ന്യൂദൽഹി: ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിശ്വാസ വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് 246 പേജുള്ള വാദം എഴുതി നൽകിയത്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറും. പുരുഷന്മാരും സ്‌ത്രീകളും ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ഈ ആചാരം പാലിക്കുന്നുണ്ട്. ഒന്നോ രണ്ടോപേർക്ക് വേണ്ടി ഈ ആചാരത്തിൽ കോടതി ഇടപെടാൻ പാടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ശബരിമല യുവതി പ്രവേശന വിലക്ക് ഏകപക്ഷീയമല്ല. ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിധിയെയും കേന്ദ്രം സുപ്രീം കോടതിയിൽ ശക്തമായി എതിർത്തു. വിദേശ രാജ്യങ്ങളിലെ കോടതികൾ പുറപ്പെടുവിക്കുന്ന വിധി അതുപോലെ ഇന്ത്യയിൽ പകർത്തുന്നത് ശരിയായ പ്രവണതയല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പഞ്ചാബിൽ രജിസ്റ്റർ ചെയ്‌ത സംഘടനയാണ് ശബരിമലയിൽ യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഈ സംഘടനയ്‌ക്ക് ശബരിമലയെക്കുറിച്ച് അറിയില്ലെന്നും കേന്ദ്രസർക്കാർ വാദത്തിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുത് എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ആ നിലപാട് തന്നെയാണ് ഇപ്പോഴും ആവർത്തിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഒൻപതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്‌മാല ബാഗ്ചി എന്നിവരും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.
















