്ധ വികാരം ഉണ്ട്. പക്ഷേ അതിനേക്കാള്‍ ശക്തമായ വികാരം എല്‍ഡിഎഫിനും
യുഡിഎഫിനും എതിരായിട്ടാണ്. രണ്ടു കൂട്ടരും ഭരിച്ച് കേരളത്തെ അഞ്ച് ലക്ഷം കോടിയുടെ കടക്കെണിയില്‍ ആക്കി. കുട്ടികള്‍ക്ക് പഠിക്കാനും പണിയെടുക്കാനും പുറത്തു പോകേണ്ട അവസ്ഥ വന്നു. അന്യസംസ്ഥാനങ്ങളെല്ലാം വികസനക്കുതിപ്പ് നടത്തുമ്പോള്‍ കേരളം വികസന കിതപ്പിലാണ്. ബദല്‍ വേണമെന്ന വികാരമാണ് പൊതുവേ കാണുന്നത്.
വനിതാ ലീഗ് നേതാവിന്റെ ‘മുനാഫിഖ്’ പരാമര്‍ശം, എല്‍ഡിഎഫ് പേരാമ്പ്ര പ്രചാരണ വാഹനത്തില്‍ നിന്നുള്ള ‘ഖൗമിലെ കുട്ടി’ പരാമര്‍ശം. ഇരുമുന്നിണികളും തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണോ?
പേരാമ്പ്രയില്‍ ഇരുമുന്നണികളും കൊടും വര്‍ഗീയ വിഷമാണ് ചീറ്റുന്നത്. അതുകേട്ടാല്‍ നമുക്ക് പേടിയാവും. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വികസനമോ വികസന കാഴ്ചപ്പാടോ പറയാനില്ല. അവിടെ നരേന്ദ്ര മോദിയുടെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡുമായിട്ടാണ് മോഹനന്‍ മാഷ് വോട്ടര്‍മാരെ കാണുന്നത്. ഇതുകൊണ്ട്, യഥാര്‍ത്ഥ വര്‍ഗീയവാദികളെ ജനങ്ങള്‍ക്ക് തിരിച്ചറിയാനായി. ബിജെപിയാണ് വര്‍ഗീയ പാര്‍ട്ടി എന്ന പ്രചാരണത്തിന്റെ മുന ഒടിഞ്ഞു.
ഇരുമുന്നണികളുടെയും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ബന്ധം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും ?
ഇരു മുന്നണികളുടെയും പ്രചാരണം കണ്ടാല്‍ മുസ്ലിങ്ങളുടെ വോട്ട് മാത്രമേ അവര്‍ക്ക് വേണ്ടൂ എന്ന് തോന്നും. ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടി 70 ശതമാനത്തിലധികം ഉണ്ട് എന്നുള്ള കാര്യം ഇവര്‍ മറന്നു പോവുന്നു. ബൊക്കോ ഹറാം, ഇസ്ബുല്ലാ, ഹൂതികള്‍, ഐഎസ്‌ഐഎസ്, ഇസ്ലാമിക് ബ്രദര്‍ഹുഡ് തുടങ്ങിയവയുടെ ഗണത്തില്‍ വരുന്ന തീവ്രവാദ ഗ്രൂപ്പാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഈ ബന്ധം ഇരുമുന്നണികള്‍ക്കും നഷ്ടക്കച്ചവടം ആയിരിക്കും.
എഫ്‌സിആര്‍എ ബില്ലില്‍ ക്രൈസ്തവ സഭകള്‍ക്ക് ആശങ്കപ്പെടേണ്ടതുണ്ടോ?
ഇല്ല. ആശങ്കയുണ്ടെങ്കില്‍ ദൂരീകരിക്കാം എന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുമുണ്ടല്ലോ. ഇവിടെ സിഎഎയുടെ പേരിലും എസ്‌ഐആറിന്റെ പേരിലും വഖഫ് നിയമത്തിന്റെ പേരിലും മുസ്ലിങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിച്ചതുപോലെ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും
ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കുകയാണ്.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) ഈ തെഞ്ഞെടുപ്പില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കും?
എസ്‌ഐആര്‍ കേരള തെരഞ്ഞെടുപ്പ് സംശുദ്ധമാക്കും. ഏറ്റവും വലിയ നഷ്ടം കള്ളവോട്ട് പതിവാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. ഇരട്ട വോട്ടും മരിച്ച വോട്ടും ഒന്നും ഇനി നടക്കില്ല. സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ടിന് ഇതോടെ അന്ത്യമാകും.
എന്‍ഡിഎ മുന്നോട്ട് വച്ച വികസനം ചര്‍ച്ച ചെയ്യാന്‍ ഇരുമുന്നണികളും നിര്‍ബന്ധിതമായിരിക്കുകയാണല്ലോ?
ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫും യുഡിഎഫും വികസന ടച്ചുള്ള പ്രകടനപത്രിക അവതരിപ്പിച്ചതു ബിജെപിയുടെ സ്വാധീനംകൊണ്ടു തന്നെയാണ്. വികസിത കേരളമെന്ന ബിജെപിയുടെ മുദ്രാവാക്യം ഈ രണ്ടുകൂട്ടരേയും ഒരേ പോലെ സ്വാധീനിച്ചു. പക്ഷേ, വികസന രാഷ്‌ട്രീയത്തിന്റെ വക്താവും പ്രയോക്താവും നരേന്ദ്ര മോദിയാണെന്ന് ജനങ്ങള്‍ക്കറിയാം. മോദിയുടെ പിന്തുണയുള്ള ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന് മാത്രമേ വികസിത കേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ എന്നും ബോധ്യമുണ്ട്. ഇടതിന്റെയും വലതിന്റേയും നടക്കാത്ത വികസന പദ്ധതികളൊന്നും ജനം അംഗീകരിക്കില്ല.
എന്‍ഡിഎയ്‌ക്ക് എത്ര സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍?
അതു പറയാന്‍ ഞാന്‍ ആളല്ല. സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ഒരു കാര്യം വ്യക്തമായി പറയുന്നുണ്ട്. മത്സരം കടുകട്ടിയാണ്. ത്രികോണപ്പോര് ആണ്. തൂക്ക് മന്ത്രിസഭയ്‌ക്ക് സാധ്യതയുണ്ട്. കേരളം ആര് ഭരിക്കണം എന്ന് നിര്‍ണയിക്കുന്ന ശക്തിയായി എന്‍ഡിഎ മാറും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒട്ടുമിക്ക ജില്ലയിലും ഞാന്‍ പോയി. ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്‌ട്രീയ ജാതകം തിരുത്തി എഴുതും.
















