തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന രണ്ട് ആത്മഹത്യകള്‍ കേരള മനസ്സാക്ഷിയെ നടുക്കുന്നതായി. സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന് നടത്തിയ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേല്‍ശാന്തി ആത്മഹത്യ ചെയ്യാനിടയായത് ആരെയും നടുക്കുന്ന സംഭവമാണ്. ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ 15 വര്‍ഷത്തിലേറെയായി പൂജ ചെയ്യുന്ന വിഷ്ണു എന്ന യുവാവാണ് കടകംപള്ളിയുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചിലരുടെയും തെറ്റായ നടപടികളെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ ആത്മഹത്യ ചെയ്തത്. ഉത്സവ സമയത്ത് ഈ ക്ഷേത്രത്തിലെത്തിയ കടകംപള്ളി പൂജാരിയായ വിഷ്ണുവില് നിന്ന് തീര്‍ത്ഥവും പ്രസാദവും വാങ്ങി ക്ഷേത്ര ശ്രീകോവിലിന്റെ മുന്നില്‍ വച്ചുതന്നെ നിലത്തിട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, തനിക്ക് ഇതിലൊന്നും വിശ്വാസമില്ലെന്നാണ് മുന്‍ ദേവസ്വം മന്ത്രി പറഞ്ഞത്.
വിശ്വാസമില്ലെങ്കില്‍ തീര്‍ത്ഥവും പ്രസാദവും വാങ്ങേണ്ടിയിരുന്നില്ലെന്ന് പൂജാരി വിഷ്ണു പറഞ്ഞത് കടകംപള്ളിയെ പ്രകോപിപ്പിച്ചു. കടകംപള്ളിയുടെ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിക്കാര് ഉത്സവത്തിന് ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കുന്നതില്‍ നിന്ന് വിഷ്ണുവിനെ മാറ്റി. ഇതില്‍ മനംനൊന്താണ് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ഈ ദേവീ ഉപാസകന് ജീവനൊടുക്കിയത്. കടകംപള്ളി ഉള്‍പ്പെടെയുള്ള കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കണം.
കടകംപള്ളി സുരേന്ദ്രന്റെ ആചാര ലംഘനം ചോദ്യം ചെയ്തതിനു ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൂജാരിയായ വിഷ്ണുവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരുന്നു. ഇതുവഴി കടുത്ത മാനസിക പീഡനമാണ് ഈ യുവാവ് അനുഭവിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതും. ഭക്തരെ കബളിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ വരുന്ന സിപിഎം നേതാക്കളും ഇടതുമന്ത്രിമാരും ചെയ്യുന്നതു തന്നെയാണ് കടകംപള്ളിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ക്ഷേത്രങ്ങള്‍ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. നിരീശ്വരവാദികളായ ഇക്കൂട്ടര്‍ ക്ഷേത്രാചാരങ്ങള്‍ പിന്തുടരുന്നില്ലെന്ന് മാത്രമല്ല, പരസ്യമായി നിന്ദിക്കുന്നതും ഇതുകൊണ്ടാണ്. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് ശബരിമലയില്‍ ഇവര്‍ ചെയ്തുകൊണ്ടിരുന്നതും മറ്റൊന്നല്ല. എന്നിട്ടാണ് തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ ശബരിമലയില്‍ ആചാരം സംരക്ഷിക്കുമെന്ന് യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ കോടതിയില്‍ ചെന്ന് പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവര്‍ വീണ്ടും തനിനിറം പുറത്തെടുക്കും. എന്തുവിലകൊടുത്തും ഈ ക്ഷേത്രവിരുദ്ധരെ ഒറ്റപ്പെടുത്തണം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണം.
വൈക്കത്ത് തലയാഴം സിപിഐ ഓഫീസില്‍ ഒരു കര്ഷകന് തൂങ്ങിമരിച്ചതും ഇടതുപാര്‍ട്ടികളുടെ കണ്ണില്‍ ചോരയില്ലാത്ത മനോഭാവത്തിന് തെളിവാണ്. സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാര്‍ഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടാണ് ചെല്ലപ്പന് എന്ന സാധു കര്ഷകന് ജീവനൊടുക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഈ കര്ഷകന് സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കൃഷി നശിപ്പിച്ചെന്നും, കാര്‍ഷിക ഗവേഷകനായ തന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി അനുവദിച്ചില്ലെന്നും ചെല്ലപ്പന് നേരത്തെ ആരോപിച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാന്‍ പല കുറി ശ്രമിച്ചിട്ടും അനുമതി നല്‍കിയില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതായും ചെല്ലപ്പന് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് നിരവധി കര്‍ഷകര്‍ ജീവനൊടുക്കിയിരുന്നു. ഈ ഭരണം അവസാനിക്കുന്ന നിമിഷത്തിലും അത് തുടരുകയാണ്. പുനലൂരില്‍ ഇതേ സിപിഐക്കാര്‍ ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരില്‍ വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ അനുവാദിക്കാതെ മനംനൊന്ത് സുഗതന് ആചാരി എന്നയാള്‍ ആത്മഹത്യ ചെയ്തത് ആരും മറന്നിട്ടില്ല.
മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ കോടിക്കണക്കിന് മനുഷ്യരെയാണല്ലോ കൊന്നൊടുക്കിയിട്ടുള്ളത്. ഈ പാരമ്പര്യമാണ് സിപിഎമ്മും സിപിഐയും ഇടതു പാര്‍ട്ടികളും പിന്തുടരുന്നത്. മനുഷ്യരെ മൃഗീയമായി കൊന്നൊടുക്കുക മാത്രമല്ല, കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്നതും സിപിഎമ്മിന്റെ പതിവ് രീതിയാണ്. ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ ജനങ്ങള്‍ ഇത് കണ്ടതാണല്ലോ. ഇപ്പോഴിതാ ഒരു യുവാവിനെ പൈശാചികമായി കൊലപ്പെടുത്താന്‍ നേതൃത്വം നല്കിയ കാരായി രാജന് എന്ന വ്യക്തിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നു. പാര്‍ട്ടി സഹയാത്രികരായ സാഹിത്യകാരന്മാര് മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ നടപടിയെയും ന്യായീകരിക്കുകയും ചെയ്യുന്നു. മാനവികതയെ കുറിച്ചും മനുഷ്യന്റെ നന്മയെ കുറിച്ചും വാചാലരാവുന്ന സാംസ്കാരിക നായകന്മാര് ഇതിനു നേര്‍ക്ക് കണ്ണടയ്ക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്.















