ആലപ്പുഴ : സി പി എം വിട്ട് അമ്പലപ്പുഴയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് പരാതി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
കൈവശം പണം ഇല്ല എന്ന് സത്യവാംഗ് മൂലത്തില്‍ രേഖപ്പെടുത്തി.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരാഴ്ച മുന്‍പ് സുധാകരന്റെയും ഭാര്യ ജൂബിലി നവപ്രഭയുടെയും അക്കൗണ്ടിലേക്ക് മാറ്റിയത് അനധികൃതമായി സമ്പാദിച്ച പണമാണെന്നാണ് ആരോപണം. മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം അമ്പലപ്പുഴയില്‍ സിപിഎം-എസ്ഡിപിഐ നേതാക്കള്‍ വോട്ടര്‍മാരെ തടയാന്‍ ശ്രമിക്കുന്നുവെന്ന് ജി സുധാകരന്‍ ആരോപിച്ചു. തന്നെ തോല്‍പ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാതിരിക്കാന്‍ ശ്രമമുണ്ട്. അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചു.
സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ലോക്കല്‍ കമ്മിറ്റിയംഗം അരുണ്‍ ലാല്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാടത്ത് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സുധാകരന്‍ ഹര്‍ജി നല്‍കിയത്.
















